ദുബായ്: വിമർശനങ്ങളിൽ മുറിവേറ്റപ്പോൾ വീര യോദ്ധാക്കളായി മാറിയ ഡേവിഡ് വാർണറും, മിച്ചൽ മാർഷും. ഇരുവരിലും വിശ്വാസം അർപ്പിച്ച് ദൗത്യം ഏൽപ്പിച്ച തന്ത്രശാലിയായ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ട്വന്റി 20 ലോകകപ്പുമായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമ്പോൾ ഏറ്റവും ആശ്വാസവും ആഹ്ലാദവും ഇവരുടെ മനസുകളിലാകും. കാരണം വെറുക്കപ്പെട്ടവരിൽ നിന്നും രാജ്യത്തിന്റെ വീരനായകരിലേക്കുള്ള പരിണാമമാണ് ഇവർക്ക് ഈ ലോകകപ്പ് കിരീട നേട്ടം.

അഞ്ച് ഏകദിന ക്രിക്കറ്റ് കിരീട നേട്ടങ്ങളുടെ പേരും പെരുമയും ഉണ്ടെങ്കിലും ക്രിക്കറ്റിന്റെ ചെറുപൂരത്തിനെത്തി എന്നും ഒഴിഞ്ഞ കൈകളുമായി മടങ്ങിയ ചരിത്രമായിരുന്നു ഇന്നോളം ഓസ്‌ട്രേലിയയ്ക്ക് ഉണ്ടായിരുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഇംഗ്ലണ്ടും ശ്രീലങ്കയും ഓരോ തവണയും വെസ്റ്റ് ഇൻഡീസ് രണ്ട് തവണയും സ്വന്തമാക്കിയ ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക് കിട്ടാക്കനി ആയിരുന്നു.

ട്വന്റി 20 ലോകകപ്പിന്റെ ഏഴാം പതിപ്പിന് എത്തുമ്പോൾ ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു ഓസിസ്. ബംഗ്ലാദേശിൽ അടക്കം തുടർച്ചയായി അഞ്ച് ട്വന്റി 20 പരമ്പരകൾ തോറ്റ് ഏഴാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ യുഎഇയിലെത്തിയത്.

പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ഈ തുടർതോൽവികൾ എന്നത് വിമർശകർ മറന്നു. എന്നാൽ എത്ര വലിയ തകർച്ചയിൽ നിന്നും തിരിച്ചുവരാനുള്ള ഓസ്‌ട്രേലിയയുടെ കരുത്ത് വിമർശകർ മറന്നുപോയി. ഇവിടെയാണ് ജസ്റ്റിൻ ലാംഗർ എന്ന പ്രധാന അദ്ധ്യാപകരന്റെ തന്ത്രങ്ങൾ ഫലം കണ്ടത്. കടുപ്പക്കാരനായ 'അദ്ധ്യാപകന്റെ ശൈലി' ലാംഗറിനെതിരെ ടീമിനുള്ളിൽ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയർത്തിയെങ്കിലും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വിശ്വാസം കൈവിട്ടില്ല.

ടീമിന്റെ ഘടനയിൽ 'ചെറിയ' മാറ്റങ്ങൾ വരുത്തിയാണ് ലാംഗർ ലോകകപ്പിന് ടീമിനെ ഒരുക്കിയത്. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളർമാർ എന്ന ശൈലി ഉപേക്ഷിച്ച് പാർടൈം ബൗളർമാരുടെ വൈവിധ്യം പരീക്ഷിച്ചു. മാക്‌സ് വെല്ലിനെ പവർപ്ലേയിൽ പോലും പന്തേൽപ്പിക്കാൻ നായകൻ ആരോൺ ഫിഞ്ചിനെ പ്രേരിപ്പിച്ചതും ഈ വിശ്വാസം. ഒപ്പം മിച്ചൽ മാർഷിനെ മൂന്നാം നമ്പറിൽ ഇറക്കി. ഫിഞ്ചും വാർണറും ഓപ്പൺ ചെയ്യുമ്പോൾ കൂറ്റനടിക്ക് പ്രാപ്തനായ മിച്ചൽ മൂന്നാം നമ്പറിൽ. ഈ മാറ്റമാണ് ഇന്നലെ കിവീസിനെതിരെ തുടക്കത്തിൽ തന്നെ മേധാവിത്വം നൽകാൻ ഓസിസിന് പ്രാപ്തി നൽകിയത്.

