- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ നാളെ അറിയാം; കന്നിക്കീരടം ലക്ഷ്യമിട്ട് ഒസ്ട്രേലിയ; ആറുവർഷം മുൻപിലെ കണക്ക് തീർക്കാൻ ന്യൂസീലാന്റും; ടി 20 ലോകകപ്പിലെ കലാശപ്പോരിന് ഒരുങ്ങി ദുബായ്
ദുബായ്: ടി20 ലോകകപ്പ് ഫൈനലിൽ നാളെ ഓസ്ട്രേലിയയെ ന്യൂസിലൻഡ് നേരിടും. രാത്രി 7:30ന് ദുബായിലാണ് മത്സരം. കലാശപ്പോരിന് മുന്നോടിയായി ഓസീസ് നായകൻ ആരോൺ ഫിഞ്ചും കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ടു. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള അവസരമാണ് ന്യൂസിലൻഡിന് ദുബായിൽ വന്നിരിക്കുന്നത്.എന്നാൽ അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്.
അതേസമയം ഐസിസി ടൂർണമെന്റുകളിൽ തുടരെ മൂന്നാം ഫൈനലിനാണ് കിവീസ് കച്ചമുറുക്കുന്നത്. സൂപ്പർ 12ൽ രണ്ടാമന്മാരായാണ് രണ്ട് പേരും സെമിയിലെത്തിയത്. സെമിയിൽ ഓസീസ് പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ കിവീസ് ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കിയയച്ചു.
അച്ചടക്കമുള്ള ബൗളിങ് നിരയിൽ തന്നെയാണ് കിവീസിന്റെ പ്രതീക്ഷ. മത്സരം മാറ്റിമറിക്കാൻ പോന്ന വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ നയിക്കുന്ന ടോപ് ഓർഡറാണ് ഇതിന് ഓസ്ട്രേലിയയുടെ മറുപടി. പരിക്കേറ്റ ഡേവോൺ കോൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിലെത്തും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്റെ അരിശത്തിൽ ബാറ്റ് അടിച്ചപ്പോൾ കൈക്ക് പരിക്കേൽക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞടുക്കുകയും പിന്തുടർന്ന് ജയിക്കുകയും ചെയ്യുന്ന യുഎഇയിലെ പതിവ് സെമിയിൽ ഇരു ടീമും പരീക്ഷിച്ച് വിജയിച്ചതാണ്. അതുകൊണ്ടുതന്നെ ഫൈനലിൽ ടോസിന്റെ ഭാഗ്യം നിർണായകമാകും.
ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് കിവികൾ ഫൈനലിലെത്തിയത്. 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനേയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രമായിരുന്നു. ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചൽ(47 പന്തിൽ 72*) അർധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. കളി ന്യൂസിലൻഡിന്റെ വരുതിക്കാക്കിയ വെടിക്കെട്ടുമായി ജയിംസ് നീഷം(11 പന്തിൽ 27) ഗെയിം ചേഞ്ചറായി.
പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഓസീസിന്റെ വരവ്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും(52 പന്തിൽ 67) ഫക്കർ സമാന്റേയും(32 പന്തിൽ 55) തകർപ്പൻ അർധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസീസ് 19 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഡേവിഡ് വാർണർ (30 പന്തിൽ 49), മാത്യൂ വെയ്ഡ്(17 പന്തിൽ 41*), മാർക്കസ് സ്റ്റോയിനിസ് (31 പന്തിൽ 40*) എന്നിവരാണ് വിജയശിൽപ്പികൾ.
സ്പോർട്സ് ഡെസ്ക്