തിരുവനന്തപുരം: കൊലയാളികൾ ആണെങ്കിൽ ഇങ്ങനെ വേണം..! ഉന്നതങ്ങളിൽ പിടിവേണം, അങ്ങനെയുണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടേ കാര്യമില്ല. ജയിലിൽ കഴിയുകയാണെങ്കിലും അടിച്ചുപൊളിച്ച സുഖജീവിതം നയിക്കാം. മൊബൈൽ ഫോൺ ഉപയോഗിച്ച് കാര്യങ്ങളെല്ലാം വിശദമായി അറിയാം. വെറുതേയിരിക്കുമ്പോൾ കൈത്തരിപ്പ് കൂടുമ്പോൾ ആരെയെങ്കിലും ഒന്ന് തല്ലണമെങ്കിൽ കൂടി അത് ജയിൽ ജീവനക്കാരുടെ മെക്കിട്ടു കയറിയാകാം... പറഞ്ഞു വരുന്നത് സംസ്ഥാനത്തെ കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ജയിൽ വാസത്തിന്റെ കഥയാണ്. ഉന്നത രാഷ്ട്രീയക്കാർ നേരിട്ട് പിന്തുണക്കുന്ന ഇവർ തടവറയെ സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. യാതൊരു ജോലിയും ചെയ്യാതെ തങ്ങൾക്ക് തോന്നുന്ന വിധത്തിൽ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലിൽ വിലസുകയാണ് ഇക്കൂട്ടർ.

ഇവരുടെ ജയിലിലെ തോന്നിവാസത്തിന്റെ വാർത്തകൾ എത്രതന്നെ പുറത്തുവന്നിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചിരിക്കയാണ് ഉദ്യോഗസ്ഥർ. ഇതിന് കാരണം ജീവനിൽ പേടിയുണ്ട് എന്നതു തന്നെയാണ്. പൂജപ്പുരയെന്നോ വിയ്യൂരെന്ന് വ്യത്യാസമില്ലാതെയാണ് ടിപിയുടെ ഘാതകർ ജയിലുകളിൽ വിലസുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽകഴിയുന്ന ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതി അസിസ്റ്റന്റ് പ്രിസൺ ഓഫിസറെ കഴുത്തിന് പിടിച്ചു തള്ളിയിട്ടും ജയിൽ അധികതർ മിണ്ടാതെ മൗനം പാലിക്കുകയാണ് ചെയ്തത്. പിന്നീടു കൂട്ടുപ്രതികൾക്കൊപ്പം സംഘം ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലി തെറിപ്പിക്കുമെന്ന് പോലു പറഞ്ഞായിരുന്നു ഭീഷണി.

അതേസമയം ഉന്നതരുടെ പ്രിയങ്കരനായ പ്രതികളെ പിണക്കാൻ ഭയന്ന് ജയിൽ അധികൃതർ ഇക്കാര്യം ഇനിയും പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അനൂപിനു നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. തടവുകാർക്കു നാണയത്തുട്ട് ഇട്ടു ഫോൺ വിളിക്കാൻ കഴിയുന്ന സ്ഥലത്ത് ടിപി കേസിലെ പ്രതി റഫീക്ക് ഉച്ചയോടെ എത്തിയപ്പോഴായിരുന്നു സംഭവം. അവിടെ അനൂപായിരുന്നു ഡ്യൂട്ടിയിൽ. വിളിക്കേണ്ട നമ്പർ എഴുതിക്കൊടുത്ത ശേഷം മറ്റൊരു നമ്പരിലേക്ക് ഫോൺ വിളിക്കാൻ റഫീക് ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതാണ് റഫീഖിന് ഇഷ്ടമാകാത്തത്.

ഇതു കണ്ട ഉദ്യോഗസ്ഥൻ അതു വിലക്കി. പിന്നെയും അതിനു ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥൻ വീണ്ടും തടഞ്ഞു. തുടർന്നാണ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞശേഷം പിടിച്ചുതള്ളിയത്. തൊട്ടു പിന്നാലെ തടവുകാരെ ഉച്ചഭക്ഷണത്തിനായി പുറത്തിറക്കിയപ്പോൾ ടിപി കേസിലെ മറ്റൊരു പ്രതി അണ്ണൻ സിജിത്തിന്റെ നേതൃത്വത്തിലാണു റഫീക്കും ഏതാനും തടവുകാരും ടവറിനു സമീപം അനൂപിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതെന്നു ജീവനക്കാർ പറഞ്ഞു. അപ്പോൾത്തന്നെ ജയിൽ സൂപ്രണ്ടിനെ ഉദ്യോഗസ്ഥർ വിവരം ധരിപ്പിച്ചു. പൊലീസിൽ റിപ്പോർട്ട് ചെയ്യാമെന്നും നടപടി സ്വീകരിക്കാമെന്നും സൂപ്രണ്ട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.

