വയനാട്: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ വിജിലൻസ് - ആന്റികറപ്ഷൻ തലപ്പത്ത് നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് ടി. സിദ്ദിഖ്. ഫാഷിസ്റ്റ് ഭരണകൂടത്തിന് നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും സിദ്ദിഖ് അവകാശപ്പെട്ടു.

2010ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐയിൽ ഐജിയായി പ്രവർത്തിക്കുകയായിരുന്നു. ഒഡിഷ കേഡറിലെ അമിതാഭ് താക്കൂറായിരുന്നു ഡെപ്യൂട്ടി ഡിഐജി. ഈ കേസിൽ അമിത് ഷാ പിന്നീട് കുറ്റവിമുക്തനായി. 2007ൽ ഇംഗ്ലണ്ട് സ്വദേശിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസും അന്വേഷിച്ച് തെളിയിച്ചത് കന്ദസ്വാമിയും അമിതാഭുമാണ്. എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നടത്തുകയുണ്ടായി. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം കന്ദസ്വാമിക്ക് നല്ല ചുമതലകളൊന്നും നൽകിയിരുന്നില്ല. അക്കാലത്ത് തമിഴ്‌നാട്ടിൽ ഭരണത്തിലിരുന്നതും ബിജെപി പങ്കാളിത്തമുള്ള എഐഡിഎംകെ സർക്കാർ ആയിരുന്നു.

കഴിഞ്ഞ ദിവസം സേവാഭാരതി പ്രവർത്തകർ പാലക്കാട് പൊലീസിനൊപ്പം വാഹനപരിശോധന നടത്തിയതിനെ സിദ്ദിഖ് വിമർശിച്ചിരുന്നു. ആ വാർത്തയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും സംഘപരിവാർ സഹകരണം ആരോപിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരള സർക്കാരിനെതിരായ ഒളിയമ്പായും ഈ പോസ്റ്റിനെ കാണുന്നവരുണ്ട്.


ടി. സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്-ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.