തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന അഞ്ച്‌നിലക്കെട്ടിടം... സ്വർണ്ണഫ്രെയിമിട്ട ചില്ലു വാതാനയനങ്ങൾ.. നല്ല തേക്കിന്റെ കടഞ്ഞെടുത്ത ഫർണീച്ചറുകൾ ആരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വൈവിധ്യങ്ങളായ വിഭവങ്ങൾ, നല്ല വിലയുള്ള ശ്രേഷ്ഠമായ വിഭവങ്ങൾ തുടങ്ങിയവയായിരിക്കും ഒരു റസ്റ്റോറന്റിന്റെയോ ഹോട്ടലിന്റെയോ വൃത്തിയുടെ മാനദണ്ഡങ്ങളായി മിക്കവരും പരിഗണിക്കുന്നത്. എന്നാൽ ഇവിടെ നിന്ന് ഭക്ഷണം വയർ നിറയെ കഴിച്ച് ഏമ്പക്കവുമിട്ട് പോകുമ്പോൾ വയർ നിറയെ രോഗാണുക്കളും നിങ്ങൾക്കൊപ്പം വരാൻ സാധ്യതയുണ്ടെന്ന് ഭൂരിപക്ഷം ആളുകളും മനസ്സിലാക്കുന്നില്ല.

ലോകത്ത് പ്രതിവർഷമുണ്ടാകുന്ന ഭക്ഷ്യവിഷബാധയിൽ 60 ശതമാനവും റസ്റ്റോറന്റുകളിൽ നിന്നാണെന്നാണ് സമീപകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിലകൂടിയ ഭക്ഷണങ്ങൾ ഹോട്ടലിന്റെ വൃത്തിയുടെ സൂചകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രശസ്തമായ ചിൽട്ടേൺ ഫയർഹൗസ് റസ്റ്റോറന്റ്. വൃത്തിഹീനമായ സാഹചര്യങ്ങൾ ഇവിടെ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവിടുത്തെ സന്ദർശകരുടെ പേര് കേട്ടാൽ നിങ്ങൾ തലയിൽ കൈവച്ച് പോകും. പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, കാറ്റെ മോസ്സ്, ഡേവിഡ് ബെക്കാം, തുടങ്ങിയവർ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണിത്. ഇത്രയും പേര് കേട്ട ഭക്ഷണശാലയിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവയുടെ കാര്യമെന്തായിരിക്കും..? പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ ഡോ.കാൾ എഡ്വാർഡ് തരുന്ന ചില മുന്നറിയിപ്പുകളും കരുതൽ നടപടികളുമാണ് ഇനി ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

ഐസിട്ട ലെമൺ വേണ്ടേ വേണ്ട...

ഒരു ജഗ് വെള്ളത്തേക്കാൾ റിഫ്രഷിങ് നൽകുക ഐസിട്ട ലൈമണായിരിക്കുമെന്നാണ് നിങ്ങളുടെ ധാരണ. അതെന്തുമായിക്കൊള്ളട്ടെ ഐസിട്ട ലെമണിലുണ്ടാവാൻ സാധ്യതയുള്ള ബാക്ടീരിയകളെക്കുറിച്ചും നിങ്ങൾ ബോധവാന്മാരായിരിക്കണമെന്നാണ് പറഞ്ഞുവരുന്നത്. യുകെയിലെ റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്ന 70 ശതമാനം ലെമണിലും ബാക്ടീരിയകളും മറ്റ് രോഗകാരികളായ സൂക്ഷ്മാണുക്കളുമുണ്ട്. ഈ വർഷമാദ്യം ജേർണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് നടത്തിയ ഒരു പഠനത്തിലാണ് ഈ വസ്തുത വെളിപ്പെട്ടിരിക്കുന്നത്. ഈ ബാക്ടീരിയകളിൽ ഫേയ്കൽ ബാക്ടീരിയയും ഇ കോളിയും വരെ ഉൾപ്പെടുന്നുണ്ട്. മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളാണിവ. ഇതിന് പുറമെ യേ#ീസ്റ്റ് കാൻഡിഡയും ഇതിലുണ്ടാവുമെന്ന് തെളിഞ്ഞിട്ടുണ്ട്.

