കൊച്ചി: മുന്മന്ത്രിയും സ്പീക്കറുമായിരുന്ന ടി എസ് ജോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വാദത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് സൂൂചന. ടി എസ് ജോൺ മരിച്ച് ഏതാണ്ട് ഒരുമാസത്തിനുശേഷമാണ് ദുരൂഹതയുണ്ടെന്ന പരാതിയുമായി അദ്ദേഹത്തിന്റെ ജേഷ്ഠന്റെ മകളും കൊച്ചു മക്കളും എത്തിയത്. എഞ്ചിനിയറിങ് കോളേജ് അടക്കമുള്ള സ്വത്തുക്കളിൽ ഉള്ള തർക്കമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.

പിസി ജോർജ് രൂപീകരിച്ച കേരളാ കോൺഗ്രസ് സെക്യുലറിന്റെ ചെയർമാനായിരുന്നു ടിഎസ് ജോൺ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ടിഎസ് ജോൺ വാർത്തകളിൽ ഇടം നേടി. അതിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുമായി ടിഎസ് ജോൺ അടുത്തു. ഇതിനിടെയാണ് മരണമെത്തിയത്. അസുഖം മൂലമുള്ള സ്വാഭാവിക മരണമെന്നായിരുന്നു. ഇതിലാണ് ഇപ്പോൾ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

രോഗം മൂർച്ഛിച്ചപ്പോൾ ടി എസ് ജോണിനെ കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ ശുശ്രൂഷയ്ക്കായി ഒരു സ്ത്രീയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ സ്ത്രീ ബന്ധുക്കളെയോ, അയൽക്കാരെയോ അറിയിക്കാതെ ഇദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരായ ചിലരെ അറിയിച്ചു എന്നാണ് ആരോപണം. രാത്രി രോഗം മൂർച്ഛിച്ചു എന്ന് അറിഞ്ഞിട്ടും എത്താതെ രാവിലെയാണ് ഇവർ എത്തിയത്. അടുത്തുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സാ ലഭിക്കുമായിരുന്നിട്ടു പോലും ഈ സേവങ്ങൾ ലഭ്യമാക്കാതെ ചേർത്തലയിലുള്ള അധികം സൗകര്യങ്ങളില്ലാത്ത ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് ആരോപണം. ഇതിൽ ദുരൂഹതകളുണ്ടെന്നാണ് ജോണിന്റെ ബന്ധുക്കൾ സ്പീക്കർക്കു നൽകിയ പരാതിയിൽ പറയുന്നത്.

ഈ പരാതിയുടെ പകർപ്പ് മറുനാടന് ലഭിച്ചു. ടി എസ് ജോൺ താമസിച്ചുകൊണ്ടിരുന്ന പനമ്പള്ളി നഗർ ഫ്‌ലാറ്റിൽ നിന്നും അര കിലോമീറ്റർപോലുമില്ലാത്ത മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഉണ്ടായിട്ടും ചേർത്തലയിൽ ചികിത്സയ്ക്കായി കൊണ്ടുപോയ നിലപാടിൽ ദുരൂഹത ഉണ്ടെന്നും മരണശേഷമാണ് കാര്യങ്ങൾ തങ്ങളെ അറിയിച്ചതെന്നും ടി എസ് ജോണിന്റെ ജേഷ്ഠന്റെ പുത്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ടി എസ് ജോണിന്റെ വിശ്വസ്തരിൽ ഒരാളായ പാർട്ടി പ്രവർത്തകൻ തോമസ് കയ്യത്തറ (ചെമ്മച്ചൻ)യേ കാസർഗോഡ് ടി എസ് ജോണിന്റെ എൻജിനീയറിങ്ങ് കോളേജിന്റെ അഡ്‌മിനിസ്റ്റേറ്റർ ആയി ചുമതല ഏൽപ്പിച്ചിരുന്നു.

