മത്ര: പത്ര വിതരണത്തിനിടെ തലശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ടൈംസ് ഓഫ് ഒമാൻ പത്രത്തിന്റെ വിതരണക്കാരനായ തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡ് തീക്കുകൽ വീട്ടിൽ ടി.ടി. ബഷീർ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.

വെളുപ്പിന് പതിവുപോലെ പത്ര വിതരണത്തിന് ഇറങ്ങിയ ബഷീർ ചായ കുടിക്കാനായി സമാഈലിൽ നിർത്തിയപ്പോൾ ക്ഷീണം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപുതന്നെ മരണം സംഭവിച്ചു. കഴിഞ്ഞ 25 വർഷമായി പ്രവാസി ജീവിതം നയിച്ചിരുന്ന ബഷീർ മസ്‌കറ്റിലായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

പരേതരായ വി എം അബൂബക്കർ-നഫീസ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റസീന. മക്കൾ: ഷാമിസ്, ഫർസാന.