ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ ടി വി ആർ ഷേണായ് (77) അന്തരിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2003ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിയാണ് ടിവി ആർ ഷേണായ്. ഹൃദ്രോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു ഷേണായ്. മൃതദേഹം ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഡൽഹിയിൽ നടക്കും. എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവർ മക്കളാണ്.

ദീർഘകാലം മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു ഷേണായ്. പിന്നീട് ദ വീക്ക് എഡിറ്ററായും പ്രവർത്തിച്ചു. മാതൃഭൂമി ഉൾപ്പെടെ നിരവധി പത്രങ്ങളിൽ കോളമിസ്റ്റായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ എക്സ്‌പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് വന്ന ഷേണായി സൺഡേ മെയിൽ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. പ്രസാദ്ഭാരതി നിർവാഹണ സമിതിയംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

1965-ൽ ആണ് മനോരമയിൽ ഡൽഹി ബ്യൂറോയിൽ എത്തുന്നത്. കാൽനൂറ്റാണ്ടോളം മനോരമയിൽ പ്രവർത്തിച്ചു. പിന്നീട് 1990-92 കാലത്ത് സൺഡേ മെയിലിൽ പ്രവർത്തിച്ചശേഷം സ്വതന്ത്രപത്രപ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു. അഞ്ചു പതിറ്റാണ്ടോളം മാധ്യമലോകത്ത് പ്രവർത്തിച്ച അദ്ദേഹം പല വിഷയങ്ങളിലും കേരളത്തിൽ പ്രഭാഷണങ്ങളും നടത്തി.

ശക്തമായ ഭാഷയിലൂടെ സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ വലിയ ചർച്ചകളായി. ഷേണായ് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതി. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങളിലൂടെ ഏറെ ആരാധകരുണ്ടായി. ഓക്‌സ്‌ഫോർഡ് സർവകലാശാലയടക്കം വിവിധ വേദികളിൽ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടർ വിസ്ഡം' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ടി.വി.ആർ. ഷേണായിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദേശീയ- അന്തർദേശീയ തലങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളി പത്രപ്രവർത്തകനായിരുന്നു ടി.വി.ആർ. ഷേണായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ഗഹനമായ ദേശീയ-അന്തർദേശീയ പ്രശ്‌നങ്ങൾ വായനക്കാർക്കു മുമ്പിൽ ലളിതമായും ഉൾക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതിൽ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം കേരളത്തിന്റെ അംബാസിഡറായാണ് അറിയപ്പെട്ടത്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവർ പോലും പത്രപ്രവർത്തന മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ വിലമതിക്കും. പത്രപ്രവർത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി വി ആർ ഷേണായിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ കുലപതികളൊരാളെയാണ് അദ്ദേഹത്തിന്റെ നിര്യണത്തോടെ നഷ്ടമായിരിക്കുന്നതെന്ന്  രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. താൻ ഡൽഹിയിലെത്തിയ കാലം മുതൽ ഒരു മുതിർന്ന ജ്യേഷ്ഠനെന്നപോലെ തനിക്ക് മാർഗ നിർദ്ദേശവും വഴികാട്ടിയുമായി നിലകൊണ്ട ടി വി ആർ ഷേണായിയുടെ വിയോഗം വ്യക്തിപരമായി തനിക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.