തിരുവനന്തപുരം: മുൻ ഡിജിപി സെൻകുമാറിന്റെ ഫോൺ ചോർത്തുന്നതായി ആരോപണം. ഗവർണർ ആയി സെൻകുമാറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടതായി വ്യാജവാർത്ത വന്നശേഷമാണ് സെൻകുമാറിന്റെ ഫോൺ ചോർത്തൽ ശ്രമം പുനരാരംഭിച്ചത്. മുൻപും സെൻകുമാറിന്റെ ഫോൺ ചോർത്തുന്നതായി ആരോപണം വന്നിരുന്നു. ഇതിനു മുൻപ് 2016 മുതലാണ് സെൻകുമാറിന്റെ ഫോൺ ചോർത്താൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടന്നിരുന്നത്. പിന്നീട് ഈ ശ്രമം അവസാനിച്ചിരുന്നു. ഇപ്പോൾ സെൻകുമാർ ഗവർണർ ആകും എന്ന വാർത്ത വന്ന ശേഷമാണ് ഫോൺ ചോർത്തൽ നടപടികൾ വീണ്ടും ആരംഭിച്ചത്.

ഒരു മുൻ ഡിജിപിയുടെ ഫോൺ ചോർത്താൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു എന്ന ആരോപണം തന്നെ ഞെട്ടിപ്പിക്കുന്നതും ഭരണത്തെ തന്നെ കുലുക്കാൻ പര്യാപ്തവുമാണ്. ഐജിയും ഹോം സെക്രട്ടറിയും വിചാരിച്ചാൽ ആരുടെ ഫോണും ചോർത്താമെന്നു ഉന്നത ഭരണ വൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചിരിക്കെ ഫോൺ ചോർത്തൽ ആരോപണങ്ങൾക്ക് ഗുരുതര സ്വഭാവം വരുന്നു. സെൻകുമാറിന്റെ വീട്ടിലെയും ഓഫീസിലെയും ഫോണുകൾ ചോർത്തുന്നുണ്ട്. സെൻകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെയാണ് ഫോൺ ചോർത്തൽ വാർത്ത പുറത്തുവിട്ടത്. ഈയിടെ ബിജെപി അധ്യക്ഷൻ അമിത് ഷാ തിരുവനന്തപുരത്ത് വന്നപ്പോൾ സെൻകുമാർ അമിത് ഷായെ സന്ദർശിച്ചിരുന്നു.

ബിജെപി ഉന്നത വൃത്തങ്ങളിൽ നിന്നുള്ള ക്ഷണം വന്നശേഷമാണ് സെൻകുമാർ അമിത്ഷായെ സന്ദർശിക്കാൻ തീരുമാനിച്ചത്. കെപിസിസി നിർവാഹക സമിതിയംഗം രാമൻ നായരും, മുൻ വനിതാ കമ്മീഷൻ അംഗം പ്രമീളാ ദേവിയും അമിത് ഷായെ കാണുകയും ബിജെപിയിൽ ചേരുകയും ചെയ്ത അതേ സമയമാണ് സെൻകുമാറും അമിത് ഷായെ സന്ദർശിച്ചത്. പക്ഷെ വാർത്ത പിടിച്ചു പറ്റിയത് സെൻകുമാറും അമിത് ഷായുംതമ്മിലുള്ള സന്ദർശനമായിരുന്നു. ഇതോടെ സർക്കാരിന്റെ കണ്ണുകൾ വീണ്ടും സെൻകുമാറിന്റെ നേർക്ക് നീളുകയായിരുന്നു. സെൻകുമാർ ആരുമായൊക്കെ ബന്ധപ്പെടുന്നു എന്താണ് സെൻകുമാറിന്റെ നീക്കങ്ങൾ എന്നറിയാനാണ് ഫോൺ ചോർത്തൽ നടക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വം സെൻകുമാറുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഫോൺ ചോർത്തലിന്റെ മുഖ്യ വിഷയമായി ആരോപിക്കപ്പെടുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം നിയമ പോരാട്ടം വഴി ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെൻകുമാർ തിരിച്ചത്തിയത് മുതൽ സർക്കാരിന്റെ കണ്ണിലെ കരടായാണ് സെൻകുമാർ നിലകൊള്ളുന്നത്. ഡിജിപിയായി കാലാവധി തികയ്ക്കാനുള്ള രണ്ടു മാസക്കാലം സെൻകുമാറിനെ നിരീക്ഷിക്കാൻ വേണ്ടി മാത്രം ടോമിൻ തച്ചങ്കരിയെ സർക്കാർ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരുന്നു. ഈ തർക്കങ്ങൾ വാർത്തകളുടെ തലക്കെട്ടാവുകയും ചെയ്തിരുന്നു.

സെൻകുമാറിനെതിരെ നാലോളം വ്യാജ കേസുകൾ ആണ് ഇടത് സർക്കാർ ചാർജ് ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തിയ പോരാട്ടങ്ങൾ വഴി സെൻകുമാർ പരാജയപ്പെടുത്തിയിരുന്നു. കേരളാ അഡ്‌മിനിസ്ട്രെറ്റിവ് ട്രൈബ്യുണൽ അംഗമായുള്ള സെൻകുമാറിന്റെ നിയമനം തടയുക എന്നതാണ്. ഈ കേസുകൾ വഴി സർക്കാർ ലക്ഷ്യമിട്ടത് എന്ന് ആരോപണം വന്നിരുന്നു. സെൻകുമാറിനെ കേസുകളിൽ കുടുക്കിയശേഷം ആ സ്ഥാനത്ത് സർക്കാർ മുൻ എഡിജിപി രാജേഷ് ദിവാനെ നിയമിക്കുകയും ചെയ്തിരുന്നു. സെൻകുമാറിനെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണൽ അംഗമായി കേന്ദ്ര സർക്കാർ നിയമിക്കാൻ തയ്യാറെടുക്കുന്നതായി ഇടത് സർക്കാർ സംശയിക്കുന്നുണ്ട്.

ഐഎസ്ആർഓ കേസിൽ നമ്പി നാരായണനെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ സെൻകുമാർ ആണെന്ന സർക്കാർ ആരോപണം സെൻകുമാറിന്റെ സാധ്യതകൾ തടയാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ അംഗമാകുന്നതിനു സർക്കാർ തടസ്സം നിൽക്കുന്നു എന്നാരോപിച്ചു സെൻകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആരോപണം സത്യവാങ്മൂലത്തിന്റെ രൂപത്തിൽ സർക്കാർ കെട്ടഴിച്ചത്. ഇതു സെൻകുമാറിന്റെ മേൽ വീണ്ടും കള്ളക്കേസ് കെട്ടിപ്പൊക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് സെൻകുമാറിന്റെ ഫോൺ ചോർത്തുന്നതായി വീണ്ടും ആരോപണം ഉയരുന്നത്.