കോഴിക്കോട്: കാൻസർരോഗിയായ ഭാര്യയെ അകാരണമായി മൊഴിചൊല്ലിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് ഒടുവിൽ കുടുംബ കോടതിയിൽ ഹാജരായി. തന്റെ ആദ്യ ഭാര്യ നസീമയെ ദൂതരെ വിട്ട് പ്രലോഭിപ്പിച്ചു, ഭീഷണിപ്പെടുത്തിയുമൊക്കെ അവസാന നിമിഷം വരെ കേസിൽനിന്ന് തടിയൂരാൻ സിദ്ദീഖ് ശ്രമിച്ചിരുന്നു. എന്നാൽ തന്നോട് കാട്ടിയ വഞ്ചനക്കും ക്രൂരതക്കും സിദ്ദീഖിന് മാപ്പില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് നസീമ എടുക്കുകയായിരുന്നു.

തിങ്കളാഴ്ച കോഴിക്കോട് കുടുംബ കോടതിയിൽ സിദ്ദീഖ് ഹാജരായി. നസീമക്കൊപ്പമുള്ള 11ഉം ഒമ്പതും വയസ്സുള്ള മക്കളെ കാണാൻ തന്നെ അനുവദിക്കണമെന്നയിരുന്ന സിദ്ദീഖിന്റെ വാദം. ഈ വിഷയത്തിൽ കോടതി ഈ മാസം 6ന് തീർപ്പുകൽപ്പിക്കും. കുട്ടികളെ വല്ലപ്പോഴും കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് സിദ്ദീഖിനുവേണ്ടി നൽകിയ ഹരജിയിൽ ജഡ്ജി ജോസഫ് തെക്കെകുരുവിനാൽ മുമ്പാകെ വാദം നടന്നു. എന്നാൽ മാസത്തിൽ രണ്ടുമണിക്കൂർ കോടതിയിൽവച്ചേ കുട്ടികളെ കാണാൻ അനുമതി നൽകാവൂ എന്ന് നസീമക്കുവേണ്ടി ഹാജരായ അഡ്വ. ആർ.കെ. ആശ വാദിച്ചു.

അതേസമയം, സിദ്ദീഖ് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തതായി നസീമ, ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹരജി നൽകിയിട്ടുണ്ട്. ഈ കേസ് സെപ്റ്റംബർ 25ലേക്ക് മാറ്റി. ഈ കേസിലും അന്ന് സിദ്ദീഖ് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. നസീമക്കുവേണ്ടി അഡ്വ. ആർ.കെ. ആശ, അഡ്വ. ജഹാംഗീർ റസാഖ് പാലേരി എന്നിവർ ഹാജരായി.ഈ കേസിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കുറ്റം ചുമത്തുകയാണെങ്കിൽ സിദ്ദീഖിന്റെ രാഷ്ട്രീയ ഭാവിതന്നെ അവതാളത്തിലാവും.

കോൺഗ്രസ് പാർട്ടിയും സിദ്ദീഖിനെ കൈവിടുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. സിദ്ദീഖ് ധൃതിപിടിച്ച് നടത്തിയ രണ്ടാം വിവാഹം ഉചിതമായില്ലെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച കെപിസിസി ഉപസമിതി തയാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നതായി മറുനാടൻ മലയാളി ദിവസങ്ങൾക്കുമുമ്പ റിപ്പോർട്ട് ചെയ്തിരുന്നു. സിദ്ദീഖിന്റെ നടപടി ഒരു രാഷ്ട്രീയ നേതാവിന് ഒട്ടും യോജിച്ചതായിരുന്നില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ചെയർമാനും ഡി.ബാബുപ്രസാദ്, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ അംഗങ്ങളുമായ സമിതിയുടെ വിലയിരുത്തൽ.

പ്രശ്‌നം വഷളാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് രണ്ടാംവിവാഹത്തിന് ശേഷവും സിദ്ദീഖിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആദ്യ ഭാര്യ നസീമയുമായുണ്ടായ പരസ്യ തർക്കം ഇതിന് തെളിവാണ്. തനിക്കെതിരെ പ്രതികരിക്കാൻ നസീമയെ പ്രേരിപ്പിക്കുന്നത് എം.ഐ. ഷാനവാസ് എംപിയാണെന്ന സിദ്ദീഖിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സമിതി വിലയിരുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരിക്കെ നസീമയുടെ കാൻസർരോഗം മാദ്ധ്യമങ്ങിലൂടെ പുറത്ത് വിട്ടു സഹതാപതരംഗം നേടാൻ ശ്രമിക്കുകയും, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുകയും ചെയ്ത സദ്ദീഖിന്റെ നടപടി സോഷ്യൽ മീഡിയയിൽ അടക്കം വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു.