തിരുവനന്തപുരം: ക്ഷേത്ര വരുമാന വിഷയത്തെ കുറിച്ച് ചർച്ചകളിൽ സോഷ്യൽ മീഡിയയിൽ ടിജെ മോഹൻദാസ് എന്ന സംഘപരിവാർ നേതാവിന് തിരിച്ചടിമാത്രമാണ് ലഭിക്കുന്നത്. ക്ഷേത്രവരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുത്തിട്ടില്ലെന്ന വാദം പറഞ്ഞു പറഞ്ഞു പൊളിക്കാൻ ശ്രമിച്ചാണ് ജ മോഹൻദാസ് പുലിവാല് പിടിച്ചത്. ഇതെല്ലാം ഒരു വീഡിയോ ആക്കി ടി ജി മോഹൻദാസ് ''ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!! എന്ന തലകെട്ടോടു കൂടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ചർച്ചകൾ സജീവമാക്കി. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സംഘപരിവാർ പത്രമായ ജന്മഭൂമിയിൽ പരമ്പര എഴുതുകയാണ് മോഹൻദാസ്.

കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ ബാങ്കുകളിൽ അടക്കം വിവിധ ഇടങ്ങളിലായി പണം നിക്ഷേപിച്ചിരുന്നു. 41 ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിനൊപ്പം നിക്ഷേപിച്ചിരുന്നതാണ് നാല് ട്രഷറി അക്കൗണ്ടുകളിലായി സൂക്ഷിച്ച 13 ലക്ഷം രൂപ. ഇതാണ് സർക്കാർ ട്രഷറികളിൽ ദേവസം പണമെത്തുന്നതിന്റെ വാദമായി മോഹൻദാസ് ഉയർത്തുന്നത്. നിയമസഭയിൽ മന്ത്രി നൽകിയ സബ്മിഷനിൽ ദേവസം പണം ട്രഷറിയിൽ നിക്ഷേപിക്കുന്നില്ലെന്ന് വ്യക്തമായി തന്നെ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയിലൂടെ ടിജെ മോഹൻദാസ് വീണ്ടുമെത്തുന്നത്. ദേവസം മന്ത്രി ശിവകുമാറിനെ എല്ലാ അർത്ഥത്തിലും കളിയാക്കിയാണ് ആദ്യ ലേഖനം. തുടരുമെന്നും പറയുന്നു.

ജന്മഭൂമിയിലെ ടിജെ മോഹൻദാസിന്റെ ലേഖനം വായിക്കാം

മിസ്റ്റർ ശിവകുമാർ, അങ്ങ് നുണ പറഞ്ഞ് ജനങ്ങെള വിഡ്ഢികളാക്കുന്നു
ടി.ജി. മോഹൻദാസ്

ട്രഷറിയിൽ അടച്ചതിന്റെ രേഖ. അക്കൗണ്ട് സജീവമാണെന്നതിന്റെ സൂചനയാണ് അതിലെ ചില്ലറപ്പൈസക്കണക്ക് ദേവസ്വത്തിൽനിന്നും ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ല എന്നും കാശ് അങ്ങോട്ടാണ് കൊടുക്കുന്നതെന്നും ദേവസ്വം മന്ത്രി ശ്രീ. വി എസ്. ശിവകുമാർ നിയമസഭയിൽ അഭിമാനപൂർവം വെളിപ്പെടുത്തി. ഹിന്ദുസംഘടനകൾ വെള്ളത്തിന് തീപിടിക്കുന്ന നുണകൾ പ്രചരിപ്പിക്കുകയാണ് എന്ന ആക്ഷേപത്തോടുകൂടിയ ഒരു സബ്മിഷൻ വി.ഡി. സതീശൻ നടത്തിയതിന് മറുപടിയായിട്ടാണ് മന്ത്രി ഈ വിശദീകരണം നൽകിയത്.

