അബുദാബി: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. സെമി ഫൈനലിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡിനെ നേരിടും. അബുദാബിയിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഏകദിന ലോക ചാംപ്യന്മാരും ടെസ്റ്റ് ലോക ജേതാക്കളും സെമിയിൽ നേർക്കുനേർ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഒന്നാം ഗ്രൂപ്പിൽ നിന്ന് ഒന്നാമന്മാരായെത്തുന്ന ഇംഗ്ലണ്ട് ബാറ്റർമാർ കുട്ടിക്രിക്കറ്റിലെ തീപ്പൊരികളാണ്. എന്നാൽ ബൗളർമാരുടെ ശക്തി നോക്കുകയാണെങ്കിൽ ന്യൂസിലൻഡ് ഒരുപടി മുന്നിലാണ്. ട്രന്റ് ബോൾട്ട് നയിക്കുന്ന പേസ് നിരയെയും ആദ്യ ഓവറിൽ വിക്കറ്റ് വീഴ്‌ത്തുന്നത് ശീലമാക്കിയ സോധിയെയും നേരിടുക ഇംഗ്ലീഷുകാർക്ക് എളുപ്പമാവില്ല.

ക്രീസിലെ വിശ്വസ്തൻ ജേസൺ റോയിയുടെ അഭാവം തിരിച്ചടിയാവും. ജോസ് ബട്ലറിനൊപ്പം ജോണി ബെയ്‌ര്സ്റ്റോ ഇന്നിങ്സ് തുറക്കാനെത്തും. ഡേവിഡ് മലാനും ഓയിൻ മോർഗനും ലിയാം ലിവിങ്സ്റ്റണും മോയിൻ അലിയും പിന്നാലെയെത്തും. ഇവരിൽ രണ്ടോമൂന്നോപേർ ഫോമിലേക്കെത്തിയാൽ ഇംഗ്ളണ്ടിന് സ്‌കോർബോർഡ് ആശങ്കയാവില്ല.

ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിങ് നിരയും അച്ചടക്കമുള്ള ബൗളിങ് നിരയും തമ്മിലുള്ള മത്സരം കൂടിയാകും ഇംഗ്ലണ്ട്- ന്യൂസിലാൻഡ് പോരാട്ടം. ബട്ലറും മോർഗനും ഉൾപ്പെടുന്ന ഇംഗീഷ് ബാറ്റിങ് നിര ഏത് ടീമിനും പേടി സ്വപ്നമാണ്. ബോൾട്ട് നയിക്കുന്ന കിവീസിന്റെ ബൗളിങ് യൂണിറ്റും അപകടകാരികൾ തന്നെ.

സെമിയിൽ വിജയം കൈപ്പിടിയിലൊതുക്കുക സമ്മർദത്തെ അതിജീവിക്കുന്നവർ. റണ്ണൊഴുകുന്ന അബുദാബിയിൽ ഇംഗ്ലണ്ടിന് നേരിയ മുൻതൂക്കമുണ്ട്. കളിയുടെ ഏത് ഘട്ടത്തിലും സ്‌കോർ ഉയർത്താൻ പ്രഹരശേഷിയുള്ള ബാറ്റിങ് നിരയണാണ് ഇംഗ്ലണ്ടിന്റ കരുത്ത്. ജോസ് ബട്ലറും ജോണി ബെയർസ്റ്റോയും മാത്രമല്ല, പിന്നാലെയെത്തുന്ന ഓയിൻ മോർഗനും ഡേവിഡ് മലാനും മൊയീൻ അലിയും അപകടകാരികൾ.

പവർപ്ലേ മുതൽ ഇംഗ്ലണ്ട് ബാറ്റർമാർ താളം കണ്ടെത്തിയാൽ പിടിച്ചുകെട്ടുക ദുഷ്‌കരം. ജേസൺ റോയുടെ അഭാവം മുതലെടുക്കാനാവും ന്യൂസീലാൻഡ് പേസർമാരുടെ ശ്രമം. എതിർ ബാറ്റിങ് നിരയുടെ ബോൾട്ടിളക്കുന്ന ട്രെന്റ് ബോൾട്ടാണ് കിവീസ് വേഗത്തിന്റെ കുന്തമുന. ലോകകപ്പിൽ 5.84 ശരാശരിയിൽ വീഴ്‌ത്തിയത് 11 വിക്കറ്റ്. ബോൾട്ട്, ടിം സൗത്തി, ജയിംസ് നീഷം എന്നീ മൂന്ന് പ്രധാന ബൗളർമാരുടേയും ശരാശരി ആറോ അതിൽ താഴെയോയാണ്.

ന്യൂസീലൻഡ് ബൗളിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തിൽ ആഡം മിൽനെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇവർക്കൊപ്പം ഇഷ് സോധി, മിച്ചൽ സാന്റ്നർ കൂടി പന്തെറിയുന്നതോടെ എതിരാളികൾ വിറയ്ക്കുമെന്നുറപ്പാണ്. അബുദാബിയിലേത് വലിയ ഗ്രണ്ടാണ്, ബൗണ്ടറിയിലേക്ക് നീളമേറെ. ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ പന്തെറിയുമ്പോൾ കിവീസിന് ആശ്വാസം ഇതായിരിക്കും