തിരുവനന്തപുരം: മുതിർന്ന നേതാക്കൾക്കും സീറ്റുകൾ സ്ഥിരമായി കൈവശം വച്ചിരിക്കുന്ന നേതാക്കൾക്കും കനത്ത അടി നൽകി ടി എൻ പ്രതാപൻ എംഎൽഎ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നാണു ടി.എൻ പ്രതാപൻ അറിയിച്ചത്.

തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കാനുള്ള സന്നദ്ധത അറിയിച്ച് കെപിസിസിക്ക് പ്രതാപൻ കത്തു നൽകി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രതാനിധിധ്യം നൽകണമെന്നും പ്രതാപൻ കത്തിൽ ആവശ്യപ്പെടുന്നു. അതിന് വേണ്ടിയാണ് താൻ മാറിനിൽക്കുന്നതെന്നും പ്രതാപൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.

സ്ഥിരം സീറ്റു കുത്തകയാക്കി വച്ചിരിക്കുന്ന നേതാക്കന്മാർക്കു കനത്ത തിരിച്ചടിയാണ് പ്രതാപന്റെ നടപടി. തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പ്രതാപന്റെ കത്ത് വി എം സുധീരൻ വായിച്ചു. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രതാപനെ അഭിനന്ദിക്കാനും സുധീരൻ മറന്നില്ല.

വി എസ് അച്യുതാനന്ദനെപ്പോലുള്ളവർ ഇതു മാതൃകയാക്കണമെന്നും സുധീരൻ പറഞ്ഞു. അതേസമയം, ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു സുധീരൻ മറുപടി പറഞ്ഞില്ല.

ഇത്തവണ മാത്രം മത്സര രംഗത്ത് നിന്നും മാറിനിൽക്കുകയാണെന്നാണു പ്രതാപൻ പറയുന്നത്. ഡൽഹിക്ക് അയക്കുന്ന കത്തിൽ തന്റെ പേര് ഉൾപ്പെടുത്തേണ്ടെന്നും ഇക്കാര്യം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ താൻ അറിയിച്ചിട്ടുണ്ടെന്നും പ്രതാപൻ കത്തിൽ വ്യക്തമാക്കി. 2001 ലും 2006 ലും നാട്ടികയിൽ നിന്നും കഴിഞ്ഞ തവണ കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതാപൻ നിയമസഭയിലെത്തിയത്.

വിജയസാധ്യതയുള്ള യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നല്കുന്നതിന് വേണ്ടിയാണ് താൻ ഇത്തവണ മാറി നിൽക്കുന്നതെന്നു ഫേസ്‌ബുക്ക് അക്കൗണ്ടിലും പ്രതാപൻ വ്യക്തമാക്കി.

യുവാവായ പ്രായത്തിൽ പാർട്ടി തനിക്ക് സ്ഥാനാർത്ഥിത്വം നൽകുകയും മൂന്നു തവണ വിജയിക്കുകയും ചെയ്തു. അതു പോലെ മറ്റുള്ളവർക്കും അവസരം നൽകണമെന്നുള്ളതു കൊണ്ടാണ് താൻ മാറി നിൽക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എംഎൽഎ ആയ ഞാൻ, എന്റെ നിയോജകമണ്ഡലത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു എന്നാണ് എന്റെ ആത്മാർത്ഥമായ...

Posted by T N Prathapan Mla on Monday, 21 March 2016