കോഴിക്കോട്: വഖഫ് നിയമനം പി.എസി.സക്ക് വിടാൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്. വഖഫ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല. അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

ചർച്ച് ബിൽ കൊണ്ടുവന്ന് ചർച്ചയ്ക്ക് വിളിച്ച് കൂടെനിർത്താനാണ് ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിങ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നടപ്പിലാക്കാൻ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിർത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമസ്തയുടെ എതിർപ്പ് വകവെയ്ക്കാതെ വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോവുകയാണ്.
അതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മഹാറാലി സംഘടിപ്പിക്കുകയാണ്. സമസ്തയൊഴികെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം ജയമാക്കാനുള്ള പ്രതീക്ഷയിലാണ് ലീഗ്.

വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് സർക്കാരിന് പ്രത്യേക നിർബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി നേ പറഞ്ഞിരുന്നു. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.