ന്യൂഡൽഹി: ടി.വി.ആർ.ഷെണോയി സഫലമായ ഒരുജീവിതം പൂർത്തിയാക്കി വിടവാങ്ങിയപ്പോൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത ട്വിറ്ററിൽ കുറിച്ചു: മറ്റൊരു കുലപതി കൂടി പോയിരിക്കുന്നു...ടി.വി.ആർ.ഷെണോയ്.ഒരു റിപ്പോർട്ട് തയ്യാറാക്കാനോ, ഉറവിടം കണ്ടെത്താനോ തന്നെ സമീപിക്കുന്ന ഒരു യുവമാധ്യമപ്രവർത്തകനോടും അദ്ദേഹം സാധ്യമല്ല എന്ന വാക്ക് പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഷെണോയിയുടെ മഹത്വം.എന്തിലും അവസാന വാക്കായിരുന്നു ഷെണോയ്. രാഷ്ട്രീയമായാലും, സാമ്പത്തിക ശാസ്ത്രമായാലും, കലയായാലും. ദ വീക്ക് വാരികയിൽ നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം അതിൽ എഴുതിയ കോളത്തിന്റെ പേര് ലാസ്റ്റ് വേഡ് എന്നായിരുന്നു.ആഴമേറിയ രാഷ്ട്രീയ ഉൾക്കാഴ്ചകളാൽ സമ്പന്നമായ കോളം ജനപ്രിയമായിരുന്നു.

ലാസ്റ്റ് വേഡ്

1982 ൽ തുടങ്ങിയ ദ വീക്കിന്റെ ആദ്യ ഡൽഹി ബ്യൂറോ ചീഫായിരുന്നു ടി.വി.ആർ.ഷെണോയ്. പിന്നീട് അദ്ദേഹം വാരികയുടെ പത്രാധിപരാവുകയും, 1989 വരെയും ആ പദവിയിൽ തുടരുകയും ചെയ്തു.മലയാള മനോരമ ദ വീക്ക് വാരിക തുടങ്ങിയ കാലത്തെ ഒരു സംഭവം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തന്റെ സ്മൃതി-വിസ്മൃതി എന്ന പരമ്പരയിൽ ഓർത്തെടുക്കുന്നത് ഇങ്ങനെ:'ടി.വി.ആർ. ഷേണായി മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു. പിന്നീടദ്ദേഹം 'THE WEEK'എന്ന മനോരമയുടെ സഹോദര പ്രസിദ്ധീകരണത്തിന്റെ ചീഫ് ആയി. അവിടെയുമുണ്ടൊരു സവിശേഷത. മനോരമയുടെ അധികാരികൾ ഒരു ഇംഗ്ലീഷ് വാരിക തുടങ്ങാൻ തീരുമാനിക്കുന്നു. വാരികയ്ക്ക് ഒരു നല്ല പേരു വേണം. ചീഫ് എഡിറ്ററായിരുന്ന, ഞങ്ങൾക്കേവർക്കും അത്ര മേൽ പ്രിയപ്പെട്ട മാത്തുക്കുട്ടിച്ചായൻ(കെ.എം.മാത്യു) പ്രഖ്യാപിച്ചു. ഏറ്റവും നല്ല പേര് നിർദ്ദേശിച്ചാൽ അതിന് ചീഫ് എഡിറ്ററുടെ വക ഒരു സമ്മാനം.

