- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുകൾ പാതിയടഞ്ഞു... ആടിക്കുഴഞ്ഞ് സുഹൃത്തിന്റെ തോളിൽ കൈയിട്ട് നിൽപ്പ്; ദൃശ്യങ്ങൾ കണ്ടവർ സൈബറിടത്തിൽ പ്രചരിപ്പിക്കുന്നത് ടി എൻ പ്രതാപൻ മദ്യപിച്ചു ലക്കു കെട്ടെന്ന വിധത്തിലും; പിന്നിൽ സംഘി കമ്മി പ്രൊഫൈലുകളെന്ന് വിശദീകരിച്ച തൃശ്ശൂർ എംപിയും; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതിയും
തിരുവനന്തപുരം: ഗാന്ധിയനും ലഹരി വിരുദ്ധ പ്രചാരകനും അഴിമതി വിരുദ്ധനുമെന്ന നിലയിൽ സ്വയം അറിയപ്പെടുന്ന ആളാണ് കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടിഎൻ പ്രതാപൻ. ലഹരി വിരുദ്ധ പ്രചാരണങ്ങളിൽ മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളോട് ചേർന്നുനിന്നിരുന്നയാളായിരുന്നു അദ്ദേഹം. പ്രതാപന്റെ തന്നെ ഭാഷയിൽ 'തളിക്കുളം സ്കൂളിലെ കെ.എസ്.യു.പ്രവർത്തകനായിരുന്ന നാളുകൾ മുതൽ മദ്യവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രമാണ് എന്റേത്. കോളേജിൽ പഠിക്കുമ്പോൾ അഴിമാവ് മദ്യഷാപ്പിനെതിരായ സമരത്തിൽ എംപി മന്മഥൻ സാറിനൊപ്പവും കുമാരപിള്ള സാറിനൊപ്പവും പങ്കെടുത്തിട്ടുള്ള ആളാണ്. വിദ്യാർത്ഥിയായിരിക്കേ ചെറിയാൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ 'ചാരായമേ വിട..' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച് മദ്യ വ്യാപാരികളിൽ നിന്നും മർദ്ദനമേറ്റുവാങ്ങി തൃശൂർ ജില്ലാ ആശുപത്രിയിൽ കിടന്നയാളാണ് ഞാൻ. എന്നും നിർഭയം ഞാനെന്റെ നിലപാടുകൾക്കൊപ്പം നിന്നിട്ടുണ്ട്. കേരളത്തിലെ സർക്കാറുകളുടെ മദ്യനയങ്ങൾക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചയാൾ കൂടിയാണ് ഞാൻ.'
എന്നാൽ ആദർശരാഷ്ട്രീയത്തിന്റെ പ്രതിച്ഛായയുണ്ടായിരുന്ന ടിഎൻ പ്രതാപൻ ഇപ്പോൾ നിരന്തരമായി വിവാദങ്ങൾപെടുകയാണ്. മുമ്പ് മെഡിക്കൽ വിദ്യാർത്ഥിയായ തന്റെ മകൾ എംബിബിഎസ് പഠിച്ചത് ലുലൂ ഗ്രൂപ്പ് ഉടമ എംഎ യൂസഫലിയുടെ സഹായത്തോടെയാണെന്ന പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഒരു പൊതുപ്രവർത്തകൻ മകളുടെ വിദ്യാഭ്യാസത്തിന് വ്യവസായിയുടെ സഹായം തേടുന്നതിലെ അധാർമികത അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.