ടി എസ് ജോൺ തന്നെയാണ് ഇക്കാര്യം ഏൽപ്പിച്ചത്. ജോണിന്റെ മരണശേഷം ഇദ്ദേഹം കോളേജിലെ കാര്യങ്ങൾ പറഞ്ഞ് എത്തിയതിൽ ബന്ധുക്കളുടെ നീരസമാണ് ഇത്തരം ഒരു ആരോപണത്തിനു പിന്നിലെന്നാണ് ആക്ഷേപം. പലപ്പോഴായി പണം ചോദിച്ചു ജേഷ്ഠന്റെ മകളും കുടുംബവും ടി എസ് ജോണിനെ സമീപിക്കാറുണ്ട് എന്നും ഇതിൽ മുൻപേ തന്നെ ഇവരോട് ടി എസ് ജോണിന് നീരസം ഉണ്ടായിരുന്നതായും പാർട്ടിയിലെ നേതാക്കളിൽ ഒരാൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മാനസിക വൈകല്യമുള്ള ഒറ്റ മകനാണ് ടി എസ് ജോണിനുള്ളത്. ഭാര്യ നേരത്തെ മരണമടഞ്ഞിരുന്നു.

കാസർഗോഡ് 30 കോടിയിൽ അധികം വിലവരുന്ന എൻജിനീയറിങ്ങ് കോളേജ്, കല്ലൂപ്പാറയിൽ ഒരേക്കർ ഭൂമി, കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റ് അങ്ങനെ കോടികളുടെ സ്വത്തുക്കൾ ടി എസ് ജോണിന്റെ പേരിൽ ഉണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റ ജേഷ്ഠ സഹോദരന്റെ മക്കളും ഭാര്യയുടെ ജേഷ്ഠ സഹോദരിയുടെ മക്കളും അടങ്ങുന്ന ഒരു ട്രസ്റ്റിന്റെ കീഴിലാണുള്ളതെന്നാണു വിവരം. എന്നാൽ മാനസിക വൈകല്യമുള്ള മകന്റെ കാലശേഷമേ ട്രസ്റ്റിന് ഈ സ്വത്തുക്കളിൽ പൂർണ അവകാശം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന. മാനസിക വൈകല്യമുള്ള ഏക പുത്രൻ ഇപ്പോൾ ജേഷ്ഠന്റെ മക്കളുടെ സംരക്ഷണയിൽ ആണെന്നും കേൾക്കുന്നു.

എന്നാൽ എൻജിനിയറിങ്ങ് കോളേജ് നോക്കി നടത്തുന്നത് ടി എസ് ജോണിന്റെ ഭാര്യയുടെ സഹോദരിയുടെ മക്കളാണ്. എന്റെ മകനെ നോക്കുന്നവന് എന്റെ സകല സ്വത്തുക്കളും ഞാൻ എഴുതി കൊടുക്കുമെന്ന് മരണത്തിനു മുൻപ് പല തവണ ടി എസ് ജോൺ പറഞ്ഞതായും പാർട്ടിയിലെ നേതാക്കൾ പറയുന്നു. ടി എസ് ജോണിന്റെ മരണത്തിന് മുൻപ് തന്നെ അദ്ദേഹം ഒരു മീറ്റിങ് വിളിച്ചാണ് തോമസ് കയ്യത്തറ എന്ന ചെമ്മാച്ചനെ കോളജിന്റെ അഡ്‌മിനിസ്‌ട്രേറ്റർ ആക്കി നിയമിക്കുന്നത്. മുപ്പതു കോടിയിൽ അധികം വിലവരുന്ന ടി എസ് ജോണിന്റെ കാസർഗോഡ് എൻജിനിയറിങ്ങ് കോളേജിന് ഇപ്പോൾ രണ്ടു കോടിയിൽ അധികം ബാധ്യതകൾ കണക്കുകൂട്ടുന്നു.

ടി എസ് ജോണിന്റെ മരണശേഷം ഇവിടെ എത്തിയ ചെമ്മാച്ചൻ കടം തീർക്കാനുള്ള പണം ഇവരോട് തന്നെ ആവശ്യപ്പെട്ടു എന്നും അവരോടുള്ള രൂക്ഷമായ പെരുമാറ്റമാണ് മരണത്തിൽ ദുരൂഹത കാണിച്ചുകൊണ്ട് ബന്ധുക്കൾ പുതിയ പരാതിയുമായി എത്താൻ കാരണമെന്നും പാർട്ടിയിലെ നേതാക്കൾ പറഞ്ഞു. നിലവിൽ ബാധ്യതയുള്ള കോളേജ് പൂട്ടി ഇട്ടിരിക്കുകയാണ് എന്നും ചില ബന്ധുക്കൾ പറഞ്ഞു.