അടുക്കളയിൽ ആഹാരം തയ്യാറാക്കുന്ന മിക്ക പ്രക്രിയകൾക്കിടയിലും പാചകക്കാർ ഗ്ലൗസുകൾ ഉപയോഗിക്കാത്തതാണ് ഭക്ഷണപാനീയങ്ങളിൽ ഇത്തരത്തിൽ അണുബാധയുണ്ടാകാൻ കാരണം. ഉദാഹരണമായ ലെമൺ ജ്യൂസിന് വേണ്ടി നാരങ്ങയരിയുമ്പോൾ ഇവർ ഗ്ലൗസ് ധരിക്കുന്ന പതിവില്ല. ലെമൺ ചൂടാക്കുകയോ വേവിക്കുകയോ ചെയ്യാതെയാണ് ജ്യൂസിനായി ഉപയോഗിക്കുന്നതെന്നതും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന് പുറമെ ലെമൺ കൊണ്ടു വരുന്ന ജഗ് പതിവായി വൃത്തിയായി കഴുകുന്ന ശീലവും മിക്ക റസ്റ്റോറന്റുകാർക്കുമില്ല. ഇതും രോഗാണുബാധ വർധിപ്പിക്കാൻ വഴിയൊരുക്കുന്നു. നിത്യവും നിരവധി ആളുകളുടെ കൈകളിലൂടെ കടന്നു പോകുന്ന ഇത്തരം ജഗുകളിൽ വിവിധതരം രോഗാണുക്കൾ പറ്റിപ്പിടിക്കാനുള്ള സാധ്യതയേറെയാണ്. ജഗിന്റയുള്ളിൽ മാറ്റാതെ ബാക്കിനിൽക്കുന്ന ജലത്തിൽ അണുക്കൾ വർധിക്കാനുള്ള സാഹചര്യമേറെയാണ്.

ഇതിന് പുറമെ ലെമണിൽ ഉപയോഗിക്കുന്ന ഐസും ഏറെ അപകടത്തിന് വഴിയൊരുക്കുന്നു. മാക്‌ഡൊണാൾഡ്, ബർഗർ കിങ്, കെഎഫ്‌സി, സ്റ്റാർബക്ക്‌സ്, കഫേ റൗഞ്ച്, നാൻദോസ് തുടങ്ങിയ കമ്പനികളുടെ ഐസുകളിൽ രോഗാണുബാധയുണ്ടെന്ന് ഈ വർഷമാദ്യം നടത്തിയ ഒരു പഠനത്തിലൂടെ തെളിഞ്ഞിരുന്നു. ഐസ് മെഷീനുകൾ കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഐസിലെ കടുത്ത തണുപ്പിൽ മിക്ക രോഗാണുക്കൾക്കും അതിജീവിക്കാനാവില്ലെന്നാണ് മിക്കവരുടെയും തെറ്റിദ്ധാരണ. ഇകോളിയടക്കമുള്ള രോഗാണുക്കൾക്ക് വളരാൻ പറ്റിയ സാഹചര്യമാണ് ഐസിലുള്ളതെന്നറിയുക. അതിനാൽ രോഗാണുബാധയേൽക്കാതിരിക്കാൻ ബോട്ടിൽ വാട്ടറോ വൃത്തിയാക്കിയ ജഗിൽ ഫ്രെഷ് ടാപ്പ് വാട്ടറോ കുടിക്കാനായി വാങ്ങുക. അതിൽ ലെമണോ ഐസോ ഇടാൻ സമ്മതിക്കുകയുമരുത്.

മെനു തൊട്ടു പോവരുത്..!

റസ്റ്റോറന്റുകളിൽ കയറിയിരുന്നാൽ മെനു നോക്കുകയെന്നത് ചിലർക്കൊരു ഹരമാണ്. അവിടെ ഏതെല്ലാം ഐറ്റങ്ങളാണ് ഉള്ളതെന്നറിയാമെങ്കിലും മെനു നോക്കി സപ്ലയറോട് ഓർഡർ ചെയ്യുന്നത് ഒരു സ്റ്റാറ്റസ് സിംബലായാണ് ചിലർ കാണുന്നത്. എന്നാൽ ഇത്തരം മെനു പലവിധ രോഗാണുക്കളുടെ വാസസ്ഥലമാണെന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും. മെനു അധികവും പ്‌ളഷ് കവർ, വെൽവെറ്റ് കോട്ടിങ് തുടങ്ങിയവയാൽ പൊതിഞ്ഞതായിരിക്കും. അതിനാൽ ഇവ വൃത്തിയാക്കാൻ സാധിക്കില്ല. അക്കാരണത്താൽ മെനുവിൽ ബാക്ടീരിയകൾ കുടിയേറാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പേപ്പർ കാർഡുകൊണ്ടുള്ള മെനു ലളിതവും വൃത്തിയാക്കാൻ എളുപ്പവുമാണ്.