ഇപ്പോൾ ടിഎൻ പ്രതാപൻ ഒരു സൽക്കാരത്തിൽ മദ്യപിച്ചനിലയിൽ നിലതെറ്റിയാടുന്ന നിലയിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കുന്ന പ്രതാപന്റെ രണ്ടാമത്തെ പുസ്തകമായ 'ഭ്രാന്ത് പെരുകുന്ന കാല'ത്തിന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാനും എംപീസ് പ്രവാസി കെയറിന്റെ കീഴിൽ വിദ്യാഭ്യാസ നേട്ടം കൈവരിച്ച തൃശൂർകാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകുന്ന ചടങ്ങിലും പങ്കെടുക്കുന്നതിനായാണ് ടിഎൻ പ്രതാപനും കുടുംബവും യുഎഇയിൽ എത്തിയത്. അവിടെ അദ്ദേഹം പങ്കെടുത്ത ഒരു വിരുന്നിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
തിരിച്ച് മടങ്ങുംമുമ്പ് രാത്രിയിൽ കരാമയിലെ അൽ-മിഖാത് ഹോട്ടലിൽ വെച്ച് കൂടിയ പവാസി കെയറിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ഒരാളുടെ തോളിൽ കൈവച്ച് നിൽക്കുകയും മറ്റൊരാളെ രണ്ട് കയ്യും ചേർത്ത് ആശ്ലേഷിക്കുകയും ചെയ്യുന്ന പ്രതാപന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മദ്യപിച്ച് ആടിക്കുഴഞ്ഞ് നിൽക്കുന്നത് പോലെയാണ് അതിൽ പ്രതാപനെ കാണുന്നത്. സമീപത്ത് അച്ചാറും ഒരു സോഫ്റ്റ് ഡ്രിങ്കും സാലഡും വച്ചിരിക്കുന്നത് കാണാൻ കഴിയും. എന്തോ ഭക്ഷണം അദ്ദേഹം ചവച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കണ്ണുകൾ പാതയടഞ്ഞ് ലഹരി തലയ്ക്ക് പിടിച്ച നിലയിലാണ് വീഡിയോയിൽ അദ്ദേഹം കാണപ്പെടുന്നത്.
എന്നാൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ വിമർശനങ്ങളുമായാണ് പ്രതാപൻ രംഗത്തെത്തിയത്. തന്റെ സ്നേഹപ്രകടനത്തെ മദ്യലഹരിയിൽ നിലകെട്ടാതെ ആടിയതാണെന്ന് ആരോപിക്കുന്നവരോട് സഹതാപം മാത്രമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. വെളുക്കെ ചിരിച്ച് കടന്നു പോകുന്ന ഒരു പൊതു പ്രവർത്തകനല്ലായിരുന്നു ഞാൻ. പരിചയപ്പെട്ടവർക്കെല്ലാം ഒരു സ്നേഹസ്പർശമെങ്കിലും നൽകി മനസ്സു തൊട്ടാണ് ഞാൻ ജനങ്ങളെ അറിഞ്ഞും അവരെ മനസിലാക്കിയും കടന്നു വന്നത്. തോളിൽ തട്ടിയും സ്വതസിദ്ധമായ കൈ കൊണ്ടുള്ള കുഞ്ഞു ഇടി നൽകിയും തോളിൽ കയ്യിട്ടും നെഞ്ചോടു ചേർത്തുമാണ് ഞാനെന്റെ തൃശൂർക്കാരെ അറിഞ്ഞതും അവരിലൊരാളായതും.
അത്തരത്തിലൊരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ചും ഞാൻ മദ്യലഹരിയിൽ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേർത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രം. പ്രതാപൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ടി സിദ്ദിഖിനെ ഇതുപോലെ ഇരയാക്കിയതാണ് ഓർമ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
' എന്നെയും എന്റെ വീട്ടുകാരെയും എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നേതാക്കളെയും വളരെ മ്ലേച്ഛമായ രീതിയിൽ അവതരിപ്പിക്കുന്ന ശാഖാ സംസ്കാരമാണ് പലപ്പോഴും എന്റെ പോസ്റ്റുകൾക്ക് താഴെ.' അദ്ദേഹം പറയുന്നു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സൈബർ ബുള്ളിയിങ് നടത്തിയവർ വരെയുള്ള മുഴുവൻ ആളുകൾക്കും വേറെ വേറെ പരാതികൾ നൽകി വരികയാണ്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകി. ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകൾ ഈ പോസ്റ്റ് ഇപ്പോൾ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയർ ചെയ്തവർ മുതൽ ഏതെങ്കിലും തരത്തിൽ ആഘോഷിച്ച എല്ലാവർക്കും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദൃശ്യങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പ്രതാപൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. വീഡിയോ ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചവരുടെ ലിങ്കും ഫോൺനമ്പരുമടക്കമാണ് പരാതി.
മറുനാടന് ഡെസ്ക്