കൊച്ചി: ആദ്യകാല ചലച്ചിത്ര നിർമ്മാതാവ് ടി ഇ വാസുദേവൻ അന്തരിച്ചു. 97 വയസായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രഥമ ജെ സി ഡാനിയൽ പുരസ്‌കാര ജേതാവാണ്. കൊച്ചി പനമ്പള്ളി നഗറിലെ വസതിയിലായിരുന്നു അന്ത്യം. അമ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 1051 സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്.

അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്, കുട്ടിക്കുപ്പായം, സ്‌നേഹ സീമ, പുതിയ ആകാശം പുതിയ ഭൂമി, കണ്ണൂർ ഡീലക്‌സ്, ഭാര്യമാർ സൂക്ഷിക്കുക എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് അദ്ദേഹമാണ്.

1917 ജൂലൈ 16 ന് തൃപ്പൂണിത്തറയിലാണ് ടി ഇ വാസുദേവൻ ജനിച്ചത്. 1940 ൽ അദ്ദേഹം അസോസിയേറ്റഡ് പിക്‌ചേഴ്‌സ് എന്ന വിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1950 ൽ മാരുതി പിക്‌ചേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചാണ് അദ്ദേഹം നിർമ്മാണമേഖലയിലേക്ക് തിരിഞ്ഞത്.

മലയാള ശബ്ദസിനിമയുടെ ആരംഭത്തിനു മുൻപു തന്നെ ഈ രംഗത്തുള്ള വ്യക്തിയാണ് വാസുദേവൻ. ബാലൻ പുറത്തിറങ്ങിയ 1938ൽ ഇദ്ദേഹത്തിന് തിയറ്റർ സ്വന്തമായുണ്ടായിരുന്നു. വിവിധ ഭാഷകളിൽ അന്നു പുറത്തിറങ്ങിയ നിരവധി സൂപ്പർഹിറ്റുകൾ മലയാളികളെ കാണിച്ചത് ടി ഇ വാസുദേവനാണ്.

മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടംബച്ച കോട്ടിന്റെയെല്ലാം വിതരണം വാസുദേവന്റെ കമ്പനിയാണ് ഏറ്റെടുത്തത്. ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റി, എൻ.എഫ്.ഡി.സി. സ്‌ക്രിപ്റ്റ് കമ്മിറ്റി, സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ അംഗമായും, പത്തു വർഷത്തിലേറെക്കാലം മലയാള ചലച്ചിത്ര പരിഷത്ത് പ്രസിഡന്റായും നാലു വർഷം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസ്സിയേഷൻ പ്രസിഡന്റായും രണ്ടു വർഷം ഫിലിം ചേമ്പർ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.