- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എന്നത് പൊറുക്കാനാകാത്ത തെറ്റ്; സ്വർണപ്പണിക്കാരനായ ടി വി പ്രമോദിന്റെ കടമുറി ഒഴിപ്പിച്ച് സിപിഎം; കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കയ്യൂക്ക് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം വ്യാപകം
കണ്ണൂർ: സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ബിജെപി സ്ഥാനാർത്ഥിയായതിന്റെ പേരിൽ ടി വി പ്രമോദിന് നഷ്ടമായത് ഉപജീവനമാർഗമായ സ്വർണ്ണപ്പണി എടുത്തിരുന്ന കടമുറി. സിപിഎം പാർട്ടി ഗ്രാമമായ കരിവെള്ളൂരിലെ ടി.വി. പ്രമോദിന്റെ സ്വാതി ജൂവലറിയാണ് സിപിഎം സമ്മർദ്ദത്തെ തുടർന്ന് കടയുടമ ഒഴിപ്പിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം പ്രവർത്തകർ ഭീഷണിയുമായി എത്തിയതോടെ വർഷങ്ങളായി സ്വർണപ്പണി നടത്തിയിരുന്ന കടമുറി ഒഴിയണമെന്ന് കടയുടമ ആവശ്യപ്പെടുകയായിരുന്നു. ജനുവരി 31ന് തന്റെ സാധനങ്ങളെല്ലാം വാഹനത്തിൽ കയറ്റി പോകുന്ന പ്രമോദിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്.
ബിജെപി കരിവെള്ളൂർ-പെരളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ പ്രമോദ്, പയ്യന്നൂർ ബ്ലോക്കിലെ കരിവെള്ളൂർ ഡിവിഷനിലും ഭാര്യ ബിന്ദു കരിവെള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡായ കുണിയൻ പടിഞ്ഞാറിലുമാണ് മത്സരിച്ചത്. സിപിഎം ശക്തി കേന്ദ്രമായ ഡിവിഷനിൽ പ്രമോദിന് 938 വോട്ടും ഭാര്യയ്ക്ക് 131 വോട്ടും ലഭിച്ചിരുന്നു. കൂടാതെ പഞ്ചായത്തിലെ പെരളം ഒമ്പതാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി 258 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതൊക്കെയാണ് പ്രമോദിന്റെ കടയൊഴിപ്പിക്കാൻ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്.
മുപ്പത് വർഷത്തിലധികമായി പ്രമോദിന്റെ കുടുംബം ഈ കടയിൽ സ്വർണപ്പണി ചെയ്തു വരികയായിരുന്നു. പ്രമോദ് സ്വർണപ്പണിയും ഭാര്യ ബിന്ദു ഇതേ മുറിയിൽ തുന്നൽ ജോലിയും ചെയ്യുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രമോദും ഭാര്യയും ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ചതോടെയാണ് കടയടപ്പിക്കാൻ ശ്രമം തുടങ്ങിയത്. ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട കടയുടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയാണ് കടയൊഴിപ്പിച്ചതെന്ന് പ്രമോദ് മറുനാടനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം പലതവണ പ്രമോദിന് നേരെ സിപിഎമ്മുകാർ വധഭീഷണി മുഴക്കിയിരുന്നു. വീടിന് നേരെ അക്രമണ ശ്രമവുമുണ്ടായി. ഏതാനും ദിവസം മുമ്പ് സിപിഎമ്മുകാർ കട കരിഓയിലൊഴിച്ച് വികൃതമാക്കിയിരുന്നു. പാർട്ടി കേന്ദ്രത്തിൽ ജീവിക്കണമെങ്കിൽ പ്രമോദിന്റെ കടയൊഴിപ്പിക്കണമെന്ന് സിപിഎം നേതൃത്വം ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രമോദിനോട് ഉടമ കടയൊഴിയാൻ നിർദ്ദേശിച്ചു. 31ന് പ്രമോദ് സാധനങ്ങളെല്ലാം സ്വന്തം വീട്ടിലേക്ക് മാറ്റി.
ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രമോദിന്റെ കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം ഇതോടെ മുടങ്ങി. ജീർണ്ണാവസ്ഥയിൽ കിടക്കുന്ന വീട് പുനർനിർമ്മിക്കാൻ സഹായം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ബിജെപി പ്രവർത്തകനായി എന്ന കാരണത്താൽ ഇവയെല്ലാം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