ദുബായ്: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ നിന്നും ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് പിന്മാറിയത് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാൻ മടിച്ചെന്ന് റിപ്പോർട്ട്. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മത്സരത്തിന് മുൻപ് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ക്രിക്‌ബസ് ഉൾപ്പടെയുള്ള ക്രിക്കറ്റ് വെബ്സൈറ്റുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കാര്യത്തിൽ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാൻ മടിച്ച ഡികോക്കിന്റെ തീരുമാനം ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കും' എന്നും ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിൻഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലിവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നന്ദി പറഞ്ഞു. ലോകകപ്പിൽ തുടർ മത്സരങ്ങളിലും താരങ്ങൾ നിർദ്ദേശം പാലിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു.

ഡിക്കോക്കിന് പകരം റീസ ഹെൻഡ്രിക്സാണ് പ്ലേയിങ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തിൽ നിന്ന് പ്രോട്ടീസ് ടീമിലെ ഏക മാറ്റം ഡിക്കോക്കിന്റെ അസാന്നിധ്യമാണ്. ടീമിൽ ആഭ്യന്തര കലഹമെന്ന രീതിയിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്.

ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതായാണ് ടോസ് വേളയിൽ നായകൻ തെംബ ബവൂമ വ്യക്തമാക്കിയത്. 

വിമർശിച്ച് താരങ്ങൾ
ഡി കോക്കിനെ വിമർശിച്ച് ഡാരൻ സമി, ദിനേശ് കാർത്തിക് എന്നീ താരങ്ങൾ രംഗത്തെത്തി. ഓസീസ് മുൻ ഓൾറൗണ്ടറും കമന്റേറ്ററുമായ ഷെയ്ൻ വാട്സണും ഡിക്കോക്കിന്റെ പിന്മാറ്റത്തോട് പ്രതികരിച്ചിട്ടുണ്ട്. 'വലിയ ഞെട്ടൽ, എന്തോ ആഭ്യന്തര പ്രശ്നം ദക്ഷിണാഫ്രിക്കൻ ടീമിൽ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാർ സ്പോർട്സിൽ വാട്സന്റെ പ്രതികരണം. 'ഡിക്കോക്കിന്റെ അസാന്നിധ്യം വെസ്റ്റ് ഇൻഡീസിന് മുൻതൂക്കം നൽകും' എന്നായിരുന്നു ഇതേസമയം ഇതിഹാസ താരം ബ്രയാൻ ലാറയുടെ പ്രതികരണം.