സമ്മാനം എന്നു പറഞ്ഞാൽ കാഷ് അവാർഡ്. നന്നെ ചെറിയ തുകയല്ല. പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളൊക്കെ രാവും പകലും തലപുകഞ്ഞാലോചിക്കാൻ തുടങ്ങി.
സംഗതി എഴുപ്പമായിരുന്നില്ല. കാരണം, പല നിബന്ധനകളുമുണ്ടായിരുന്നു: ചെറിയ പേരായിരിക്കണം. ഒറ്റവാക്കിൽ - പരമാവധി രണ്ടുവാക്കിൽ ഒതുങ്ങണം. എഴുതാനും പറയാനും എളുപ്പമുള്ളതാവണം. കേൾക്കാൻ സുഖമുള്ളതാവണം. കേൾക്കുന്നവർക്ക് പെട്ടെന്ന് സംഗതി പിടികിട്ടണം. ഒരു വാരികയ്ക്ക് പറ്റിയ ഉചിതമായ സുന്ദരൻ പേരായിരിക്കണം.
ഞങ്ങൾ പേരുകൾക്കു പുറകെ ഓട്ടം തുടങ്ങി. പക്ഷെ എല്ലാ ലക്ഷണവും ഒത്തുകിട്ടുന്നില്ല. പേര് നന്ന്, പക്ഷെ പറയാൻ എളുപ്പമല്ല. പറയാൻ എളുപ്പമാണ്, എന്നാൽ കേൾക്കാൻ സുഖമില്ല.

പറയാനും കേൾക്കാനും പറ്റിയ പേരും കിട്ടി. പക്ഷെ എന്താണ് സംഗതി എന്ന് ആർക്കും പിടികിട്ടിയില്ല. ആദ്യത്തെ കണ്മണിക്ക് പറ്റിയ ഒരു പേര് കണ്ടുപിടിക്കാൻ അച്ഛനും അമ്മയും സ്വന്തക്കാരും ബന്ധുക്കളും പെടാപ്പാട് പെടുന്നതുപോലെയായി ഞങ്ങൾ. പതിവില്ലാത്ത പല മാർഗ്ഗങ്ങളും പരീക്ഷിച്ചു. ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ചൊല്ലി നോക്കി; ബൈബിളിലൂടെയും ഭഗവദ്ഗീതയിലൂടെയും ഖുർ-ആനിലൂടെയും സഞ്ചരിച്ചുനോക്കി. ശബ്ദതാരാവലിയിൽ നീന്തിത്തുടിച്ചു. ഒരു രക്ഷയുമില്ല.എന്നാൽ ഇനി സഞ്ചാരം ഇംഗ്ലീഷുവാക്കുകളോടൊപ്പമാവാം എന്നു തീരുമാനിച്ചു.

ഊണും ഉറക്കവും ഓക്സ്ഫഡ് ഡിക്ഷ്ണറിയിലാക്കി; എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഓരോ പേജിലും പലവട്ടം തപ്പിത്തടഞ്ഞുനോക്കി; ഇംഗ്ലീഷ് ഡിക്ഷ്ണറികളിലൂടെ കണ്ണും പൂട്ടി നടക്കാമെന്നായി. എന്തായിട്ടും പുതിയ വാരികയ്ക്കു പറ്റിയ ഒരു പേര് കൈയിൽ തടയുന്നില്ല!
അങ്ങിനെയിരിക്കെയാണ്, ഒരു ദിവസം പെട്ടെന്ന് ആ വാർത്ത പൊട്ടിവീണത്.
കിട്ടി, പുതിയ ഇംഗ്ലീഷു വാരികയ്ക്ക് പറ്റിയ പേരു കിട്ടി......

അതെന്താണാവോ? എല്ലാവർക്കും ഉൽക്കണ്ഠ, ഉദ്വേഗം.THE WEEK- അതാണ് പേര്. ആ പേരാണ് തെരഞ്ഞെടുത്തത്. പറഞ്ഞു കേട്ടപ്പോൾ, ഞങ്ങളിൽ പലർക്കും തോന്നി; ഈ പേര് എനിക്കും നിർദ്ദേശിക്കാമായിരുന്നു.... പക്ഷെ, നമ്മൾ ആലോചിച്ചതും അന്വേഷിച്ചതും പുതിയ വാരികയ യ്ക്ക് പറ്റിയ പേരായിരുന്നില്ലേ? അപ്പോൾ അതാ മറ്റൊരു വിസ്മയം: ഈ പേര് നിർദ്ദേശിച്ചത് നമ്മുടെ ഷേണായി സാറാണ്! സ്വാഭാവികമായും സാർ സമ്മാനാർഹനായി.'

