- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റിലെത്തും മുമ്പ് കോളമിസ്റ്റായി പേരെടുത്തു; കണ്ണാടിയിലൂടെ ആശ്വാസം പകർന്നത് ആയിരങ്ങൾക്ക്; മിമിക്രി കലാകാരന്മാർ അനുകരിച്ച ഘനഗംഭീര ശബ്ദത്തിന്റെ ഉടമ; ടി എൻ ഗോപകുമാറിന്റെ നഷ്ടം മലയാളത്തിന് താങ്ങാൻ കഴിയുമോ?
തിരുവനന്തപുരം: ഇന്റർനെറ്റും മലയാളം വാർത്താ ചാനലുകളും ഇന്നത്തെ പോലെ സജീവം അല്ലാതിരുന്ന ഒരു കാലം. ചാനലുകളായി ഉള്ളത് ദൂരദർശനും ഏഷ്യാനെറ്റും. അന്ന് വാരാന്ത്യ പരിപാടിയായ കണ്ണാടി പ്രവാസി മലയാളികളുടെ ഇഷ്ടപ്രോഗ്രാം ആയിരുന്നു. ഒരിക്കൽ പരിപാടിയുടെ അവതാരകനായ ടി എൻ ഗോപകുമാറിന് ഗൾഫിൽ നിന്നും ഒരു പ്രവാസി കത്തെഴുതി. കത്തിന്റെ ഉള്ളടക്കം ഇതാ
തിരുവനന്തപുരം: ഇന്റർനെറ്റും മലയാളം വാർത്താ ചാനലുകളും ഇന്നത്തെ പോലെ സജീവം അല്ലാതിരുന്ന ഒരു കാലം. ചാനലുകളായി ഉള്ളത് ദൂരദർശനും ഏഷ്യാനെറ്റും. അന്ന് വാരാന്ത്യ പരിപാടിയായ കണ്ണാടി പ്രവാസി മലയാളികളുടെ ഇഷ്ടപ്രോഗ്രാം ആയിരുന്നു. ഒരിക്കൽ പരിപാടിയുടെ അവതാരകനായ ടി എൻ ഗോപകുമാറിന് ഗൾഫിൽ നിന്നും ഒരു പ്രവാസി കത്തെഴുതി. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു: വർഷങ്ങളായി നാട്ടിൽ പോയിട്ട്.. ഇവിടെ മരുഭൂമിയിൽ ജീവിതം കരിഞ്ഞു തീരുന്നു.. മഴ കാണാൻ കൊതിയാകുകയാണ്. കണ്ണാടിയിലൂടെ ഞങ്ങൾക്ക് വേണ്ടി കേരളത്തിൽ മഴ പെയ്യുന്നത് കാണിച്ചു തരണം. ഒരു പ്രവാസിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളെ മുഖവിലയ്‌ക്കെടുത്ത് കണ്ണാടിയുടെ ഒരു എപ്പിസോഡ് മുഴുവൻ മഴക്കഥകൾ നിറച്ചു സംപ്രേഷണം ടി എൻ ഗോപകുമാർ എന്ന മാദ്ധ്യമപ്രവർത്തകൻ.
ഒരു മാദ്ധ്യമപ്രവർത്തകൻ എങ്ങനെ സമൂഹത്തിൽ ഇടപെടണം എന്നതിന് ചൂണ്ടിക്കാട്ടാൻ ഇതിൽപ്പരം ഒരു ഉദാഹരണം എന്താണ് വേണ്ടത്. അതായിരുന്നു ടി എൻ ഗോപകുമാർ എന്ന മാദ്ധ്യമപ്രവർത്തകന്റെ മഹത്വം. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചപ്പോൾ മലയാള മാദ്ധ്യമ രംഗത്തിന് നഷ്ടമായത് ക്രാന്തദർശിയായ ഒരു വഴികാട്ടിയെ ആയിരുന്നു. മാദ്ധ്യമപ്രവർത്തകർ സെലബ്രിറ്റികളാകുന്ന കാലത്ത് അങ്ങിനെയാകാതെ സാധാരണക്കാരന് വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ടിഎൻജി എന്ന അടുപ്പക്കാർ വിളിക്കുന്ന വ്യക്തിത്വം. ഏഷ്യാനെറ്റ് നൂസ് ചാനലിന്റെ തുടക്കം മുതലുള്ള മേധാവിയായിരുന്നു അദ്ദേഹം. മനുഷ്യനന്മയിൽ വിശ്വസിച്ചിരുന്ന ടിഎൻ ഗോപകുമാറാണ് ജയചന്ദ്രൻ തുടങ്ങിവച്ച പരിപാടിയുടെ കണ്ണാടിയുടെ അമരക്കാരനായിരുന്നത്.