ആരോൺ ഫിഞ്ച് മൂന്നാം ഓവറിൽ അഞ്ച് റൺസുമായി മടങ്ങിയപ്പോൾ മിച്ചൽ മാർഷ് അതിവേഗം സ്‌കോർ ഉയർത്തി. ആഡം മിൽനെയുടെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തിയ മാർഷ്, രണ്ടും മൂന്നും പന്തുകളിൽ ബൗണ്ടറി നേടിയതോടെ പവർപ്ലേയിൽ മത്സരം ഓസിസ് വരുതിയിലാക്കി. അടുത്ത ഓവറുകളിലും കിവീസ് ബൗളർമാരെ കടന്നാക്രമിച്ച മാർഷാണ് തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയയ്ക്ക് മേധാവിത്വം നൽകിയത്. വാർണർ അർദ്ധ സെഞ്ചുറിയുമായി മടങ്ങിയപ്പോൾ സ്മിത്തിന് പകരം മാക്‌സ് വെല്ലിനെ ക്രീസിലെത്തിച്ച് ഫിനിഷിങ് അതിവേഗത്തിലാക്കി.

പാക്കിസ്ഥാനെതിരെ സെമി ഫൈനലിൽ വിജയം കണ്ടതും ലാംഗറിന്റെ മറ്റൊരു തന്ത്രമായിരുന്നു. ബിഗ് ബാഷ് ലീഗിൽ ഓപ്പണർമാരായി തിളങ്ങിയ മാർക്കസ് സ്റ്റോയിനിസിനെയും മാത്യൂ വെയ്ഡിനെയും ഫിനിഷിങ് ചുമതല ഏൽപ്പിക്കാനുള്ള നീക്കമാണ് തോൽവി മുന്നിൽ കണ്ട മത്സരത്തിൽ ഓസിസിനെ ഫൈനലിലേക്ക് കൈപിടിച്ച് ഉയർത്തിയത്. ഇന്ത്യയേയും കിവീസിനെയും വിറപ്പിച്ച ഷഹീൻ ഷാ അഫ്രീദിയെ തുടർച്ചയായി സിക്‌സറിന് തൂക്കി വെയ്ഡ് വിജയ നായകനായപ്പോഴും കംഗാരുപ്പടയെ അപകടകാരികളാക്കി മാറ്റിയതിന്റെ ക്രഡിറ്റ് ലാംഗറിന് സ്വന്തം.

ബൗളിംഗിലും ഈ വൈവിധ്യം തിരിച്ചറിയാനാകും. ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടി ഇറങ്ങി പിച്ചിന്റെ സ്വഭാവം മനപാഠമാക്കിയ ജോഷ് ഹേസൽവുഡും മധ്യ ഓവറുകളിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ആദം സാംപയുമായിരുന്നു ബൗളിംഗിലെ കുന്തമുനകൾ. ഇവർ നിറം മങ്ങിയാലും ഓസിസിന് മുന്നോട്ട് കുതിക്കാൻ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മിച്ചൽ മാർഷും മാക്‌സ് വെല്ലും കരുതൽ ശേഖരമായി ഉണ്ടായിരുന്നു. ഈ വൈവിധ്യങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ ആരോൺ ഫിഞ്ചിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരെ ഏറ്റ തോൽവി ഒഴിച്ചു നിർത്തിയാൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പാക്കാനായി എന്നതാണ് ഓസിസിന്റെ വിജയത്തിന് ആധാരം.

ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ ആറിലും ടോസിന്റെ ഭാഗ്യം ആരോൺ ഫിഞ്ചിനെ തുണച്ചു എന്നതും നിർണായകമാണ്. പ്രത്യേകിച്ച് ആദ്യ രണ്ട് മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട് തോൽവി ഏറ്റു വാങ്ങേണ്ടി വന്ന വിരാട് കോലിയുടെ അനുഭവം വച്ചു നോക്കുമ്പോൾ. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ അയൽക്കാരായ ന്യൂസിലൻഡിന്റെ സ്വപ്നങ്ങൾ എട്ട് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരായത്. 173 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനിൽക്കേ നേടുകയായിരുന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റുമായി ജോഷ് ഹേസൽവുഡ് താരമായപ്പോൾ ഡേവിഡ് വാർണർ(38 പന്തിൽ 53), മിച്ചൽ മാർഷ്(50 പന്തിൽ 77*), ഗ്ലെൻ മാക്സ്വെൽ(18 പന്തിൽ 28*) എന്നിവരാണ് ബാറ്റിങ് ഹീറോകൾ.

വിശ്വ വിജയിയായ അച്ഛനെപ്പോലെ മകനും
അധിക്ഷേപങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ മിച്ചൽ മാർഷും ഡേവിഡ് വാർണറും ആയിരുന്നു ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ഫൈനലിൽ ഓസ്ട്രേലിയയുടെ മിന്നും താരങ്ങൾ. 2010ലെ അണ്ടർ 19 ലോകകപ്പിൽ ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച അന്നത്തെ കൗമാരപ്രതിഭ മിച്ചൽ മാർഷ് സീനിയർ ടീമിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു ആരാധകർക്ക്. 1987ലെ ഏകദിന ലോകകപ്പിൽ 428 റൺസ് നേടിയ ജെഫ് മാർഷിന്റെ ബാറ്റിങ് മികവായിരുന്നു അലൻ ബോർഡറുടെ സംഘത്തെ വിശ്വവിജയിയാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചത്. ഇതിഹാസ താരമായ ആ പിതാവിന്റെ പാതയിലേക്കാണ് മക്കളായ മിച്ചൽ മാർഷും ഷോൺ മാർഷും നടന്നെത്തുക എന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ.

ആരാധകർ ഏറെ പ്രതീക്ഷവച്ചെങ്കിലും പരിക്കും മോശം ഫോമും വിടാതെ പിന്തുടർന്നതോടെ ജൂനിയർ മാർഷ് പലപ്പോഴും ടീമിന് ബാധ്യതയായി മാറി. 'ഓസ്ട്രേലിയയിൽ മിക്കവർക്കും എന്നോട് വെറുപ്പാണ്. എന്നെങ്കിലും ഒരിക്കൽ ഞാൻ വിജയിക്കുമെന്നാണ് പ്രതീക്ഷ'- രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ആഷസ് പരമ്പരക്കിടെ മിച്ചൽ മാർഷ് വേദനയോടെ തുറന്നുപറഞ്ഞു.

എന്നാൽ ഈ വർഷത്തെ ട്വന്റി 20 പരമ്പരകളിൽ നിന്ന് പ്രമുഖതാരങ്ങൾ വിട്ടുനിന്നപ്പോൾ ലഭിച്ച അവസരം മാർഷ് പാഴാക്കിയില്ല. ലോകകപ്പിൽ മൂന്നാമനായി ബാറ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇൻഡീസിൽ വച്ചേ അറിഞ്ഞ താരം യുഎഇയിൽ പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെ പ്രതീക്ഷ കാത്തു.

ഫൈനലിൽ നേരിട്ട ആദ്യ മൂന്ന് പന്തിൽ ഒരു സിക്സറും രണ്ട് ബൗണ്ടറിയും നേടിയ മാർഷ് കിവീസ് നായകൻ കെയ്ൻ വില്യംസന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബാറ്റ് വീശിയപ്പോൾ ജെഫ് മാർഷിന്റെ വഴിയേ മകൻ മിച്ചലും വിശ്വകിരീടമെന്ന ചരിത്രനേട്ടത്തിലെത്തി.

