തൃശൂർ: കേരളത്തിൽ ഉന്നത തലത്തിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അഴിമതിക്ക് ശിക്ഷിക്കപ്പെടുമോ? വി എസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതു കൊണ്ട് മാത്രമാണ് ഒരു ആർ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടതെങ്കിൽ പിന്നീടൊരു സംഭവവും ഇങ്ങനെ ഉണ്ടായിട്ടില്ല. അഴിമതിക്കാർ വീണ്ടും കോടികൾ പോക്കറ്റിലാക്കി യഥേഷ്ടം കഴിയുന്ന കാഴ്‌ച്ചയാണ് വ്യക്തമാകുന്നത്. പ്രത്യക്ഷത്തിൽ അഴിമതി പിടിക്കപ്പെട്ടിട്ടും ടി ഒ സൂരജ് എന്ന പൊതുമരാമത്ത് സെക്രട്ടറി ഇപ്പോഴും ഒരു പോറൽ പോലും ഏൽക്കാതെ തുടരുന്നതിന്റെ കാരണം ഒന്നും ശരിയാക്കാൻ ആർക്കും താൽപ്പര്യം ഇല്ലാത്തതു കൊണ്ടു കൂടിയാണ്. ഇപ്പോഴും ടി ഒ സൂരജ് നടപടിയൊന്നും നേരിടേണ്ട അവസ്ഥ ഉണ്ടാകാത്തതാണ് ഇതിന്റെ ഉദാഹരണം.

ടി ഒ സൂരജിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. സൂരജിന് 1.81 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാണിച്ചാണ് ലോകായുക്തയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വരുമാനത്തെക്കാൾ മൂന്നിരട്ടിയിലധികം സൂരജ് സമ്പാദിച്ചതായും കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനും മലയാളവേദി പ്രസിഡന്റുമായ ജോർജ് വട്ടുകുളത്തിന്റെ ഹരജിയിലാണ് ലോകായുക്ത വിജിലൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച തൃശൂരിൽ നടന്ന സിറ്റിങ്ങിൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസ് സെപ്റ്റംബർ 27ലേക്ക് മാറ്റി.

അന്വേഷണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയപ്പോൾ കോടികളുടെ സമ്പാദ്യം കണ്ടത്തെിയെന്നും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ വരുമാനത്തിന്റെ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചതിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയതിനിടക്കാണ് ലോകായുക്തക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മംഗളൂരുവിലും അനധികൃത സ്വത്ത് കണ്ടത്തെിയിട്ടുണ്ട്. ഇവിടെയെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരിൽ ഭൂമിയും ഫ്‌ളാറ്റുകളുമുണ്ട്. ആറ് ആഡംബര കാറുകളുണ്ട്. മകന്റെ പേരിൽ മംഗലാപുരത്ത് ആഡംബര ഫ്‌ളാറ്റുണ്ട്. കൊച്ചിയിൽ സ്വന്തം പേരിൽ കോടികളുടെ ഭൂമിയും ഗോഡൗണുമുണ്ട്. തിരുവനന്തപുരത്തെ വീട്ടിലെ പരിശോധനയിൽ 22.62 ലക്ഷവും 1513 യു.എസ് ഡോളറും രണ്ട് സിംഗപ്പൂർ ഡോളറും കണ്ടെടുത്തു. ഇതോടൊപ്പം കൺസ്ട്രക്ഷൻ കോർപറേഷനിൽ ടെൻഡറുകളിൽ ക്രമക്കേട് നടത്തിയതായും വിജിലൻസ് അറിയിച്ചിട്ടുണ്ട്.

വിവിധ പരാതികളിലായി എറണാകുളത്തെ കോടതികളിൽ കേസുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 2004 മുതൽ 2014 വരെയുള്ള പത്തു വർഷത്തെ വരുമാനവും ഈ കാലയളവിൽ സമ്പാദിച്ച സ്വത്തുമാണ് വിജിലൻസ് പരിശോധിച്ചത്. കണ്ടെടുത്തതിന് തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനയെ തുടർന്ന് സസ്‌പെൻഷനിലായ സൂരജിനെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ കേസുണ്ട്. സിഡ്‌കോയിൽ അനധികൃത നിയമനം നടത്തിയെന്ന പരാതിയിൽ സൂരജിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഏഴ് തസ്തികകൾക്ക് ലഭിച്ച അനുമതിയുടെ മറവിൽ 23 പേരെ വിവിധ മാനേജർ തസ്തികയിലേക്ക് നിയമിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം പൊതുഖജനാവിന് വരുത്തിയെന്നാരോപിച്ച് എസ്. ദിലീപ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് സൂരജ് അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സീനിയർ മാനേജർ (അക്കൗണ്ട്‌സ്), അസിസ്റ്റന്റ് എൻജിനീയർ, പ്രൊഡക്ഷൻ എൻജിനീയർ, മാർക്കറ്റിങ് മാനേജർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയതെന്നാണ് ആരോപണം. ഈ അധിക തസ്തികകൾ സർക്കാർ ഇത് വരെ സ്ഥിരപ്പെടുത്തിയിട്ടില്‌ളെന്നും ഹരജിയിൽ പറയുന്നു. 3500 രൂപക്ക് മുകളിൽ ശമ്പളം നൽകേണ്ട തസ്തികയിലേക്കുള്ള നിയമനത്തിന് ഗവർണറുടെ അനുമതി തേടണമെന്ന വ്യവസ്ഥ ഉൾപ്പെടെ ലംഘിച്ച് ബോർഡിന്റെയോ സർക്കാറിന്റെയോ അനുമതി ഇല്ലാതെ നിയമനം നടത്തിയെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതുവരെ സൂരജിന്റെ സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാൽ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതിയും ആവശ്യമുണ്ട്. കേന്ദ്രസംസ്ഥാന സർക്കാറുകളുടെ അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങാനിരിക്കുകയാണ് വിജിലൻസ്. ലോകായുക്തയിലെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.