ന്യൂയോർക്ക്: എയർബാഗിലെ തകരാർ മൂലം അമേരിക്കയിൽ തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ എണ്ണം 34 മില്യൺ. രാജ്യത്തെ 11 കാർ നിർമ്മാതാക്കളുടെ വിവിധ മോഡലുകളിലുള്ള വാഹനങ്ങളാണ് തകാറ്റ എയർബാഗിന്റെ തകരാർ മൂലം തിരിച്ചുവിളിക്കുന്നത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കലാണ് ഇതിലൂടെ അരങ്ങേറിയിരിക്കുന്നത്.

അടുത്ത കാലത്ത് ചില വാഹനങ്ങളിൽ ഘടിപ്പിച്ച തകാറ്റ എയർബാഗ് അപകട സമയത്ത് പ്രവർത്തിക്കാതിരുന്നതിനാൽ ആറ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാർ നിർമ്മാതാക്കൾ തകാറ്റ എയർബാഗ് പിടിപ്പിച്ച വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.

ജാപ്പനീസ് കമ്പനിയായ തകാറ്റ എയർബാഗ് നിർമ്മാതാക്കളിൽ മുമ്പന്തിയിൽ നിൽക്കുന്നവരാണ്. ഒരു ദശാബ്ദം മുമ്പു മുതൽ തന്നെ തകാറ്റ എയർബാഗുകളെ കുറിച്ച് വിപണിയിൽ പരാതികൾ നില നിന്നിരുന്നുവെങ്കിലും അവയെല്ലാം കമ്പനി നിഷേധിക്കുകയായിരുന്നു. എന്നാൽ അടുത്ത കാലത്തുണ്ടായ അപകട മരണങ്ങളെ തുടർന്നാണ് തകാറ്റ തങ്ങളുടെ എയർബാഗുകൾക്ക് തകരാറുള്ളതായി സമ്മതിച്ചത്. അമേരിക്കൻ നിരത്തിലൂടെ ഓടുന്ന 250 മില്യണിലധികം വാഹനങ്ങളിൽ 34 എണ്ണമാണ് തിരിച്ചുവിളിക്കുന്നത്. ഏഴു വാഹനങ്ങളിൽ ഒന്ന് എന്ന കണക്കിനായിരിക്കും ഈ തിരിച്ചുവിളിക്കൽ.

തകാറ്റ എയർബാഗിനെ കുറിച്ച് പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മുമ്പ് 2009-ൽ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ ഇതുസംബന്ധിച്ച് ഒരു അന്വേഷണം നടത്തിയിരുന്നെങ്കിലും മതിയായ തെളിവില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പുതിയ അഡ്‌മിനിസ്‌ട്രേറ്ററായ മാർക്ക് ആർ റോസ്‌കൈൻഡ് ചുമതലയേറ്റതോടെ തകാറ്റ കമ്പനിക്കെതിരേയുള്ള പരാതി ഗൗരവമുള്ളതായി കാണുകയായിരുന്നു. എല്ലാ വാഹനത്തിലും സുരക്ഷിതമായ എയർബാഗ് എന്ന ലക്ഷ്യത്തോടെയായിരുന്നു റോസ്‌കൈൻഡിന്റെ പ്രവർത്തനം. ഇപ്പോൾ ഇത്രയേറെ വാഹനങ്ങൾ തിരിച്ചുവിളിച്ചതിലൂടെ അഡ്‌മിനിസ്‌ട്രേഷന്റെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തിയെന്നാണ് വിലയിരുത്തുന്നത്.

ഹോണ്ടയുടെ അഞ്ചു മില്യൺ വാഹനങ്ങളും ടൊയോട്ടയുടെയും നിസാന്റെയും ആറര മില്യൺ വാഹനങ്ങളും വിപണിയിൽ നിന്നു പിൻവലിക്കുന്നുണ്ട്. അതേസമയം ഈ തിരിച്ചുവിളിക്കൽ പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നാണ് വദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്രയേറെ എയർബാഗുകൾ ഒരുമിച്ച് നിർമ്മിച്ച് നല്കുന്നത് പ്രായോഗികമായ കാര്യമല്ലാത്തതിനാലാണ് കാലതാമസം വരുന്നതെന്ന് പറയപ്പെടുന്നു.