വാർണർ മുറിവേറ്റ സിംഹം
ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഓസ്ട്രേലിയയുടെ പ്രധാന ആശങ്ക ഓപ്പണർ ഡേവിഡ് വാർണറുടെ മോശം ഫോമായിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച ഏക നായകനായിട്ടും ഡേവിഡ് വാർണറെ അപമാനിക്കുകയായിരുന്നു ഇക്കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ടീം. ഹോട്ടൽ മുറിയിൽ തുടരാൻ വാർണറോട് ആവശ്യപ്പെട്ട ടീം മാനേജ്‌മെന്റ് ഗ്രൗണ്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഓസീസ് താരത്തെ വിലക്കി.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങളിൽ ഗാലറിയിലിരുന്ന് ടീമിന്റെ പതാക വീശുന്ന ഡേവിഡ് വാർണറുടെ ചിത്രം അടുത്തിടെ സമാപിച്ച ഐപിഎൽ 14-ാം സീസണിനിടെ കണ്ട സങ്കട കാഴ്ചകളിലൊന്നായിരുന്നു. മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയ വാർണർ ടീം ഇലവനിൽ നിന്ന് ഗാലറിയിലേക്ക് സ്വയം മാറി. പരുക്കല്ല മറിച്ച് ഫോം ഇല്ലായ്മ എന്ന ലേബലായിരുന്നു ഇനിന് പിന്നിൽ. പ്രായക്കൂടുതലും മോശം ഫോമും ചൂണ്ടിക്കാട്ടി സൺറൈസേഴ്സ് മാനേജ്മെന്റ് മാറ്റിനിർത്തിയ വാർണർ അതേ സ്‌റ്റേഡിയത്തിൽ തന്റെ വിമർശകർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ്. മുറിവേറ്റ മനസുമായി ലോകകപ്പിനെത്തിയ വാർണർ ഹൈദരാബാദ് നായകൻ കൂടിയായ വില്യംസന്റെ കിരീട പ്രതീക്ഷ തകർത്താണ് മധുരപ്രതികാരം ചെയ്തത്.

ലോകകപ്പിന് മുമ്പ് ഓസിസിന്റെ സന്നാഹ മത്സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു. ഇതോടെ വാർണർക്ക് പകരം ടീമിൽ മറ്റൊരാളെ കളിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഗ്ലെൻ മാക്സ്വെൽ ഉൾപ്പെടെയുള്ള താരങ്ങൾ വാർണർക്ക് പിന്തുണയുമായെത്തി. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതും. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് വാർണർ. ഏഴ് മത്സരങ്ങിൽ 289 റൺസാണ് താരം നേടിയത്. 303 റൺസ് നേടിയ പാക്കിസ്ഥാൻ ഓപ്പണർ ബാബർ അസമാണ് ഒന്നാമത്.

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് 289 റൺസുമായി ആ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് ഡേവിഡ് വാർണറെന്ന അമരക്കാരനായിരുന്നു. ഫൈനലിൽ 38 പന്തിൽ നിന്ന് 53 റൺസുമായി തിളങ്ങിയ വാർണർ തന്നെയാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

ഓസ്ട്രേലിയ കിരീടം നേടിയതിനു പിന്നാലെ വാർണറുടെ ഭാര്യ കാർഡിസ് ട്വീറ്റ് ചെയ്ത വാക്കുകളിലുണ്ടായിരുന്നു തന്റെ ഭർത്താവിനെ എഴുതിത്ത്ത്ത്ത്തള്ളിയവർക്കുള്ള മറുപടി. 'ഫോം ഔട്ട്, പ്രായക്കൂടുതൽ, വേഗക്കുറവ്! ആശംസകൾ ഡേവിഡ് വാർണർ' എന്നായിരുന്നു അവരുടെ ട്വീറ്റ്.

