തിരുവനന്തപുരം: മുൻ ലാൻഡ് റവന്യു കമ്മിഷണർ ടി ഒ സൂരജിനെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായി. സൂരജിന് 11 കോടി 88 ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്നു വിജിലൻസ് കണ്ടെത്തി.

നിയമോപദേശം കിട്ടിയ ശേഷം കുറ്റപത്രം നൽകുമെന്നും വിജിലൻസ് അറിയിച്ചു. റിപ്പോർട്ട് നിയമോപദേശത്തിനായി വിജലൻസ് അഡൈ്വസർക്ക് കൈമാറിയിട്ടുണ്ട്.

സൂരജിന് വരവിനേക്കാൾ നാലിരട്ടി സമ്പാദ്യമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശമ്പളമല്ലാതെ ലഭിക്കുന്ന വരുമാനം രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെന്നും നിരവധി സ്ഥലങ്ങളിൽ ഭൂമി വാങ്ങിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് വിജിലൻസിന് അന്വേഷണത്തിന് സഹായിച്ചത്. തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ടെന്ന് നേരത്തെ സൂരജ് വ്യക്തമാക്കിയിരുന്നു.

വിജിലൻസ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെത്തിയ പണം സഹോദരിയുടേതാണെന്നും സഹോദരിയുടെ മകളുടെ വിവാഹാവശ്യങ്ങൾക്കുള്ള പണമായിരുന്നു പിടിച്ചെടുത്തതെന്നും ടി ഒ സൂരജ് പറഞ്ഞു.