ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് കീഴടക്കിയ ഇംഗ്ലണ്ട് തുടർച്ചയായ മൂന്നാം ജയത്തോടെ സെമി ബർത്ത് ഉറപ്പിച്ചു. ഓസീസ് നിര 20 ഓവറിൽ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് ബാറ്റിങ് നിര വെറും 11.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 50 പന്തുകൾ ശേഷിക്കെയാണ് ഇംഗ്ലണ്ട് ജയം നേടിയത്. സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 125ന് ഓൾ ഔട്ട്, ഇംഗ്ലണ്ട് 11.4 ഓവറിൽ 126-2.

തകർത്തടിച്ച ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. 32 പന്തുകൾ നേരിട്ട ബട്ട്ലർ അഞ്ചു വീതം സിക്സും ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്നു. ഗ്രൂപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചത്. രണ്ട് ജയവും ഒരു തോൽവിയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. അത്രതന്നെ പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്.

ഓപ്പണിങ് വിക്കറ്റിൽ ജേസൺ റോയിയും ജോസ് ബട്ലറും ചേർന്ന് ഓസീസ് ബൗളർമാരെ അടിച്ചുപറത്തി. പവർ പ്ലേയിൽ 65 റൺസിലെത്തിച്ച ഇംഗ്ലണ്ട് ഓപ്പണർമാർ മത്സരത്തിന്റെ ഗതി നിർണയിച്ചിരുന്നു. 22 റൺസെടുത്ത റോയിയെ മടക്കി സാംപയും പിന്നാലെ ഡേവിഡ് മലനെ(8) വീഴ്‌ത്തി അഗറും ഓസീസിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ബട്ലറിന് ഒപ്പം ജോണി ബെയർ‌സ്റ്റോ(11 പന്തിൽ 16*) ചേർന്നതോടെ ഇംഗ്ലണ്ട് അനായാസം ജയത്തിലേക്ക് മുന്നേറി.

32 പന്തിൽ അഞ്ച് സിക്‌സും അഞ്ച് ഫോറും പറത്തിയാണ് ബട്ലർ 71 റൺസെടുത്തത്. 25 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ബട്ലർ ഓസീസിന് അവസരങ്ങളൊന്നും നൽകാതെ ഇംഗ്ലണ്ടിന്റെ വിജയം സമ്പൂർണമാക്കി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നോവറിൽ 37 റൺസ് വഴങ്ങിയപ്പോൾ ആദം സാംപ മൂന്നോവറിൽ 37 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ 125 റൺസിന് ഓൾഔട്ടായി. കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായത് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനും ഏഴാമൻ ആഷ്ടൺ അഗറിനും മാത്രമാണ്.

49 പന്തിൽ നിന്ന് നാലു ഫോറടക്കം 44 റൺസെടുത്ത ഫിഞ്ചാണ് അവരുടെ ടോപ് സ്‌കോറർ. ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ടീമിനെ 100 കടത്തിയത്. അഗർ 20 പന്തിൽ നിന്ന് രണ്ടു സിക്‌സടക്കം 20 റൺസെടുത്തു. ആറാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേർത്ത 47 റൺസാണ് ഓസീസ് ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്.

ഡേവിഡ് വാർണർ (1), സ്റ്റീവ് സ്മിത്ത് (1), ഗ്ലെൻ മാക്‌സ്വെൽ (6), മാർക്കസ് സ്റ്റോയ്‌നിസ് (0), മാത്യു വെയ്ഡ് (18) എന്നിവർക്കൊന്നും തന്നെ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

പാറ്റ് കമ്മിൻസ് മൂന്ന് പന്തിൽ നിന്ന് 12 റൺസെടുത്ത് പുറത്തായി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നിന്ന് 13 റൺസെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തിൽ പുറത്തായി. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് ജോർദാനാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. ക്രിസ് വോക്‌സും മിൽസും രണ്ടു വിക്കറ്റെടുത്തു.