മൂന്നരപതിറ്റാണ്ടുകാലമായി അമേരിക്കൻ മലയാളികളുടെ സാമുദായിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രശോഭിത വ്യക്തിത്വമാർന്ന ടി.എസ്. ചാക്കോ 83-ന്റെ പൂർണ്ണനിറവിലേക്ക്. മലയാളികൾക്ക് ഏറ്റവും ആദരണീയനും, സ്നേഹസമ്പന്നനുമായ ടി.എസ്. ചാക്കോ സാമൂഹിക പ്രതിബദ്ധതയുടെ പര്യായമാണ്.

1983-ലാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. അക്കാലം മുതൽ അമേരിക്കയിലുള്ള മലയാളികളുടെ ക്ഷേമത്തിനും, ജീവിതപുരോഗതിക്കും ആവശ്യമായ പ്രവർത്തനപദ്ധതികളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രമുഖ മലയാളികളിൽ ഒരാളാണ് ടി.എസ് ചാക്കോ.

കേരളത്തിൽ അദ്ദേഹം വിവിധ ഹെൽത്ത് സെന്ററുകളിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ട്രാൻവർകൂർ ടീ എസ്റ്റേറ്റിന്റെ ഇടുക്കി ജില്ലയിലുള്ള വണ്ടിപ്പെരിയാർ, പീരുമേടി, ഏലപ്പാറ തുടങ്ങിയ മേഖലകളിൽ 18 വർഷത്തോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. അവിടെ അക്കാലത്ത് വിവിധ തോട്ടങ്ങളിലായി ഏകദേശം ഒന്നര ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്നു. അവരെ ഏകോപിപ്പിച്ചുകൊണ്ട് 1966-ൽ സ്റ്റാഫ് യൂണിയനുണ്ടാക്കുന്നതിനു ആദ്യകാല നേതൃത്വം നൽകിയ വ്യക്തിയാണ് ടി.എസ്. ചാക്കോ.

മനുഷ്യസ്നേഹിയും, സാമൂഹിക പ്രവർത്തകനും എന്ന നിലയിൽ ടി.എസ് ചാക്കോ ആദ്യകാലം മുതൽ അമേരിക്കൻ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്. കേരളാ കൾച്ചറൽ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ ബർഗൻ കൗൺസിൽ മലയാളി ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് എന്ന നിലയിലും, സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുൻനിര നേതാക്കളിൽ ഒരാളായും അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തിനുവേണ്ടി ചെയ്തിട്ടുള്ള സംഭാവനകൾ ഒരിക്കലും വിസ്മരിക്കത്തക്കതല്ല. മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ബർഗൻ കൗൺസിലിന്റെ ദേശീയ അവാർഡ് ടി.എസ് ചാക്കോയ്ക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ശ്രേഷ്ഠതകൊണ്ടാണ്. ജപ്പാൻ, കൊറിയ, ഫിലിപ്പ്യാ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വ്യക്തികളെ ആയിരുന്നു ഈ അവാർഡിനു പരിഗണിച്ചിരുന്നത്. ഇതു ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആണു ടി.എസ്. ചാക്കോ, കേരളത്തിലെ കമ്യൂണിറ്റി ലീഡർഷിപ്പ് ഫൗണ്ടേഷന്റെ 2012-ലെ പ്രവാസി പ്രതിഭാ പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി.

അമേരിക്കയിലെ ലൈറ്റ് ഓഫ് ലവ് എന്ന സംഘടനയുടെ കോർഡിനേറ്റർ എന്ന നിലയിലും ടി.എസ് ചാക്കോ നിസ്തുലമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്.

മാർത്തോമാ സഭയുടെ ആസ്ഥാനമായ തിരുവല്ലാ പുലാത്തീനിൽ വച്ചു നടന്ന ചടങ്ങിൽ ഏറ്റവും നല്ല മാതൃകാ ഭർത്താവിനുള്ള അവാർഡും അദ്ദേഹത്തിനു ലഭിച്ചു. ഭദ്രമായ കുടുംബം ഭദ്രമായ സമൂഹത്തിനു സഹായകരമാകും എന്ന വിശ്വാസപ്രമാണമാണ് ടി.എസ് ചാക്കോയുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനം. കേരളത്തിലും അമേരിക്കയിലും ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഇപ്പോഴും അദ്ദേഹം ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിബന്ധങ്ങളെ ഏറ്റവും അധികം കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു. അമേരിക്കൻ മലയാളികൾക്കിടയിൽ ചാക്കോച്ചൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.എസ് ചാക്കോയ്ക്ക് ജന്മദിനാശംസകൾ.