ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മൂന്ന് താരങ്ങൾ കൂടി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സംഘത്തിൽ ഉൾപ്പെട്ടേക്കുമെന്ന് സൂചന. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെങ്കടേഷ് അയ്യർ, ശിവം മാവി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേൽ എന്നിവരാണ് യുഎഇയിൽ തുടരുക. ഇന്ത്യയുടെ സപ്പോർട്ടിങ് സംഘത്തിൽ മൂവരേയും ഉൾപ്പെടുത്തും.

പ്രധാന താരങ്ങളെ പരിശീലനത്തിൽ സഹായിക്കുന്നതിന് ബിസിസിഐ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ തീരുമാനം. ഐപിഎൽ രണ്ടാം ഘട്ടത്തിലാണ് വെങ്കടേഷ് കോൽക്കത്തയുടെ ഓപ്പണറാകുന്നത്. ടീം ആദ്യ നാലിലെത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വെങ്കടേഷിന്റെ പ്രകടനമായിരുന്നു.

അതോടൊപ്പം ഹർഷൽ നിലവിൽ പർപ്പിൾ ക്യാപ്പിന് ഉടമാണ്. 15 മത്സരങ്ങളിൽ 32 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയെന്ന റെക്കോഡ് ഡ്വെയ്ൻ ബ്രാവോയ്ക്ക് ഒപ്പം പങ്കിടുകയാണ് ഹർഷൽ. ശിവം മാവി ഏഴ് മത്സരങ്ങൾ ഈ സീസണിൽ കളിച്ചു. ഒമ്പത് വിക്കറ്റുകളും സ്വന്തമാക്കി. താരത്തിന്റെ പേസ് ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ പേസർ ഉംറാൻ മാലിക്കിനോട് ഐപിഎല്ലിന് ശേഷം ദുബായിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ നെറ്റ് ബൗളറായി മാലിക് ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് താരത്തെ യുഎഇയിൽ പിടിച്ചിരുത്തിയിരിക്കുന്നത്. അതുപോലെ മറ്റ് മൂന്ന് താരങ്ങളോട് കൂടി യുഎഇയിൽ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന.

അതേസമയം ഹാർദിക് പാണ്ഡ്യയെ ടീമിൽ നിർത്തണോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ധാരണയായിട്ടില്ല. പന്തെറിയും എന്ന് കരുതിയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി പന്തെറിഞ്ഞിരുന്നില്ല. പകരം ഷർദുൽ താക്കൂർ, ദീപക് ചഹർ എന്നിവരിലൊരാൾ ടീ്മിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈമാസം 15ന് മുൻ ഇക്കാര്യത്തിൽ തീരുമാനമാവും.

ഐപിഎല്ലിൽ തീർത്തും നിറം മങ്ങിയ ഹാർദിക് പണ്ഡ്യ, രാഹുൽ ചാഹർ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ഹാർദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവർവീതം എറിയുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഹാർദിക് ഐപിഎല്ലിൽ പന്തെടുത്തതേയില്ല. ഡോക്ടർമാർ അനുവദിച്ചാൽ അടുത്തയാഴ്ച മുതൽ ഹാർദിക് പന്തെറിയുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയെങ്കിലും ഐപിഎൽ യുഎഇ പതിപ്പിലെ ഫോം കൂടി കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കണോ എന്നാണ് ആലോചന.

ഹാർദിക്കിന് പകരം ബൗളിങ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളിൽ മുംബൈ ടീമിൽ പോലും ഇടംനേടാതിരുന്ന രാഹുൽ ചാഹറിന് പകരം ബാംഗ്ലൂർ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഭുവനേശ്വർ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമിൽ തുടർന്നേക്കും.

സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ അവസാന മത്സരങ്ങളിൽ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമിൽ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ അധികം ഉൾപ്പെടുത്താനുള്ള സാധ്യതയും സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.