ആലപ്പുഴ: സത്യസന്ധരായ ഉദ്യോഗസ്ഥരെ ചവിട്ടിത്തേക്കാൻ കൂട്ടുനിൽക്കുന്ന സർക്കാറാണ് പിണറായി വിജയന്റേതെന്ന ആക്ഷേപം അടുത്തകാലത്തായി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായിട്ടുണ്ട്. ജേക്കബ് തോമസിന്റെയും ടി പി സെൻകുമാറിന്റെയും വിഷയത്തിൽ ഇക്കാര്യം വ്യക്തമായതാണ്. എന്നാൽ, ഇപ്പോഴിതാ കാശും പ്രമാണിയുമായി മുൻ മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടിയും സമർത്ഥയായ ഒരു ഉദ്യോഗസ്ഥയെ ബലി കൊടുക്കാൻ ഒരുങ്ങുന്നു. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിനെ സംരക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി സർക്കാർ തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇന്നലെ ആലപ്പുഴ കലക്ടർ ടി വി അനുപമക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത വിമർശനം കേൾക്കേണ്ടി വന്നു. സർക്കാർ അഭിഭാഷകൻ കലക്ടറെ പ്രതിരോധിക്കാതെ നിന്നതിനെ തുടർന്നാണ് കലക്ടർക്ക് വിമർശനം കേൾക്കേണ്ടി വന്നത്.

എന്നാൽ, ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ഫേസ്‌ബുക് പോസ്റ്റുമായി ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ. ജേക്കബ് തോമസ് സ്‌റ്റൈലിൽ ആരെയും പരാമർശിക്കാതെ സാന്ദർഭികമായാണ് അനുപമ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ഇംഗ്ലിഷ് കവയത്രി നിഖിത ഗില്ലിന്റെ വരികളാണ് അനുപമ കുറിച്ചത്. തോൽപിക്കാനും മുറിവേൽപിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷെ ഫീനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

അവർ നിങ്ങളെ തകർക്കാനും തോൽപ്പിക്കാനും ശ്രമിക്കും. അവർ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേൽപ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവർക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും എന്നാണ് അനുപമയുടെ ഫേസ്‌ബുക് പോസ്റ്റ്.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ അനുപമയ്‌ക്കെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടർ നൽകിയ രണ്ടു നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടിസ് നൽകിയത് തെറ്റായ സർവേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ അനുപമയുടെ പോസ്റ്റ്. സുഹൃത്തു കൈമാറിയ വരികൾക്കു നന്ദി പറഞ്ഞാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടൂറിസം കമ്പനിക്കു നൽകിയ നോട്ടിസിൽ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടർ ടി.വി. അനുപമ നേരത്തെ പറഞ്ഞിരുന്നു. തിരുത്തിയ നോട്ടിസാണു രണ്ടാമതു നൽകിയത്. ആദ്യത്തെ നോട്ടിസ് പിൻവലിക്കാൻ തയാറായിരുന്നു. സർവേ നമ്പറിലെ തെറ്റ് ആദ്യ നോട്ടിസിൽ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോൾ സംഭവിച്ചതാകാം.

തെറ്റു വന്നതിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടിസിലെ സർവേ നമ്പറിൽ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

കലക്ടർ പുറപ്പെടുവിച്ച ആദ്യ നോട്ടിസിൽ തുടർനടപടികൾ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചത്.