തിരുവനന്തപുരം:നവകേരള കർമ്മ പദ്ധതി കോ - ഓർഡിനേറ്റർ ടി.എൻ.സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി സർക്കാർ. കൂടാതെ സീമ ആവശ്യപ്പെട്ട പ്രകാരം ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാൻ 30-3 - 22 ൽ കൂടിയ മന്ത്രിസഭാ യോഗം അനുമതി നൽകി. ഈ മാസം 4 ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി.

പ്രിൻസിപ്പൽ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എൻ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഐ.എ.എസ് ലഭിക്കുന്നയാൾക്ക് മിനിമം 25 വർഷം സർവീസാകുമ്പോൾ ലഭിക്കുന്ന പദവിയാണ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം. അതാത് കേഡറിൽ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസു കാർക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ , അടിസ്ഥാന ശമ്പളത്തിന്റെ 8 മുതൽ 24 ശതമാനം വീട്ട് വാടക അലവൻസ് ( HRA) ആയും ഇവർക്ക് ലഭിക്കും. എച്ച്. ആർ. എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും. കാർ, പേഴ്സണൽ സ്റ്റാഫ് ( സി.എ, ഡ്രൈവർ, പ്യൂൺ) എന്നിവരും ഇവർക്കുണ്ടാകും. ഫോൺ ചാർജ് , മെഡിക്കൽ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് ടി.എൻ. സീമ ഉയർത്തപ്പെട്ടത്. അതിന്റെ ഭാഗമായാണ് പേഴ്സണൽ സ്റ്റാഫിനെ നീയമിക്കാൻ അനുമതി നൽകിയത്.

ടി.എൻ. സീമയുടെ ശമ്പളം നിശ്ചയിക്കാൻ ഭരണ വകുപ്പിനോട് അടിയന്തരമായി പ്രൊപ്പോസൽ തരണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 3 - 9-21 ൽ ആണ് ടി.എൻ. സീമയെ നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്ററായി നീയമിച്ചത്. ശമ്പളം ധനവകുപ്പ് നിശ്ചയിക്കുന്നതോടെ സെപ്റ്റംബർ 2021 മുതലുള്ള ശമ്പളം ഇവർക്ക് ലഭിക്കും. ശമ്പളം ഉയർത്തുന്നതിന്റെ ഭാഗമായാണ് 17.1.22 ൽ ടി.എൻ. സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതെന്നാണ് ധനകാര്യ വകുപ്പിലെ പേര് വെളിപെടുത്താനാഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്.

8 മാസത്തെ ശമ്പള കുടിശികയും ടി.എൻ സീമക്ക് ലഭിക്കും. ഏകദേശം 18 ലക്ഷം രൂപയോളം പ്രിൻസിപ്പൾ സെക്രട്ടറി പദവി ലഭിച്ചതോടെ ശമ്പള കുടിശികയായി ടി.എൻ. സീമക്ക് ലഭിക്കും. ലൈഫ് , ആർദ്രം, ഹരിത കേരള മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകൾ കൂട്ടിച്ചേർന്നാണ് നവകേരള കർമ്മ പദ്ധതി രൂപീകരിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ഹരിത കേരള മിഷൻ കോ - ഓർഡിനേറ്ററായിരുന്നു ടി.എൻ. സീമ. നവ കേരള മിഷന്റെ തലപ്പത്ത് ചെറിയാൻ ഫിലിപ്പായിരുന്നു. ചെറിയാൻ ഫിലിപ്പിന് പ്രിൻസിപ്പൾ സെക്രട്ടറി പദവി ഇല്ലായിരുന്നു.

നാലു മിഷനും ശമ്പളം നൽകിയ വകയിൽ മാത്രം 3 കോടി രൂപയോളം സർക്കാർ ഖജനാവിൽ നിന്ന് ചെലവായി. മിഷനുകൾ സഖാക്കൾക്ക് ജോലി തരപ്പെടുത്താനുള്ള കേന്ദ്രങ്ങളായി മാറി. രണ്ടാമതും ജയിച്ചു വന്ന പിണറായി ആദ്യം ചെയ്തത് ഈ നാലു മിഷനുകളേയും യോജിപ്പിച്ച് നവകേരള കർമ്മ പദ്ധതി രൂപീകരിക്കുകയായിരുന്നു. റീബിൽഡ് കേരളയും നവകേരള കർമ്മ പദ്ധതിയിലുൾപ്പെടുത്തി. ഏറെ കെട്ടിഘോഷിച്ച റി ബിൽഡ് കേരളയിൽ മെല്ലെപ്പോക്കാണ്. 31000 കോടി രൂപയുടെ നാശനഷ്ടങ്ങൾ പ്രളയത്തെ തുടർന്ന് ഉണ്ടായി എന്ന് വിലയിരുത്തിയ സംസ്ഥാനത്ത് റിബിൽഡ് കേരളക്ക് ലോക ബാങ്കിൽ നിന്ന് ലഭിച്ച പണം പോലും ശമ്പളവും പെൻഷനും നൽകാൻ വക മാറ്റുകയാണുണ്ടായത്.

പ്രളയ ബാധിതർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച് പരാതികൾ ഇപ്പോഴും ബാക്കിയാണ്. 1.50 ലക്ഷം രൂപ മാസ വാടകക്ക് റീബിൽഡ് കേരളക്ക് ഓഫിസും 10 കോടി രൂപയോളം പ്രതിവർഷ ചെലവ് വരുന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സന്നാഹവും ഒരുക്കി എന്നല്ലാതെ പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രവൃത്തികളുടെ 10 ശതമാനം പോലും പൂർത്തീകരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ല. ഇതിന്റെയെല്ലാത്തിന്റേയും തലപ്പത്താണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ടി.എൻ. സീമ നിയമിതയാവുന്നത്. രാജ്യസഭ എംപി യായിരുന്ന ടി.എൻ. സീമക്ക് എംപി പെൻഷനും ലഭിക്കും.

ഒരു ടേം പൂർത്തിയാക്കുന്നവർക്ക് എംപി. പെൻഷൻ 25,000 രൂപയാണ്. പെൻഷന് പുറമേയാണ് ടി.എൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി ശമ്പളം ലഭിക്കാൻ പോകുന്നതും. ഡി.എ , ലീവ് സറണ്ടർ,പെൻഷൻ കുടിശിക തുടങ്ങിയ അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ തടഞ്ഞുവച്ചിരിക്കുമ്പോഴാണ് ടി.എൻ സീമയെ പോലെ വേണ്ടപ്പെട്ടവർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കുന്നത്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)