തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊളിച്ചുമാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ടി എൻ പ്രതാപന്റെ കത്ത്..! ഇങ്ങനെയൊരു വാർത്ത പുറത്തുവരുമ്പോൾ സ്വാഭാവികമായും അതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമൊക്കെ ഇരിക്കെ പ്രതിപക്ഷ നേതാവിന് ഒരു ഭരണപക്ഷ എംഎൽഎ കത്തെഴുതി എന്നത് വലിയ വാർത്തയുമാണ്. ഇങ്ങനെ പ്രതാപൻ തന്നെയാണ് കത്തെഴുതിയതെന്ന് ധരിച്ച് യുഡിഎഫ് സർക്കാറിനെ വിമർശിച്ച് വി എസ് പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

എന്നാൽ, താൻ ആർക്കും കത്തയച്ചില്ലെന്ന് പറഞ്ഞ് പ്രതാപൻ രംഗത്തുവന്നതോടെയാണ് വിഎസിനും മാദ്ധ്യമങ്ങൾക്കും പറ്റിയ അമളി വ്യക്തമായത്. കത്തെഴുയതിയത് എംഎൽഎ ടി എൻ പ്രതാപൻ ആയിരുന്നില്ല, മറ്റൊരു ടി എൻ പ്രതാപൻ ആയിരുന്നു. ഇതോടെയാണ് വിഷയത്തിൻ ആന്റിക്ലൈമാക്‌സ് ആയത്. എന്തായാലും കത്ത് വിവാദത്തിലൂടെ സംസ്ഥാന സർക്കാർ സുപ്രീംകോടതി ശരിവച്ച ഹൈക്കോടതി വിധി നടപ്പിലാകാത്ത വിഷയം മാദ്ധ്യമങ്ങളിൽ ചർച്ചയായി.

കോൺഗ്രസ് എംഎൽഎ ടിഎൻ പ്രതാപൻ തനിക്ക് കത്തയച്ചുവെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് തെറ്റി. കത്തയച്ചത് മറ്റൊരു പ്രതാപനനാണെന്ന് പിന്നീട് വ്യക്തമായി. സർക്കാരിനെതിരെ താൻ കത്തയച്ചില്ലെന്ന് ടിഎൻ പ്രതാപൻ എംഎൽഎ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി വി എസ് കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് കത്തയച്ചതുകൊച്ചി തമ്മനത്തെ ജനകീയ അന്വേഷണ സമിതി കൺവീനർ ടിഎൻ പ്രതാപനാണെന്ന് വ്യക്തമായത്.

സർക്കാർഭൂമി കൈയേറി നിർമ്മിച്ച പാണാവള്ളിയിലെ വൻ റിസോർട്ട് പൊളിച്ചുകളയണമെന്ന് ഹൈക്കോടതിവിധി ഉണ്ടായിട്ടും, അനങ്ങാത്ത സർക്കാരിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ ടിഎൻ പ്രതാപൻ തനിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിലവിലുള്ള പൊതുസ്ഥിതിയുടെ പ്രതിഫലനമാണെന്ന് ഇതെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. എംഎൽഎ പ്രതാപനാണ് കത്തയച്ചത് എന്ന ധാരണയിൽ ഉമ്മൻ ചാണ്ടിക്ക് കുത്താൻ പറ്റിയ അവസരം എന്ന നിലയിലാണ് പത്രക്കുറിപ്പ് ഇറക്കിയത്.