എന്നാൽ ദേവസ്വത്തിന്റെ മൊത്ത വരുമാനം എത്രയാണെന്നോ മൊത്തം ചെലവ് എത്രയാണെന്നോ നീക്കിയിരുപ്പ് എത്രയാണെന്നോ അത് എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നോ ദേവസ്വം മന്ത്രി വെളിപ്പെടുത്തിയില്ല. ഈ കണക്കുകൾ അറിയാതെ ദേവസ്വത്തിന്റെ പണം സർക്കാർ എടുത്തോ എടുത്തില്ലയോ എന്ന് തിരിച്ചറിയാൻ സാധ്യമല്ല. അങ്ങനെ നോക്കുമ്പോൾ ദേവസ്വം മന്ത്രി നിയമസഭയെയും ജനങ്ങളെയും വിഡ്ഢികളാക്കുകയായിരുന്നുവെന്ന് വേണം കരുതാൻ.

ദേവസ്വം മന്ത്രിയുടെ ഗീർവാണം ശ്രദ്ധിക്കുക റോഡ്, പാലം, കലുങ്ക്, ആശുപത്രി തുടങ്ങിയവ നിർമ്മിക്കാനായി ഏകദേശം 540 കോടി രൂപ സർക്കാർ ചെലവാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതെല്ലാം ക്ഷേത്രങ്ങൾക്കുവേണ്ടിയുള്ള ചെലവാണ് എന്ന വിചിത്രമായ വാദവും ഉന്നയിക്കുന്നു. ഇക്കണക്കിന് എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള ഹൈവേ പണിഞ്ഞത് എറണാകുളത്തപ്പനും വടക്കുംനാഥനും വേണ്ടിയാണെന്നും അങ്ങനെ കോടിക്കണക്കിന് രൂപ ഈ രണ്ട് ക്ഷേത്രങ്ങൾക്കും വേണ്ടി സർക്കാർ ചെലവാക്കിയെന്നും ഈ മന്ത്രി വാദിച്ചാൽ അത്ഭുതപ്പെടാനില്ല.

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന മട്ടിലാണ് വി.ഡി.സതീശൻ മന്ത്രിയുടെ കൂടെക്കൂടിയിരിക്കുന്നത്. ദേവസ്വത്തിൽനിന്നും ഒരു രൂപയെങ്കിലും സർക്കാർ ട്രഷറിയിലേക്ക് മാറ്റിയതിന്റെ തെളിവുകൾ ഹാജരാക്കാൻ സതീശൻ ഹിന്ദു സംഘടനാ നേതാക്കളെ വെല്ലുവിളിക്കുന്നു. ഇതേ ആവശ്യം വെളിച്ചപ്പാടു തുള്ളുന്ന ആവേശത്തോടെയാണ് തൃത്താല എംഎൽഎ വി.ടി.ബൽറാം ആവർത്തിക്കുന്നത്. ഈ രണ്ട് എംഎൽഎമാരുടെ അറിവിലേക്കായി ഒരുരൂപയല്ല പതിമൂന്നരലക്ഷം രൂപ ട്രഷറിയിലേക്ക് അടച്ചതിന്റെ വിവരാവകാശ രേഖയുടെ പകർപ്പ് ഇവിടെ ഹാജരാക്കട്ടെ.

ഇത് വെറും നാല് സബ് ട്രഷറികളിലെ കണക്ക്. അതും കൊച്ചി ദേവസ്വത്തിന്റെ മാത്രം. തിരുവിതാംകൂർ, മലബാർ ദേവസ്വങ്ങളിൽനിന്നും ഗുരുവായൂർ, കൂടൽമാണിക്യം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ ഭരണസമിതികളിൽനിന്നും എത്ര പണം ട്രഷറികളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ട്രഷറിയിൽ പണം നിക്ഷേപിച്ചത് തെറ്റാണെന്നോ ശരിയാണെന്നോ അല്ല ഇവിടെ വാദിക്കുന്നത്. ട്രഷറിയിൽ നിക്ഷേപിച്ചിട്ടേയില്ല എന്ന വാദം നുണയാണ് എന്ന് തെളിയിക്കുകയാണ് ഈ രേഖകളിലൂടെ ചെയ്യുന്നത്.

