പറവൂർ: ചാനൽ ചർച്ചകളിൽ ഹിന്ദു സംരക്ഷക വേഷം കെട്ടുന്ന ബിജെപി സൈഗദ്ധന്തികൻ ടി ജി മോഹൻദാസ് വർഗീയ പ്രസംഗവുമായി രംഗത്ത്. ഹിന്ദുവിന് നീതി ലഭിക്കാൻ തെരുവിൽ കലാപം ഉണ്ടാക്കണമെന്ന ആഹ്വാനമാണ് ടി ജി മോഹൻദാസ് നടത്തിയത്. തെരുവിൽ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതികിട്ടില്ല. പറവൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ടി.ജി.മോഹൻദാസ് വിവാദ പ്രസ്താവന നടത്തിയത്.

'തളർച്ച ബാധിച്ചിരിക്കുകയാണ് നമുക്ക്. അതിൽ നിന്ന് മോചിതരാകണം. കോടതികളിൽ നിന്ന് തത്ക്കാലം ആശ്വാസം ലഭിച്ചെന്ന് വരാം. എന്നാൽ ജീവിതകാലം മുഴുവൻ കോടതിയുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദു ചെയ്യേണ്ട ജോലി. 1982-ൽ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ.കരുണാകരനെ പോലെയുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താൻ നമുക്ക് കഴിഞ്ഞെങ്കിൽ ഇന്ന് എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല',

'കളങ്ക രഹിതമായി ഒരു കാര്യം ഞാൻ പറയുകയാണ്. തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവിൽ കലാപം നടത്താൻ തയ്യാറുണ്ടോ എങ്കിൽ നിങ്ങൾക്ക് നീതി കിട്ടും. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങി നടക്കേണ്ടി വരും. കോടതികളിൽ വിശ്വാമില്ല എന്ന് ഞാൻ പറയുന്നില്ല. എന്നാൽ ആത്യന്തികമായി കോടതിയുടെ വരാന്തയിൽ കണ്ണീരോടെ നിൽക്കേണ്ടവരല്ല നമ്മളെന്നും മോഹൻ ദാസ് പറയുന്നു. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്'.

അന്തസ്സില്ലാത്ത ജീവിതത്തേക്കാൾ എത്രയോ നല്ലതാണ് മരണമാണെന്ന് പറഞ്ഞാണ് മോഹൻദാസ് പ്രസംഗം അവസാനിപ്പിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ പേരിൽ ടി ജി മോഹൻദാസിനെതിരെ നിരവധി പേർ സൈബർ ലോകത്തുടെ രംഗത്തു വന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് മോഹൻദാസിനെതിരെ കേസെടുക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

നേരത്തെയും നിരവധി വിദ്വേഷ പ്രസ്താവനകൾ നടത്തി വിവാദത്തിലായ ആളാണ് ടി ജി മോഹൻദാസ്. അർത്തുങ്കൽ പള്ളി ഒരു ശിവ ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നുമുള്ള ടി ജി മോഹൻദാസിന്റെ ട്വീറ്റിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് മോഹൻദാസിനെതിരെ കേസെടുത്തത്. എന്നാൽ മറ്റു നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ പണം സർക്കാർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വ്യാപക പ്രചരണം നടത്തിയതിന്റെ പേരിലും ടി ജി മോഹൻദാസ് വിവാദങ്ങൾക്ക് ഇടം പിടിച്ചിരുന്നു.