സ്‌കൂപ്പുകളുടെ രാജാവ്

സ്‌കൂപ്പുകളുടെ രാജാവായിരുന്നു ടി.വി.ആർ.ഷെണോയ്. അദ്ദേഹം മനോരമയ്ക്ക് വേണ്ടി സംഭാവന ചെയ്ത സ്‌കൂപ്പുകൾ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഓർത്തെടുക്കുന്നു:'ഒരു മുതിർന്ന പത്രപ്രവർത്തകൻ എന്ന നിലയിൽ, മലയാള മനോരമയ്ക്ക് മാത്രമായി നിരവധി സ്‌ക്കൂപ്പുകൾ ദേശീയ തലത്തിൽത്തന്നെ പലപല പ്രത്യാഘാതങ്ങളുമുണ്ടാക്കിയ നിരവധി എക്സ്‌ക്ലൂസീവ് വാർത്തകളും സംഭാവന ചെയ്തിട്ടുണ്ട്. സദാ അന്വേഷണ കുതുകിയായ ഈ പ്രതിഭാശാലി. ഓർമ്മശക്തി അപാരം. ഒന്നാംതരം ഭാഷ. വേറിട്ട ശൈലി.

നീട്ടിപ്പരത്തി പറയുക എന്ന ദുശ്ശീലവുമില്ല. അടക്കിയൊതുക്കി ചുരുക്കി പറയുന്നതാണ് പതിവ് രീതി. (ഒരു തമാശ പറയാറുണ്ട്: ഒരു മാതിരി പത്രപ്രവർത്തകർക്കൊക്കെ ആഭിമുഖ്യം 'ലാർജി'നോടാണ്. എന്നാൽ ഷേണായിയാവട്ടെ, Small is beautiful എന്ന പക്ഷക്കാരനാണ്!)
ഞാൻ വ്യക്തമായി ഓർക്കുന്നു: വർഷം 1966. കാസർകോട് പ്രശ്നം. അക്കാര്യം അന്വേഷിച്ച് ശുപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട മഹാജൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിക്കഴിഞ്ഞ സന്നിദ്ധ കാലഘട്ടം.

കാസർകോട് ആർക്ക് കിട്ടും? കേരളത്തിനോ, കർണ്ണാടകത്തിനോ? പത്രങ്ങളിലൊക്കെ ഊഹാപോഹങ്ങളുടെ നിലയ്ക്കാത്ത പെരുമഴ. ഒടുവിലൊടുവിലായപ്പോൾ കാസർകോട് കർണ്ണാടകത്തിന്റെ നവവധുവാകും എന്ന മട്ടിലായി വാർത്തകൾ. അപ്പോഴാണ്, ഒരു വൈകുന്നേരം, ഡൽഹിയിൽ നിന്ന് ടി.വി.ആർ.ഷേണായിയുടെ സൂപ്പർഫ്ളാഷ് സ്‌ക്കൂപ്പ് മലയാളമനോരമയുടെ കേരളത്തിലെ ടെലിപ്രിന്റിൽ തെളിയുന്നത്:
KASERKODE PREFERS KERALA......

അവിശ്വസനീയമായിരുന്നു ഞങ്ങൾ പത്രാധിപസമിതിയംഗങ്ങൾക്ക് ആ ഫ്ളാഷ് വാർത്ത. പി.ടി.ഐയും യു.എൻ.ഐയും വാർത്തകൾ വാരിക്കോരി ചൊരിയുന്ന എഡിറ്റോറിയൽ റൂമിലെ ടെലിപ്രിന്ററുകളുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടി. ഇല്ല..മഹാജൻ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം പോലുമില്ല. അപ്പോഴാണ്, ഷേണായിയുടെ അടുത്ത വാചകം: KASERKODE COMES TO KERALA. DEADLOCK ENDS... WEDLUCK IS CERTAIN....കാസർകോട് കേരളത്തിന്.. മഹാജൻ കമ്മീഷന്റെ ശുപാർശ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.

