ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആവേശത്തുടക്കം.റൗണ്ടിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഒമാന് തകർപ്പൻ ജയം. പാപ്പുവ ന്യൂ ഗിനിയയെ പത്തുവിക്കറ്റിനാണ് ഒമാൻ തകർത്തത്. പാപ്പുവ ന്യൂ ഗിനിയ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.

ഗ്രൂപ്പ് ബി യിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് വേണ്ടി ഓപ്പണർമാരായ ജതീന്ദർ സിങ്ങും ആഖിബ് ഇല്യാസും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അർധസെഞ്ചുറി നേടി.

ഇന്ത്യയിൽ വേരുകളുള്ള ജതീന്ദർ 42 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 73 റൺസെടുത്തും ആഖിബ് 43 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും ബലത്തിൽ 50 റൺസെടുത്തും പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയയ്ക്ക് വേണ്ടി നായകൻ ആസാദ് വാല മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 43 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ താരം 56 റൺസെടുത്ത് പുറത്തായി. 37 റൺസെടുത്ത ചാൾസ് അമിനിയും മികച്ചു നിന്നു. പാപ്പുവ ന്യൂ ഗിനിയ ടീമിലെ എട്ട് താരങ്ങൾക്ക് രണ്ടക്കം പോലും കടക്കാനായില്ല.

മികച്ച ബൗളിങ് കാഴ്ചവെച്ച ഒമാൻ പാപ്പുവ ന്യൂ ഗിനിയയെ ശരിക്കും വരിഞ്ഞുമുറുക്കി. റൺസെടുത്തുന്നതിനുമുൻപ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ അമിനിയും വാലയും ചേർന്നാണ് രക്ഷിച്ചത്. ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാൻ മഖ്സൂദ് നാല് വിക്കറ്റ് വീഴ്‌ത്തി. ബിലാൽ ഖാൻ, കലീമുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.