തിരുവനന്തപുരം: മലയാളി വീട്ടമ്മമാർക്ക് പ്രിയപ്പെട്ട കണ്ണീർ സീരിയലുകൾ പൂർണ്ണമായും കാണാൻ സാധിക്കില്ലേ? സീരിയൽ നിരോധിക്കണമെന്ന ആവശ്യം ഒരു വശത്തുനിന്നും ശക്തമായി ഉയരുന്നതിനിടെ തന്നെ മന്ത്രിയും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്ത് രംഗത്തെത്തി. ടി വി സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തുന്നത് പരിഗണനയിൽ ആണെന്നാണ് മന്ത്രി കെ സി ജോസഫ് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സീരിയലുകളുടെ ദുരവസ്ഥയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. സീരിയലുകൾ നഷ്ട പ്രതാപമായി മാറുന്നു. വാർത്തകൾ ജനങ്ങളിൽ എത്തിക്കുമ്പോഴും വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ മാദ്ധ്യമ നിയന്ത്രണം സർക്കാരിന്റെ അജണ്ടയിലില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

മലങ്കര കത്തോലിക്ക സഭ മാദ്ധ്യമ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ ത്രിദിന ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.