ഷാർജ: ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്കയെ നേരിടും. ഷാർജയിൽ മൂന്നരയ്ക്കാണ് മത്സരം. ഓരോ ജയവും ഓരോ തോൽവിയുമുള്ള ഇരുടീമിനും സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

ആദ്യ മത്സരത്തിൽ വിവാദ തീരുമാനത്തോടെ വിട്ടുനിന്ന ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയേക്കും. ഇരുടീമും ട്വന്റി 20 ലോകകപ്പിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2012ലും 2016ലും ദക്ഷിണാഫ്രക്ക ജയിച്ചപ്പോൾ, 2014ൽ ജയം ശ്രീലങ്കയ്ക്കൊപ്പം ആയിരുന്നു.

ഇന്നത്തെ രണ്ടാം മത്സരം വമ്പൻ പോരാട്ടമാണ്. ഇംഗ്ലണ്ട് രാത്രി ഏഴരയ്ക്ക് ദുബായിൽ ഓസ്ട്രേലിയയെ നേരിടും. ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേർക്കുനേർവരുന്നത്. ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്.

2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ട്വന്റി 20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. ടോസ് നേടുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതെ ബൗളിങ് തിരഞ്ഞെടുക്കും.