വ്യാഴം രാവിലെ 11നു തനിക്കു സെല്ലിൽനിന്നു പുറത്തിറങ്ങണമെന്നു റഫീക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡറോട് ആവശ്യപ്പെട്ടു. എന്നാൽ കാരണമില്ലാതെ പുറത്തിറക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതോടെ അദ്ദേഹത്തിനു നേരെയും അസഭ്യവർഷം ഉണ്ടായി. അതും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇടതു സർക്കാർ വന്നശേഷം ടിപി കേസിലെ പ്രതികൾക്കു പ്രത്യേക സുഖസൗകര്യങ്ങളാണു ജയിലിൽ നൽകുന്നതെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റശ്രമം.

നേരത്തേ ജയിൽ ആശുപത്രിയിൽ രോഗമില്ലാത്ത 'സുഖചികിൽസയിലായിരുന്നു' ടിപി കേസ് പ്രതികൾ. പിന്നീട് ഇവരെ പാർപ്പിച്ചിരുന്ന ബ്‌ളോക്കിൽനിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവർ അതുപയോഗിച്ചു നിരന്തരം പുറത്തേക്കു വിളിച്ചതായും കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ വിചാരണത്തടവുകാരെ പാർപ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് ഇവരെ മാറ്റിയിരുന്നു.

നേരത്തെ ടിപി ചന്ദ്രശേഖരന്റെ കൊലയാളി ഷാഫിക്ക് വിവാഹത്തിന് പരോൾ അനുവദിച്ചതും ചട്ടങ്ങൽ ലംഘിച്ചായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെ. ഉന്നത ഇടപെടൽ കൊണ്ടാ ഇയാൾക്ക് ജാമ്യം ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഷാഫിക്ക് പരോൾ അനുവദിക്കേണ്ടതില്ല എന്ന ജയിൽ ഉപദേശക സമിതിയുടെ തീരുമാനം മറികടന്ന് ജയിൽ എ.ഡി.ജി.പി നേരിട്ടാണ് പരോൾ അനുവദിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ സിപിഎമ്മം നേരിട്ടു ഇടപെട്ടു എന്നാണ് പുറത്തുവരുന്ന സൂചന.

വിവാഹാവശ്യത്തിന് പരോൾ അനുവദിക്കാനാവില്ല എന്നിരിക്കെ ശിക്ഷാകാലത്തെ നിശ്ചിത കാലയളവിനുശേഷം അനുവദിക്കാവുന്ന സാധാരണ പരോൾ ആയി 15 ദിവസത്തേക്കാണ് ഷാഫിക്ക് പരോൾ അനുവദിച്ചത്. ഷാഫിയുടേതടക്കമുള്ളവരുടെ പരോൾ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുസർക്കാർ അധികാരം ഏറ്റശേഷം ജനുവരി ആറിന് ജയിൽ ഉപദേശക സമിതിയുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ 80 ഓളം പരോൾ അപേക്ഷകളാണ് വന്നത്. ജയിലിലെ മൊബൈൽ ഫോൺ ഉപയോഗം, തടവുകാരുടെ ഭരണം, ജീവനക്കാർക്ക് നേരെയുള്ള ഭീഷണി, ലഹരി ഉപയോഗം തുടങ്ങി നിരവധി പരാതികളും കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഷാഫിക്ക് പരോൾ അനുവദിക്കാനാവില്ല എന്ന നിഗമനത്തിലാണ് ജയിൽ ഉപദേശ സമിതി എത്തിയത്.

എന്നാൽ കഴിഞ്ഞ നാലിന് ജയിൽ എ.ഡി.ജി.പി നേരിട്ട് പരോൾ അനുവദിക്കുകയാണുണ്ടായത്. ജയിലിൽ ദൈനംദിന നടപടിക്രമങ്ങൾ ഉൾപ്പെടെ ജയിൽ ഉപദേശക സമിതി അറിഞ്ഞിരിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് ഷാഫിക്ക് ആരും അറിയാതെ പരോൾ അനുവദിച്ചത്. വ്യാഴാഴ്ചയായിരുന്നു ഷാഫിയുടെ വിവാഹം. വിവാഹത്തിന് എ.എൻ ഷംസീർ എംഎൽഎ പങ്കെടുത്തത് ഇതിനകം വിവാദമായിരുന്നു.