ആലപ്പുഴ: വിമർശനങ്ങളെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുക എന്ന ശൈലി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ തുടർന്നു പോന്നത് പ്രശാന്ത് നായരും ജേക്കബ് തോമസുമാണ്. ഇവരുടെ പ്രതികരണങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമർശനം വന്നതോടെ ആലപ്പുഴ കലക്ടർ അനുപമ ഐഎഎസ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിടുകയുണ്ടായി. എന്നാൽ, സംഭവം വിവാദമായതോടെ പോസ്റ്റ് കളക്ടർ പിൻ വലിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ടി വി അനുപമ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചത്. സമൂഹമാധ്യമത്തിൽ ജില്ലാ കലക്ടർക്കു പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തു വന്നതിനിടെയാണു പോസ്റ്റ് പിൻവലിച്ചത്. ഉച്ചയോടെ രണ്ടായിരത്തിലേറെപ്പേർ ലൈക്ക് ചെയ്ത പോസ്റ്റ് അഞ്ഞൂറിലേറെപ്പേർ വീണ്ടും പങ്കു വച്ചിരുന്നു. ജില്ലാ കലക്ടർ എന്ന നിലയിൽ ടി.വി. അനുപമയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന തരത്തിലാണു കുറിപ്പിനു ലഭിച്ച കമന്റുകൾ.

ഇംഗ്ലിഷ് കവയിത്രി നിഖിത ഗില്ലിന്റെ കവിത ആസ്പദമാക്കി സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പ് വെള്ളിയാഴ്ച രാത്രിയാണു കലക്ടർ ടി.വി. അനുപമ പങ്കു വച്ചത്. തോൽപ്പിക്കാനും മുറിവേൽപ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷേ, ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്നാണു പോസ്റ്റ്. തോൽപിക്കാനും മുറിവേൽപിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷെ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുമെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്.

അവർ നിങ്ങളെ തകർക്കാനും തോൽപ്പിക്കാനും ശ്രമിക്കും. അവർ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേൽപ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവർക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും എന്നാണ് അനുപമയുടെ ഫേസ്‌ബുക് പോസ്റ്റ്.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ അനുപമയ്ക്കെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടർ നൽകിയ രണ്ടു നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടിസ് നൽകിയത് തെറ്റായ സർവേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ അനുപമയുടെ പോസ്റ്റ്. സുഹൃത്തു കൈമാറിയ വരികൾക്കു നന്ദി പറഞ്ഞാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടൂറിസം കമ്പനിക്കു നൽകിയ നോട്ടിസിൽ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടർ ടി.വി. അനുപമ നേരത്തെ പറഞ്ഞിരുന്നു. തിരുത്തിയ നോട്ടിസാണു രണ്ടാമതു നൽകിയത്. ആദ്യത്തെ നോട്ടിസ് പിൻവലിക്കാൻ തയാറായിരുന്നു. സർവേ നമ്പറിലെ തെറ്റ് ആദ്യ നോട്ടിസിൽ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോൾ സംഭവിച്ചതാകാം.

തെറ്റു വന്നതിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടിസിലെ സർവേ നമ്പറിൽ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

കലക്ടർ പുറപ്പെടുവിച്ച ആദ്യ നോട്ടിസിൽ തുടർനടപടികൾ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചത്.