ജീവിതത്തിലൊരിക്കലെങ്കിലും താജ്മഹൽ സന്ദർശിക്കുക. അതിന്റെ പശ്ചാത്തലത്തിൽ ജീവിതപങ്കാളിയെ ചേർത്ത് പിടിച്ചൊരു ചിത്രം പകർത്തുക...ഇങ്ങനെയൊക്കെ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ, സഞ്ചാരികളുടെ ഈ പ്രിയപ്പെട്ട കേന്ദ്രത്തിലേക്ക് ഇനി അത്ര എളുപ്പത്തിൽ കടന്നുചെല്ലാൻ പറ്റിയെന്ന് വരില്ല. താജ്മഹലിന്റെ സംരക്ഷണവും സുരക്ഷയും മുൻനിർത്തി സഞ്ചാരികളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

അവധി ദിവസങ്ങളിലും മറ്റും അനിയന്ത്രിതമായ തിരക്കാണ് താജ്മഹലിൽ അനുഭവപ്പെടുന്നത്. പലപ്പോഴും സഞ്ചാരികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന പോരായ്മയുമുണ്ട്. ഇതേത്തുടർന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇത്തരമൊരു നിർദ്ദേശം സർക്കാരിന് മുന്നിൽവെച്ചത്. ദിവസം താജ്മഹൽ കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം 40,000 ആയി പരിമിതപ്പെടുത്തണമെന്നും ഒരാൾക്ക് താജ്മഹലിൽ തങ്ങാവുന്ന സമയം മൂന്നുമണിക്കൂറായി നിശ്ചയിക്കണമെന്നുമാണ് ശുപാർശയിലുള്ളത്.

ഇവയടക്കം ഒട്ടേറെ നിർദ്ദേശങ്ങൾ ആർക്കിയോളജിക്കൽ സർവേ അധികൃതർ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയതത്തിന് മുന്നിൽവെച്ചിട്ടുണ്ട്. അധികൃതരുമായി ചർച്ച നടത്തിയ കേന്ദ്ര മന്ത്രി മഹേഷ് ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. താജ്മഹലിന്റെയും അവിടെയെത്തുന്ന സഞ്ചാരികളുടെയും സുരക്ഷയെക്കരുതിയാണ് ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച താജ്മഹലിന്റെ കവാടത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതാണ് താജിന്റെ സ്ഥിതി. ചിലപ്പോഴത് വലിയ ദുരന്തങ്ങൾക്കും കാരണമായേക്കും. വ്യാഴാഴ്ചത്തെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവേ അധികൃതർ തിങ്കളാഴ്ച താജിലെത്തിയിരുന്നു. തുടർന്നാണ് അവർ കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.

ആർക്കിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം 35,000-നും 40,000-നും മധ്യേ ആളുകൾ ദിവസവും താജിലെത്തുന്നുണ്ട്. ആഴ്ചയൊടുവിലും അവധി ദിവസങ്ങളിലും ഇത് അറുപതിനായിരവും എഴുപതിനായിരവുമാകും. നിലവിൽ സന്ദർശകരുടെ എണ്ണത്തിൽ യാതൊരു നിയയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അതുപോലെ, കോംപ്ലക്‌സിന് അകത്തെത്തുന്ന സഞ്ചാരിക്ക് ഇഷ്ടമുള്ളത്രയും സമയം അവിടെ തുടരുകയും ചെയ്യാം. ഇതൊക്കെ തിരക്കുകൂടാൻ കാരണമാകുന്നുവെന്നാണ് അധികൃതരുടെ നിഗമനം.