ചാനലുകളിലെ അന്തിചർച്ചകൾ കൊഴുപ്പിക്കാനെത്തുന്ന നേതാക്കളിൽ പൊടുന്നനെ താരമായി മാറിയ വൃക്തിയാണ് ബിജപി ബൗദ്ധിക് സെൽ കൺവീനറായ ടി.ജി.മോഹൻദാസ്. ഗുജറാത്തിലെ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങളുടെ പ്രശ്‌നം തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളിലൂടെ ശ്രദ്ധേയനായ ടിജി ട്രോളർമാരുടെയും ഇഷ്ടകഥാപാത്രമാണ്.ജനം ടിവിയിൽ പൊളിച്ചെഴുത്ത്, ബാക്കിപത്രം എന്നീ പരിപാടികൾ ചെയ്യുന്ന ടിജിയെ ബിജെപിയുടെ ഔദ്യോഗിക വക്താവാക്കണമെന്ന് കൂടി ചില ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നതും കണ്ടുവരാറുണ്ട്. ഏറ്റവുമൊടുവിൽ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റാണ് ടിജിക്കെതിരെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പൊലീസ് പിടിക്കട്ടെയെന്നും വേറെ ഡെക്കറേഷൻ ഒന്നും വേണ്ടെന്നുമാണ് ടി.ജി മോഹൻദാസ് ട്വിറ്ററിലൂടെ പറയുന്നത്.സത്യം പറയണം, മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമപ്രവർത്തകരുണ്ട് കേരളത്തിലെന്നും നാട്ടുകാരുടെ കാര്യം പോട്ടെയെന്നും മോഹൻദാസ് പറയുന്നു.

സിദ്ധരാമയ്യ ചതിച്ചു. ഇനി സിദ്ധാർഥ് വരദരാജൻ തുണയ്ക്കണമെന്നുമാണ് മറ്റൊരു ട്വീറ്റ്. ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണം ആർഎസ്എസ് എന്നു തന്നെ കൊടുക്കണമെന്നു പറയാൻ ഇന്നും 'മാധ്യമ പ്രവർത്തകർ' ഉണ്ടാവുമെന്നും വാട്‌സാപ്പ് ഒന്ന് ശ്രദ്ധിക്കണമെന്നുകൂടി ഇദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരേയും ടി.ജി മോഹൻദാസ് പരിഹസിക്കുന്നുണ്ട്.
ഹലോ രാമയ്യാസ്സാർ ഇത് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പ്രവർത്തകയാ സാർ, ഏതെങ്കിലും ഒരു രാമസേന, ഒരു സനാതൻ, എന്തെങ്കിലും ഒന്നു വേണം സാർ .. പ്ലീസ് എന്നാണ് മോഹൻദാസിന്റെ പരിഹാസം.

ടിജി മോഹൻദാസിന്റെ ട്വീറ്റുകളുടെ ഔചിത്യത്തെ ചോദ്യം ചെയ്ത് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിരക്കുന്നത്. അയ്യോ വെറും ചളികോമഡിയെന്നും, നരഭോജി ദാസെന്നും ചിലർ വിമർശിക്കുന്നു. മരിച്ച വൃക്തിയെ കുറിച്ച് തമാശ പറയുന്നോ, അതും ഒരേ ജോലി ചെയ്യുന്ന മറ്റൊരു മാധ്യമ പ്രവർത്തകയുടെ മരണത്തിൽ എന്ന ചോദ്യവും ഉയരുന്നു.

 സത്യം പറയണം. മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവർത്തകരുണ്ട് കേരളത്തിൽ? നാട്ടുകാരുടെ കാര്യം പോട്ടെ

- mohan das (@mohandastg) 6 September 2017

അതേസമയം ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് വ്യാജ പ്രചരണവുമായി എത്തുന്നത്.
ആളുകളെക്കുറിച്ചു അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിർന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചുവെന്നാണ് മാധ്യമപ്രവർത്തകനും സംഘപരിവാർ സൈബർ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന കോട്ടയം സ്വദേശിയുമായ അഭിലാഷ് ജി നായരുടെ പോസ്റ്റ്.ഗൗരി ലങ്കേഷ് ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചുപോന്നിരുന്ന നക്‌സൽ സംഘടനയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കർണ്ണാടക പൊലീസ് സംശയിക്കാൻ കാരണം കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പ് അവർ ചെയ്ത ഈ ട്വീറ്റുകളാണ് എന്നുപറഞ്ഞുകൊണ്ട് ഗൗരി ലങ്കേഷിന്റെ ചില ട്വീറ്റുകൾ എടുത്ത് ഷെയർ ചെയ്തിട്ടുമുണ്ട് ഇയാൾ.
അല്ലെങ്കിലും വെടികൾ വെടി പൊട്ടിയാണ് മരിക്കുന്നതെന്നും പടുകിളവി നക്‌സലൈറ്റ് ആണെന്നും ഇനി നരകത്തിൽ പോയി സിന്ദാബാദ് വിളിക്കാമെന്നുമാണ് കമന്റുകൾ.