തിരുവനന്തപുരം: ആദ്യം അത് ആഗ്രഹിച്ചത്  നടൻ സുരേഷ് ഗോപിയായിരുന്നു. മോദിക്ക് വേണ്ടി നല്ല കുട്ടിയായി പണിയെടുത്തതു കൊണ്ട് ഒരു പദവി ഓഫർ ചെയ്ത് പരിഹാരം ഉണ്ടാക്കി. പിന്നെ വേറെ പലരും ബിജെപിയുടെ രാജ്യസഭാ സ്ഥാനം മോഹിച്ച് കേരളത്തിൽ നിന്നും രംഗത്തു വന്നു. മോദി അനുകൂലിച്ച് ഒരു പ്രസ്താവന ഇറക്കിയാൽ കുറഞ്ഞത് രാജ്യസഭാ സ്ഥാനം എന്ന നിലയ്ക്കാണ് കാര്യങ്ങൾ നീങ്ങിയത്‌. ഏറ്റവും ഒടുവിൽ സജീവമായ ശ്രമം നടത്തിയത് തുഷാർ വെള്ളാപ്പള്ളിയാണ്. അത് ഏതാണ്ട് നടക്കില്ലെന്ന് തീരുമാനം ആയിക്കഴിഞ്ഞു. അതിനിടെയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസ്സറുദീനും മോഹം തുറന്നു പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്ക് അയച്ച കത്തുകളിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ പ്രതികരണമുണ്ടായാൽ ഏകോപന സമിതിയുടെ കൗൺസിൽ യോഗം വിളിച്ച് ബിജെപിയോടു സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടു ചർച്ച ചെയ്യുമെന്നു ഭാരവാഹികൾ സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കും ഏകോപന സമിതി നേതാക്കൾ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ പരസ്യമായ സഹായ വാഗ്ദാനമാണ് സമിതി വാഗ്ദാനം ചെയ്യുന്നത്. ഇതിനുള്ള വോട്ട് കണക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഘടനയുടെ കണക്കുകൾ വിലപോവില്ലെന്നാണ് ബിജെപി നൽകുന്ന സൂചന.

ദേശീയതലത്തിൽ ബിജെപി ചായ്‌വുള്ള ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സംഘടനയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറെക്കാലമായി സഹകരണത്തിലാണ്. ബിജെപി നേതാവും മുൻ എംപിയുമായ ശ്യാം ബിഹാരി മിശ്രയാണ് മണ്ഡൽ ദേശീയ അധ്യക്ഷൻ. അതേ സംഘടനയിൽ ദേശീയ ഉപാധ്യക്ഷനാണ് ഏകോപന സമിതി പ്രസിഡന്റായ ടി. നസിറുദ്ദീൻ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. തരെഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള വോട്ട സമിതിക്കുണ്ടെന്നാണ് നസിറുദ്ദീന്റെ നിലപാട്. സമിതിയുടെ അംഗത്വത്തിന്റെ കണക്കുകളാണ് ഇതിനായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഈ കണക്കുകൾ ഒന്നും വോട്ടിങ്ങിനെ ബാധിക്കില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. ഒരു തെരഞ്ഞെടുപ്പിലും വ്യാപാരി വ്യവസായികൾക്ക് നിർണ്ണായക സ്വാധീനമാകാൻ കഴിഞ്ഞിട്ടില്ല. നസിറുദ്ദീൻ മത്സരിച്ചപ്പോഴും മുന്നേറ്റം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ രാജ്യസഭാ അംഗത്വമൊന്നും നസിറുദ്ദീന് ലഭിക്കില്ല. എന്നാൽ അദ്ദേഹത്തെ സഹകരിച്ച് കൊണ്ടു പോകാൻ തന്നെയാണ് നീക്കവം.

ഇന്നലെ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സംഘടിപ്പിച്ച ദേശീയ വ്യാപാരി കൺവൻഷൻ വേദിയിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക യോഗവും സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പും നടത്തിയത്. ഓഗസ്റ്റ് ഒൻപത് വ്യാപാരിദിനമായി ആചരിക്കാനുള്ള പ്രഖ്യാപനത്തിനാണ് വ്യാപാർ മണ്ഡൽ ദേശീയ കൺവൻഷൻ സംഘടിപ്പിച്ചത്. കൺവൻഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതിയുടെ സംസ്ഥാന സമ്മേളനം ഡൽഹിയിൽ നടത്തിയതും ആദ്യമായാണ്. ഇതിനെല്ലാം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു. അതിനിടെ ബിജെപി ബന്ധത്തെ ചൊല്ലി സമിതിയിൽ ഭിന്നതയുമുണ്ട്. ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീൻ നടത്തുന്ന നീക്കത്തിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ പരസ്യമായി രംഗത്ത് വന്നിരുന്നു.

ദേശീയ കൺവെൻഷനിൽ പങ്കെടുക്കുക എന്നതിലപ്പുറം മറ്റൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സഹകരണം സാധ്യമാവില്‌ളെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകോപന സമിതിയിലെ വ്യാപാരികൾക്കിടയിൽ ഗണ്യമായ സ്വാധീനം മുസ്ലിംലീഗിനുണ്ട്. പരമ്പരാഗതമായി തങ്ങൾക്ക് കിട്ടുന്ന ഒരു വിഭാഗം വോട്ടുകൾ നഷ്ടമാവുമെന്ന ഭീതിയിൽ നസിറുദ്ദീന്റെ നീക്കം പൊളിക്കാൻ ലീഗ് നേതൃത്വം രംഗത്തത്തെിയതായാണ് വിവരം. ഇതായിരുന്നു ഭിന്നതയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

എന്നാൽ വ്യാപാരികൾക്ക് ബിജെപി ഉൾപ്പെടെ ആരോടും അയിത്തമില്ലെന്നായിരുന്നു നസിറുദ്ദീന്റെ നിലപാട്. കേന്ദ്ര സർക്കാറിന്റെ നയം നോക്കിയാണ് ഏകോപന സമിതി നിലപാട് കൈക്കൊള്ളുക. ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. മോദി സർക്കാർ വ്യാപാരികളുടെ ചില ആവശ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും, കേന്ദ്ര സർക്കാരിൽ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാൽ ബിജെപി യെ സഹായിക്കുന്നതിൽ എന്താണ് തെറ്റന്നൊണ് നസിറുദ്ദീന്റെ വാദം.

അതേസമയം വ്യാപാരി വ്യവസവയി ഏകേപന സമിതിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാ പാർട്ടികളിലും ഉള്ളവർ ഇതിലുണ്ടെന്നാണ് എതിർവിഭാഗം ചൂണ്ടിക്കാട്ടുന്നത്. നസിറുദ്ദീനുമായി സഹകരിക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പലർക്കും കടുത്ത അതൃപ്തിയുണ്ട്. മുൻകാലങ്ങളിൽ പലപ്പോഴും യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാറുള്ള നസിറുദ്ദീൻ കഴിഞ്ഞ ഏതാനും കാലമായാണ് കോൺഗ്രസുമായി തീർത്തും ഇടഞ്ഞത്. കോഴിക്കോട് മിഠായി തെരുവിൽ തന്റെ കടകൾക്ക് ദുരൂഹ സാഹചര്യത്തിൽ തീപടിച്ചതിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതും, നഷ്ടപരിഹാരം നൽകാത്തതും അദ്ദേഹത്തെ തീർത്തും ചൊടിപ്പിച്ചിട്ടുണ്ട്.