 

അനായാസം സിക്സറുകൾ പാറിപ്പറന്നിരുന്ന ഇടംകൈയുടെ കരുത്ത് ചോർന്നു എന്ന് വിമർശിച്ചവരെ ബാറ്റ് കൊണ്ട് തിരുത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ. രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന താരലേലത്തിലൂടെ വാർണർ ഏതെങ്കിലും ഐപിഎൽ ടീമിന്റെ നായകനായാലും അത്ഭുതം വേണ്ട. 'ക്ലാസ് ഈ പെർമനന്റ്' എന്ന വാക്കുകൾ ഒരിക്കൽ കൂടി അടിവരയിടുന്നതായി ഓസീസ് ഓപ്പണറുടെ പ്രകടനം.

ട്വന്റി 20 ലോകകപ്പ് അവസാനിക്കുമ്പോൾ മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരവുമായിട്ടാണ് വാർണർ മടങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ 289 റൺസാണ് വാർണർ നേടിയത്. അവസാന മൂന്ന് മത്സരങ്ങളിൽ 89, 49, 53 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്‌കോറുകൾ. റൺവേട്ടക്കാരിൽ രണ്ടാമതാണ് ഓസീസ് ഓപ്പണർ. മത്സര ശേഷം വാർണറെ കുറിച്ച് ഓസീസ് നായകൻ ആരോൺ ഫിഞ്ച് പറഞ്ഞതിങ്ങനെ

വാർണറെ എഴുതിത്ത്ത്ത്ത്തള്ളിയവർക്കുള്ള മറുപടിയാണിതെന്നാണ് ഫിഞ്ച് പറയുന്നത്. ''വാർണറെ എതുതിത്തള്ളിയവർക്ക് ഞാൻ യാതൊരു വിലയും നൽകുന്നില്ല. വാർണറുടെ കാലം കഴിഞ്ഞെന്ന് ആഴ്‌ച്ചകൾക്ക് മുമ്പ് പലരും പറഞ്ഞിരുന്നു. അതിനെല്ലാമുള്ള മറുപടിയായിരുന്നു ഈ ലോകകപ്പിലെ ഫോം.'' ഫിഞ്ച് പറഞ്ഞു.

കെവിൻ പീറ്റേഴ്സൺ ശേഷം കപ്പുയർത്തുന്ന ടീമിലെ താരം മാൻ ഓഫ് ദ ടൂർണമെന്റ് ആകുന്നത് ആദ്യമായിട്ടാണ്. ഫോമിലല്ലാത്ത വാർണറെ എങ്ങനെയാണ് ടീം മാനേജ് ചെയ്തതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനും ഫിഞ്ച് മറുപടി പറഞ്ഞു.

''കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ പരിശീലകൻ ജസ്റ്റിൻ ലാംഗറെ വിളിച്ചിരുന്നു. വാർണറുടെ കാര്യത്തിൽ ഉത്കണ്ഠ വേണ്ടെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു. അവനായിരിക്കും മാൻ ഓഫ് ദ മാച്ച്. എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വാർണർ. ഒരു യോദ്ധാവാണ് അദ്ദേഹം. വാർണർ ഫോമിലേക്കെത്തിയത് ഞങ്ങളെല്ലാവരേയും സന്തോഷിപ്പക്കുന്നു.'' ഫിഞ്ച് കൂട്ടിച്ചേർത്തു.

ഒരു ഓസ്ട്രേലിയൻ റെക്കോഡും വാർണറെ തേടിയെത്തി. ഒരു ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരക്കുകയാണ് വാർണർ. ഈ ലോകകപ്പിൽ 289 റൺസ് നേടിയപ്പോൾ പിറകിലായത് മാത്യു ഹെയ്ഡനും ഷെയ്ൻ വാട്സണും. 2007ലെ പ്രഥമ ടി20 ലോകകപ്പിൽ ഹെയ്ഡൻ 265 റൺസാണ് നേടിയിരുന്നത്. 2012ലെ ലോകകപ്പിൽ മുൻ ഓൾറൗണ്ടറായ വാട്സൺ 249 റൺസ് നേടിയിരുന്നു.