മലയാളമനോരമയിൽ - മലയാളമനോരമയിൽ മാത്രം - പിറ്റേന്ന് ആ സുപ്രധാന വാർത്ത വന്നു. ഒന്നാം പേജിൽ. എട്ടുകോളം തലക്കെട്ടിൽ!മറ്റൊരു സുപ്രധാന സംഭവവും ഓർമ്മ വരുന്നു. 1970 ലെ ബാങ്കു ദേശവൽക്കരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതിധീരവും അതിലേറെ സാഹസികവുമായ ഒരു നിർണ്ണായക നടപടിയായിരുന്നുവല്ലൊ ബാങ്ക് ദേശവൽക്കരണം. മുൻകൂട്ടി ഒരു നേരിയ സൂചനയെങ്കിലും പുറത്തറിഞ്ഞാൽ എല്ലാം കളത്തിലിറങ്ങും എന്നറിയാവുന്ന ഇന്ദിരാഗാന്ധി അതീവരഹസ്യമായാണ് കരുക്കൾ നീക്കിയത്.

ദേശവൽക്കരണത്തിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമൂലം നിയന്ത്രിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം വരാൻ പോകുന്നു എന്ന് ഷേണായി സാർ പ്രവചിച്ചിരുന്നു. - ബാങ്ക് ദേശസാൽക്കരണം എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. പ്രഖ്യാപനം വന്ന ദിവസം, ഇന്ദിരയുടെ ഈ ധീരമായ നടപടിയുടെ ഉൽപ്പത്തി മുതൽക്കുള്ള എല്ലാ പ്രേരണകളേയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് ടി.വി.ആർ. എഴുതി അയച്ച അവലോകനവും ഞാൻ ഓർക്കുന്നു.

SHE DID IT.WHY? ONLY SHE CAN DO IT... THE RIGHT TIME TO ACT... NOW OR NEVER...
1971-ൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭ പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതും ശുപാർശ ചെയ്തതും. തീരുമാനം പരസ്യമാവുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഡൽഹിയിൽ നിന്ന് ടി.വി.ആറിന്റെ ഒരു സൂപ്പർ ഫ്ളാഷ് വന്നു:

LOK SABHA TO BE DISSOLVED ELECTION IS AROUND THE CORNER. പിറ്റെ ദിവസം, ഒന്നാം പേജിൽ മനോരമ ആ വാർത്ത ലീഡ് സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. വായിച്ചവരെല്ലാം പരസ്പരം ചോദിച്ചു:
നേരോ? നേരോ?രണ്ടാം നാൾ പ്രഖ്യാപനം വന്നു. 1975-ലെ അടിയന്തിരാവസ്ഥ വാർത്തയായി വരും മുമ്പും ടി.വി.ആർ. സംഗതി മണത്തറിഞ്ഞിരുന്നു....
ബാങ്ക് ദേശവൽക്കരണമായാലും ലോക്സഭ പിരിച്ചുവിടുന്ന കാര്യമായാലും, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമായാലും, ഒരു പതിവു ശീലം എന്നപോലെ, അർദ്ധരാത്രിക്കാണ് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം വരാറുള്ളത്. ഇതിനെപ്പറ്റി ഒരിക്കൽ ഒരു വാരാന്ത്യ വാർത്താ അവലോകനത്തിൽ, കാവ്യാത്മകമായി ടി.വി.ആർ. എഴുതി:
'ALL CRUCIAL DECISIONS DAWN ON HER ALWAYS AFTER SUNSET....''

അഞ്ച് പതിറ്റാണ്ടത്തെ പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം വരച്ചിട്ട മാർഗരേഖകൾ അനവധിയാണ്. മാധ്യമവിദ്യാർത്ഥികൾക്ക് ഒരുപാഠപുസ്തകമാണ് ആ ജീവിതം. രണ്ടുപതിറ്റാണ്ടായി സ്വതന്ത്ര പത്രപ്രവർത്തനം തുടർന്നിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനും മടിച്ചില്ല. കേന്ദ്ര സർക്കാരിനും ബിജെപിക്കും അനുകൂല നിലപാടാണ് ഏറ്റവും ഒടുവിൽ അദ്ദേഹം സ്വീകരിച്ച് പോന്നത്.

കടപ്പാട്:ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ സ്മൃതി വിസ്മൃതി-3