- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തയ്വാൻ - ചൈന പുനരേകീകരണം പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധം; സ്വാതന്ത്ര്യനീക്കം അംഗീകരിക്കില്ലെന്നും ഷീ ചിൻപിങ്; പ്രതികരണം; 'സൈനിക നടപടിക്ക് രാജ്യം' സജ്ജമാകണമെന്ന തയ്വാൻ വിദേശകാര്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ; മേഖലയിൽ വീണ്ടും സംഘർഷത്തിന് സാധ്യത
ബെയ്ജിങ്: തയ്വാൻ-ചൈന പുനരേകീകരണം പൂർണമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. തയ്വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമവും തകർത്തുകളയുമെന്നും വ്യക്തമാക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഷീ ചിൻ പിങ് രംഗത്തെത്തിയത്.
ചൈനയുടെ വർധിച്ചുവരുന്ന ഇടപെടൽ മൂലം രാജ്യം 'ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന്' തയ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഷീ ചിൻ പിങ് രംഗത്തെത്തിയത്.
'തയ്വാനെ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും സമ്പൂർണ പുനരേകീകരണം സാധ്യമാക്കുകയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ ലക്ഷ്യവും ചൈനീസ് ജനതയുടെ പൊതുഅഭിലാഷവും' - ബെയ്ജിങ്ങിലെ ടിയാനന്മെൻ ചത്വരത്തിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് ഷീ പറഞ്ഞു.
തയ്വാൻ കടലിടുക്കിന് ഇരുവശത്തുമുള്ള ചൈനയുടെ എല്ലാ മക്കളും ചേർന്ന് സ്വാതന്ത്ര്യത്തിനായുള്ള നീക്കത്തെ ചെറുക്കണമെന്ന് ഷീ ആഹ്വാനം ചെയ്തു. സമാധാനപരമായ പുനരേകീകരണമാണ് ലക്ഷ്യമെന്നും ഷീ പറഞ്ഞു.
ജനാധിപത്യ സർക്കാർ ഭരിക്കുന്ന തയ്വാനെ ചൈന സ്വന്തം ഭാഗമായാണ് കണക്കാക്കുന്നത്. തയ്വാനിൽ ഉയരുന്ന സ്വയംഭരണാവകാശ വാദങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് ഷീ ഭരണകൂടം സ്വീകരിക്കുന്നത്. അടുത്തിടെ മേഖലയിലേക്ക് കൂടുതൽ പോർവിമാനങ്ങൾ അയച്ചതും വിവാദമായിരുന്നു.
ഭൂരിപക്ഷം തായ്വാൻ സ്വദേശികളും ചൈനീസ് ഭരണം ആഗ്രഹിക്കുന്നില്ല. ചൈനീസ് സമ്മർദത്തിനു വഴങ്ങാത്ത തയ്വാൻ സർക്കാർ ജനങ്ങളുടെ താൽപര്യമനുസരിച്ച് മാത്രമേ രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ കഴിയൂ എന്ന നിലപാടിലാണ്.
തയ്വാൻ സ്വാതന്ത്ര്യാഭിലാഷങ്ങൾക്കു പിന്നിൽ പ്രസിഡന്റ് സായ് ഇങ് വെൻ ആണെന്നാണ് ചൈനീസ് ആരോപണം. 2016ൽ സായ് അധികാരമേറ്റതു മുതൽ തായ്വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയാറായിട്ടില്ല.
'തയ്വാനിന്റെ തീരുമാനം എടുക്കേണ്ടവർ എന്ന നിലയിൽ ഞങ്ങൾ സജ്ജരാകേണ്ടതുണ്ട്. സൈന്യത്തെ പിൻവലിക്കാനാകില്ലെന്നും രാജ്യത്തിനു ചുറ്റും സൈനികാഭ്യാസങ്ങൾ നടത്തുമെന്നും ചൈന പറയുമ്പോൾ അതു ഞങ്ങൾ യാഥാർഥ്യമായാണ് കാണുന്നത്' തയ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തയ്വാന്റെ സ്വയം പ്രഖ്യാപിത എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് (എഡിഐസെഡ്) ചൈനയുടെ സൈനിക വിമാനങ്ങൾ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറിയിരുന്നു. ഫൈറ്റർ ജെറ്റുകളും ബോംബറുകളും ഉൾപ്പെടെ 28 പോർവിമാനങ്ങളാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തങ്ങളുടെ അധീശത്വം കാണിക്കാനായി കൊണ്ടുവന്നത്.
ചൈനയിൽനിന്ന് ആക്രമണം ഉണ്ടായാൽ 'അവസാന ദിവസം വരെ' തയ്വാൻ പോരാടുമെന്ന് കഴിഞ്ഞ മാസം ഒരു വാർത്താസമ്മേളനത്തിൽ വു പറഞ്ഞത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ വു ഒരു 'വിഘടനവാദി'യാണെന്ന് ചൈന കുറ്റപ്പെടുത്തുകയും ചെയ്തു.
'ചൈനയുമായി ഒത്തുപോകാൻ തയ്വാനു കഴിയില്ല. ഹോങ്ങോങ്ങിലെ പ്രശ്നങ്ങൾ കാണുമ്പോൾ തയ്വാന്റെ പരമാധികാരം സംരക്ഷിക്കപ്പെടേണ്ടത് നിർണായകമാണെന്നും ലോകത്തെ ഏക 'ചൈനീസ് ഭാഷ സംസാരിക്കുന്ന ജനാധിപത്യ രാജ്യത്തെ' സംരക്ഷിക്കണമെന്നും വ്യക്തമാകുന്നു. ഹോങ്കോങ്ങിലെ സ്ഥിതി ആധുനിക കാലത്തെ ദുരന്തമാണ്' വു കൂട്ടിച്ചേർത്തു.
1949ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം തയ്വാൻ സ്വതന്ത്ര രാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്പേയ് എന്നാണ് അവർ തയ്വാനെ വിശേഷിപ്പിക്കുന്നത്. 2016ൽ പ്രസിഡന്റ് സായ് അധികാരമേറ്റതു മുതൽ തയ്വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയാറായിട്ടില്ല. കടുത്ത സമ്മർദമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തയ്വാൻ കടലിടുക്കിൽ വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനം ചൈനയെ ചൊടിപ്പിച്ചിരുന്നു.
1949ൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ മാവോ സെ തൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയോടു പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് അന്നത്തെ ചൈനീസ് ഭരണകൂടം വൻകരയിൽനിന്ന് 160 കിലോമീറ്റർ അകലെയുള്ള തയ്വാനിലെത്തി സ്വന്തം സർക്കാർ രൂപീകരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്