മുഖ്യമന്ത്രി മുതൽ മന്ത്രിസഭാംഗങ്ങൾ എല്ലാവരും സർക്കാർ ഭൂമിയും സ്ഥാപനങ്ങളും അന്യാധീനപ്പെടുത്തുന്നതിന് മത്സരിക്കുകയാണ്. പാണാവള്ളി മുതൽ മൂന്നാർ വരെയുള്ള സ്ഥലങ്ങൾ ഇങ്ങനെ പണം വാങ്ങി റിസോർട്ട് മാഫിയകൾക്കും കോർപറേറ്റുകൾക്കും നിയമവിരുദ്ധ ഇടപെടലുകൾ വഴി അനുമതി നൽകുന്ന സർക്കാരിന്റെ നീക്കം അടിയന്തിരമായി ഉപേക്ഷിക്കണം. ഇത്തരം നിയമവിരുദ്ധ നടപടികൾ ആവർത്തിച്ചാൽ, കോടതിയിലൂടെയും, ജനകീയപ്രക്ഷോഭത്തിലൂടെയും സർക്കാരിനെ നിലയ്ക്കു നിർത്താൻ പ്രതിപക്ഷം മുന്നിട്ടിറങ്ങുമെന്നും വി എസ് പറഞ്ഞു. ഇതിന് ടിഎൻ പ്രതാപൻ ഉൾപ്പെടെ നീതിയും ന്യായവും നടപ്പാക്കണമെന്നാഗ്രഹിക്കുന്ന കോൺഗ്രസ്, യുഡിഎഫ് നേതാക്കളുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഎസിന്റെ വാർത്താക്കുറിപ്പ് ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആകുകയും ചെയ്തു. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പ്രതാപൻ താൻ കത്തെഴുതിയില്ലെന്ന് എംഎൽഎ പറഞ്ഞത്. തുടർന്ന് ടിഎൻ പ്രതാപൻ അയച്ച കത്ത് വി എസ് പുറത്തുവിട്ടു. ഇതോടെയാണ് തങ്ങളുടെ ഓഫീസിന് അമളി പറ്റിയതാണെന്ന് വിഎസിന് വ്യക്തമായത്. കത്തയച്ച ടിഎൻ പ്രതാപൻ തമ്മനത്തെ ജനകീയ അന്വേണ സമിതിയുടെ കൺവീണറായിരുന്നു.

എന്തായാലും കത്ത് വിവാദത്തോടെ സർക്കാർ സുപ്രീംകോടതി വിധിയും പാലിക്കാത്ത ഒരു വാർത്തയുടെ വിശദാംശയമാണ് പുറത്തുവന്നത്. മിനി മുത്തൂറ്റിന്റെയും കാപ്പികോ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ബന്യൻ ടീ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. 2013ലായിരുന്നു ഉത്തരവ്. പാണാവള്ളി പഞ്ചാത്തതിർത്തിയിൽ തന്നെ ചെറുതുരുത്തുകളിലും കായൽ തീരത്തുമായി പന്ത്രണ്ടോളം റിസോർട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെൽവയൽ നീർത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിർമ്മിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോർട്ടുകളുടെ നിർമ്മാണത്തിന് പഞ്ചായത്തുൾപ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളിൽ നിന്നും റിസോർട്ടുടമകൾക്ക് സഹായം ലഭ്യമായിരുന്നു.

തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടർന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജൂലൈ 25ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോർട്ടുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ റിസോർട്ടുടമകൾ മുഖ്യമന്ത്രിയെ സമീപിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ ആവശ്യം ഉന്നയിച്ചാൽ അനുകൂലമായ എന്തെങ്കിലും നിലപാടടെടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 20തോളം എംഎൽഎമാർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

പാണാവള്ളി നെടിയതുരുത്തിലെ ബന്യൻ ട്രീ റിസോർട്ട് പൊളിക്കാനുള്ള ഉത്തരവും നിലവിലുണ്ട്. എന്നാൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കേണ്ടത് പഞ്ചായത്താണ്. എന്നാൽ പൊളിക്കാനുള്ള ധനശേഷി തങ്ങൾക്കില്ലെന്ന ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പൊളിക്കാൻ തയ്യാറാകാത്തത്. കോടതി ഉത്തരവിനെ അവഗണിച്ച് മുത്തൂറ്റ് കാപ്പികോ റിസോർട്ടിൽ നിർമ്മാണപ്രവർത്തനങ്ങളും നടന്നിരുന്നു. റിസോർട്ട് ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു.