മൂന്നാർ: കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ചിന്നക്കനാലിലെ തച്ചങ്കരി എസ്റ്റേറ്റ് ആനത്താരയാണെന്ന് റിപ്പോർട്ട്. ദേവികുളം മുൻ റെയ്ഞ്ച് ഓഫീസറായിരുന്ന വി.കെ ഫ്രാൻസിസ് 2001-ൽ മൂന്നാർ ഡി.എഫ്.ഒ.യ്ക്കു നൽകിയ റിപ്പോർട്ടിലാണ് തച്ചങ്കരി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന പ്രദേശം ആനത്താരയാണെന്നു ചൂണ്ടിക്കാട്ടുന്നത്. എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ അനുജൻ ടിസൻ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്.

2001-ൽ ആനകൾ എലക്കൃഷി നശിപ്പിച്ചതിനു നഷ്ടപരിഹാരം തേടി എസ്റ്റേറ്റ് മാനേജർ ദേവികുളം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷയോടൊപ്പം മതിയായ രേഖകൾ സമർപ്പിക്കാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത് ആനത്താരയിലാണെന്നു കണ്ടെത്തിയത്. ആനത്താരയിൽ സ്ഥിതിചെയ്യുന്ന ഭൂമിയിലെ കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചിന്നാറിൽനിന്ന് പോണ്ടിമല വഴി മാട്ടുപ്പെട്ടി-ചിന്നക്കനാൽ-സിങ്കുകണ്ടം-ആനയിറങ്കൽ-ആടുകിടന്താൻ പാറ-ഉടുമ്പൻചോല-മതികെട്ടാൻ വഴി തേക്കടിയിലെത്തുന്നതാണ് ഈ ആനത്താര. എസ്റ്റേറ്റ് വന്നതോടെ ചുറ്റും വേലികെട്ടി ആനത്താര അടച്ചു.

ആനത്താര മുറിഞ്ഞതോടെ ആനയിറങ്കലിൽനിന്ന് ചിന്നക്കനാലിലേക്കു കടക്കാനുള്ള വഴിയും അടഞ്ഞു. ഇതാണ് സിങ്കുകണ്ടം, 301 കോളനി മേഖലകളിൽ കാട്ടാനശല്യം സമീപകാലത്ത് രൂക്ഷമാകാനുള്ള കാരണമെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.

ഓഗസ്റ്റ് 10-ന് പുലർച്ചെയാണ് തച്ചങ്കരി എസ്റ്റേറ്റിന്റെ വേലിയോടുചേർന്ന നിലയിൽ കാട്ടാനയുടെ ജഡം കണ്ടത്. പോസ്റ്റ് മോർട്ടത്തിൽ വേലിയിലൂടെ ഉണ്ടായ അതി വൈദ്യുത പ്രവാഹത്തെ തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.