- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെയും നിറഞ്ഞു നിൽക്കുന്ന ഊഷ്മള വ്യക്തിത്വം; അപാരമായ ഓർമ്മ ശക്തിയുടെ ഉടമ; പ്രതിസന്ധിയിൽ ഇളകുകയോ പതറുകയോ ചെയ്യാത്ത ഒരു സ്വഭാവവിശേഷം കൂടപ്പിറപ്പ്; യുപിഎ ഭരണത്തിന്റെ ഏറ്റവും ശക്തമായ തൂൺ; ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാൾ; താൻ അറിയുന്ന പ്രണാബ് മുഖർജിയെക്കുറിച്ച് ടി.കെ.എ.നായർ മറുനാടനോട്
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു പ്രണബ് മുഖർജിയെന്നു മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ.നായർ മറുനാടനോട് പറഞ്ഞു. ഊഷ്മളമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ഓർമ്മശക്തി അപാരമായിരുന്നു. വിശ്വവിജ്ഞാനകോശം പോലുള്ള ഓർമ്മശക്തിയായിരുന്നു അദ്ദേഹത്തിന്റെത്.
ബഹുമുഖമായ കഴിവുള്ള രാഷ്ട്രീയക്കാരൻ ആയിരുന്നു അദ്ദേഹം. പ്രതിസന്ധിയിൽ ഇളകുകയോ പതറുകയോ ചെയ്യാത്ത ഒരു സ്വഭാവവിശേഷം പ്രണബ് മുഖർജിയുടെ കൂടപ്പിറപ്പായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തന കാലത്തും രാഷ്ട്രപതിയായി തുടർന്ന കാലത്തും അദ്ദേഹം ഭരണഘടനയുടെ മൂല്യങ്ങളോടു അദ്ദേഹം തികഞ്ഞ വിധേയത്വം പുലർത്തി. യുപിഎ അധികാരത്തിൽ തുടർന്ന രണ്ടു തവണയും യുപിഎ ഭരണത്തിന്റെ ഏറ്റവും ശക്തമായ തൂൺ പ്രണാബ് മുഖർജി ആയിരുന്നു. ഈ രീതിയിലുള്ള റോൾ ആണ് അദ്ദേഹം കൈകാര്യം ചെയ്തത്.
അദ്ദേഹം മികച്ച പ്രതിരോധമന്ത്രിയായിരുന്നു. ധനകാര്യവും അതേ രീതിയിൽ തന്നെ അദ്ദേഹം കൈകാര്യം ചെയ്തു. വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുമ്പോഴും അതീവ പ്രാവീണ്യം ആ വകുപ്പിലും അദ്ദേഹം പ്രകടിപ്പിച്ചു. വ്യക്തിപരമായ അടുപ്പമല്ല ഔദ്യോഗികമായ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. അതിന്നിടയിൽ അദ്ദേഹം രാഷ്ട്രപതിയായി മാറുകയും ചെയ്തു-ടി.കെ.നായർ പറയുന്നു.
അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ രാഷ്ട്രപതിയായി മാറുകയും ചെയ്ത പ്രണബ് മുഖർജി(85)യുടെ അന്ത്യം ഇന്നു വൈകിട്ടോടെ ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. നേരത്തെ നടന്ന പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
2019-ൽ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചു. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം, എഐസിസി ട്രഷറർ, കോൺഗ്രസ് പാർലമെന്റ് കക്ഷി ട്രഷറർ, എഐസിസിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡൈ്വസറി സെൽ അധ്യക്ഷൻ, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു മാത്രം സ്വന്തമാണ്. ഇന്ത്യ യുഎസ് ആണവ കരാർ നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. മുൻ രാഷ്ട്രപതിയുടെ വിയോഗ വാർത്തയ്ക്കു പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സെപ്റ്റംബർ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.