1957ൽ ശുചീന്ദ്രത്താണ് ടി എൻ ഗോപകുമാർ ജനിച്ചത്.നീലകണ്ഠശർമ്മയും തങ്കമ്മയുമാണ് മാതാപിതാക്കൾ. ശുചീന്ദ്രത്തെയും നാഗർകോവിലിലെയും വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ആംഗലസാഹിത്യത്തിൽ എം.എ.ബിരുദം നേടി അദ്ദേഹം. മധുര സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം മാതൃഭൂമി, ന്യൂസ് ടൈംസ്, ടൈംസ് ഒഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ മദിരാശിയിലും തിരുവനന്തപുരത്തും ഡൽഹിയിലുമായി പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
മാതൃഭൂമിയുടെ ന്യൂഡൽഹി ലേഖകനായിരുന്ന ഗോപകുമാർ ഇന്ത്യൻ എക്സ്‌പ്രസ്, ദി ഇൻഡിപ്പെൻഡൻസ്, ഇന്ത്യാ ടുഡേ, ദ സ്റ്റേറ്റ്‌സ്മാൻ, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സിക്കുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മൂന്നര പതിറ്റാണ്ടിലേറെ മാദ്ധ്യമ പ്രവർത്തന രംഗത്ത് പ്രവർത്തിച്ച ടി.എൻ.ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ഡൽഹി, പയണം, മുനമ്പ്, ശൂദ്രൻ, കൂടാരം, ശുചീന്ദ്രം രേഖകൾ, അകമ്പടി സർപ്പങ്ങൾ, വോൾഗാ തരംഗങ്ങൾ, കണ്ണകി തുടങ്ങിയവയാണ് കൃതികൾ.
'ജീവൻ മശായ്' എന്ന ചിത്രവും ദൂരദർശൻ സംപ്രേഷണം ചെയ്ത 'വേരുകൾ' എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡ്, എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യൻ ജേർണലിസ്റ്റ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അർബുദത്തോട് പടവെട്ടിയാണ് അദ്ദേഹം തന്റെ രംഗത്ത് സജീവമായി നിന്നത്. അർബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാദ്ധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങിയത്.
കണ്ണാടി തന്നെയായിരുന്നു ടി എൻ ഗോപകുമാറിനെ ജനകീയനാക്കിയത്. സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സാമൂഹിക ഇടപെടൽ നടത്തുന്ന പരിപാടിയായിരുന്നു കണ്ണാടി. പ്രവാസികളുടെയും കേരള ഗ്രാമങ്ങളുടെയും നിലവിളികൾ സമൂഹത്തിൽ എത്തിയത് ഈ പരിപാടിയിലൂടെയായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുൻപിൽ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങൾക്ക് ആശ്വാസം നൽകുവാൻ ഈ പരിപാടിയിലൂടെ അദ്ദേഹത്തിന് സാധിച്ചു. ഏറെ ജനപ്രിയമായ ഈ പരിപാടിയിലെ ഘനഗംഭീര ശബ്ദത്തിന്റെ ഉടമയെ മിമിക്രി കലാകാരന്മാർ പോലും അനുകരിച്ചിരുന്നു. പല വേദികളിലും മിമിക്രി കലാകാരന്മാർ അദ്ദേഹത്തിന്റെ ശബ്ദത്തെ അനുകരിച്ചതിനെ തികഞ്ഞ സ്‌പോർഡ്‌സ്മാൻ സ്പിരിറ്റോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്.
അടുത്തകാലത്ത് രോഗബാധിതനായി ചികിൽസയിൽ ആയതോടെയാണ് കണ്ണാടിയുടെ സംപ്രേഷണം ഏഷ്യാനെറ്റിൽ ഇടക്കാലം നിർത്തിവച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരൻ ഇല്ലാത്തതിനാൽ ഏറെക്കാലം നിർത്തിവച്ച പരിപാടി പിന്നീട് രോഗമുക്തി നേടി തിരിച്ചെത്തിയപ്പോഴാണ് പുനരാരംഭിച്ചത്. േ്രപക്ഷക ശ്രദ്ധയാകർഷിച്ച ഗോപകുമാറിന്റെ കനത്ത ശബ്ദത്തിൽ 'കണ്ണാടിയുടെ മറ്റൊരു ലക്കത്തിലേക്കു സ്വാഗതം' എന്നു പറഞ്ഞ് തുടങ്ങുന്ന പരിപാടിയിൽ മറ്റൊരു അവതാരകനെ ഇനി പീരീക്ഷിക്കാൻ ഏഷ്യാനെറ്റ് തയ്യാറായേക്കില്ല.
ഇന്ന് ദൃശ്യമാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയെല്ലാം ഗുരുവാണ് ടിഎൻ ഗോപകുമാർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം മലയാളം മാദ്ധ്യമരംഗത്തിന് നികത്താകാൻ സാധിക്കാത്ത വിടവാണ്.