മിക്ക താരങ്ങൾക്കും ലോകകപ്പിന് മുൻപ് ആവശ്യത്തിന് വിശ്രമം ലഭിച്ചത് യുഎഇയിൽ കംഗാരുപ്പടയ്ക്ക് നേട്ടമായി. ഓസീസ് മുന്നേറ്റത്തിൽ ഐപിഎല്ലിന്റെ പങ്കും ചെറുതല്ല. വിമർശനം ഏറെ കേട്ട പരിശീലകൻ ജസ്റ്റിൻ ലാംഗറിനും കിരീടനേട്ടം ആശ്വാസമാണ്.

പാക്കിസ്ഥാനെതിരായ സെമിയിൽ ഗ്ലെൻ മാക്സ്വെവെൽ അഞ്ചാമനായി പുറത്തായതിന്റെ തൊട്ടടുത്ത പന്തിൽ സിക്സറിന് ശ്രമിക്കുന്ന സ്റ്റോയിനിസ്, ടി20 ലോകകപ്പിന്റെ ഏഴാം പതിപ്പിനെത്തിയ ഓസ്‌ട്രേലിയൻ സംഘത്തെ അടയാളപ്പെടുത്താൻ ഇതിലും മികച്ച ദൃശ്യമുണ്ടാകില്ല.

ഏഴാം റാങ്ക് ടീമായി എത്തി ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ മുന്നേറ്റം ക്രിക്കറ്റ് നിരൂപകർക്കും അത്ഭുതമായിരിക്കാം. എന്നാൽ സാധാരണ ക്രിക്കറ്റ് ആരാധകർക്ക് ഇതിൽ തെല്ലും അതിശയം കാണില്ല. കാരണം, 1999 ഏകദിന ലോകകപ്പിനായി സ്റ്റീവ് വോയുടെ സംഘം എത്തുമ്പോഴും ഇതായിരുന്നു അവസ്ഥ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നോക്കൗട്ട് മത്സരത്തിൽ ഭാഗ്യം തുണച്ച് ഫൈനലിൽ എത്തിയപ്പോഴും കലാശപ്പോരിൽ പാക്കിസ്ഥാനെ തറപറ്റിച്ച് കിരീടനേട്ടത്തിലേക്കുള്ള ഓസിസിന്റെ കുതിപ്പ് കണ്ടവർ കിവീസിനെതിരായ വിജയത്തിൽ തെല്ലും അത്ഭുതപ്പെടില്ല. പ്രമുഖതാരങ്ങൾ ഒന്നൊന്നായി വിടപറഞ്ഞ് മൈക്കൽ ക്ലാർക്കിന്റെ നേതൃത്വത്തിൽ 'പുതിയ' സംഘം 2015 ലോകകപ്പിൽ അണിനിരന്നപ്പോഴും സമാനമായ കാഴ്ചകൾ ഓസ്‌ട്രേലിയയിൽ കണ്ടു. മുറിവേൽക്കുമ്പോൾ കങ്കാരുക്കൾ സിംഹങ്ങളായി മാറുന്ന കാഴ്ച.

ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് വട്ടം വിശ്വവിജയികളാകുന്ന ആദ്യ ടീമാകാനുള്ള അവസരമാണ് ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ളത്. 11 മാസത്തിനപ്പുറം സ്വന്തം മണ്ണിലേക്ക് വിരുന്നെത്തുന്ന അടുത്ത ട്വന്റി 20 ലോകകപ്പിലും കംഗാരുപ്പട ഇതേ മികവ് ആവർത്തിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം അത് ഓസ്‌ട്രേലിയ ആണ് എന്നത് തന്നെ.