എന്തുകൊണ്ട് ഇങ്ങനെയൊരു നുണ സതീശനും ബൽറാമും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നത് മനസ്സിലാകുന്നില്ല. ഈ വിവരം അവരുടെ കൈയിൽ ഇല്ലായിരുന്നുവെന്നാണെങ്കിൽ അതൊരു കുറ്റമല്ല. പക്ഷെ ഇങ്ങനെ ഒരു വ്യാജപ്രസ്താവനയും അതെത്തുടർന്ന് വെല്ലുവിളിയും നടത്തിയതിന്റെ പേരിൽ സതീശനും ബൽറാമും പൊതുസമൂഹത്തോട് മാപ്പു പറയേണ്ടതാണ്. ആ മര്യാദയെങ്കിലും കാണിച്ചില്ലെങ്കിൽ ജനപ്രതിനിധി എന്ന വാക്കിന് അർത്ഥമില്ലാതെ പോകും.

പണം നിക്ഷേപിക്കുന്ന കാര്യം ഇങ്ങനെയിരിക്കുമ്പോൾ സ്വർണനിക്ഷേപത്തിന്റെ കാര്യം എങ്ങനെയാണ് എന്ന് പരിശോധിക്കാം. കൊച്ചി ദേവസ്വം ബോർഡിന്റെ സ്വർണശേഖരത്തിന് 1976 നു ശേഷം കണക്കേയില്ല എന്ന് ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തുന്നു. 201314 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഓഡിറ്റർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. അത് അവരുടെ വാക്കുകളിൽ തന്നെ വായിക്കുക.

1976 നു ശേഷം പണ്ടം, പാത്രം രജിസ്റ്റർ പുതുക്കിയിട്ടില്ല. സ്വർണത്തിന്റെയോ വെള്ളിയുടെയോ മാറ്റ് നിശ്ചയിച്ചിട്ടില്ല. എന്തിന് എണ്ണിനോക്കിയിട്ടുപോലുമില്ല. അളവോ തൂക്കമോ എടുത്തിട്ടില്ല. നാല് പതിറ്റാണ്ടായി ദേവസ്വത്തിന്റെ സെൻട്രൽ സ്റ്റോക്കിലുള്ള സ്വർണം, വെള്ളി, ഓട്, പിച്ചള തുടങ്ങിയ പണ്ടങ്ങളും പാത്രങ്ങളും കണക്കോ കുമ്മട്ടിക്കായോ ഇല്ലാതെ കൂട്ടിയിട്ടിരിക്കുകയാണ് എന്ന കാര്യം വെളിവാക്കിയത് ഹിന്ദുസംഘടനാ നേതാക്കളൊന്നുമല്ല. യോഗ്യന്മാരും പ്രഗത്ഭന്മാരുമായ രാംദാസ് ആൻഡ് വേണുഗോപാൽ എന്ന ഓഡിറ്റർമാരാണ്.

എന്തുപറയാനുണ്ട് ശ്രീ. ശിവകുമാർ? വി.ഡി.സതീശന് ഈ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും മറുപടി പറയാൻ സാധിക്കുമോ? കണക്കില്ലാതെ സൂക്ഷിച്ച മുതൽ കള്ളന്മാർ കൊണ്ടുപോയാൽ എത്ര കൊണ്ടുപോയി എന്നുപോലും തിരിച്ചറിയാൻ കഴിവില്ലാത്ത ദേവസ്വം ബോർഡും അവിടെനിന്നും നയാപൈസ ഞാനെടുത്തിട്ടില്ല എന്ന് അഭിമാനിക്കുന്ന മന്ത്രിയും ചേർന്ന് എന്ത് ഭരണമാണ് ദേവസ്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്? കൊച്ചി ദേവസ്വം ബോർഡിന്റെ ഭീമമായ അഴിമതിക്കഥകൾ ഒരുപാടുണ്ട്. തൽക്കാലം ഇതിവിടെനിൽക്കട്ടെ.