വെയിറ്ററെ നിരീക്ഷിക്കുക

മെനു മാത്രമല്ല ഓർഡർ എടുക്കാൻ നിങ്ങൾക്കടുത്തേക്ക് വരുന്ന വെയിറ്ററെയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അയാൾക്ക് വ്യക്തിശുചിത്വമുണ്ടോയെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. അയാളുടെ യൂണിഫോം, കൈകൾ, ചുമലിലെ ടീ ടവ്വൽ തുടങ്ങിയവയ്ക്ക് വൃത്തിയുണ്ടോയെന്ന് നിരീക്ഷിക്കണം. അയാളുടെ മൂക്കും വായയും കവർ ചെയ്തിരിക്കണം. ഇല്ലെങ്കിൽ അവയിൽ നിന്നും നമുക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിൽ രോഗണുബാധയുണ്ടാകാൻ സാധ്യതയെറെയാണ്. എന്തിനേറെ പറയുന്നു വെയിറ്ററുടെ വൃത്തിഹീനമായ ആഭരണങ്ങളിൽ നിന്നും വരെ ആഹാരം വിഷമയമാകാം. വെയിറ്റർമാർക്ക് മുടിയുണ്ടെങ്കിൽ അത് ഭക്ഷണത്തിലേക്ക് വീഴാത്ത വിധം സുരക്ഷിതമായി കവർ ചെയ്തിരിക്കണം. അതുപോലെത്തന്നെ നീണ്ട നഖമുള്ള വെയിറ്റർമാരെ തീർത്തും ഒഴിവാക്കുന്നതാണ് തടിക്ക് നല്ലത്. നഖം മൂന്ന് മില്ലീമീറ്ററിലധികം നീളുകയാണെങ്കിൽ അതിൽ രോഗാണുബാധയുണ്ടാൻ സാധ്യതയുണ്ടെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. നീണ്ട നഖത്തിൽ ക്ലിബ്‌സില്ല എന്ന രോഗാണു ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇതിലൂടെ ന്യൂമോണിയ, യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയ ഉണ്ടാകുമെന്നുറപ്പാണ്. അതിന് പുറമെ രക്തത്തിൽ അണുബാധയുണ്ടാക്കുന്ന കാൻഡിഡ പരാഫിലോസിസിന്റെ ആവാസവ്യവസ്ഥയാണ് നീണ്ട നഖമെന്നറിയുക. വെയിറ്റർമാർ ഏപ്രണുകൾ ധരിക്കാൻ വേണ്ടി ടോയിലറ്റുകളിലേക്ക് പോകുന്ന പതിവുണ്ട്. ഇതും ഭക്ഷ്യവിഷബാധയുണ്ടാക്കാൻ വഴിയൊരുക്കുന്നു.

റസ്റ്റോറന്റിന്റെ പരിസരവും ചുറ്റുപാടുകളും നിരീക്ഷിക്കുക

വൃത്തിയുണ്ടോയെന്ന് നോക്കാനായി നിങ്ങൾ ഒരു പക്ഷേ റസ്റ്റോറന്റിന്റെ അടുക്കളയിൽ കയറി അവിടുത്തെ ശുചിത്വം ഉറപ്പ് വരുത്തിയിരിക്കാം. എന്നാൽ അതിലുപരി റസ്റ്റോറന്റിന്റെ മറ്റ് ഭാഗങ്ങളിലെ ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ടോയ്‌ലറ്റാണ് ആദ്യം പരിശോധിക്കേണ്ടത്. അവിടെ സോപ്പു പോലുള്ള വൃത്തിയാക്കുന്ന വസ്തുക്കൾ ഉണ്ടോയെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കാരണം സോപ്പില്ലെങ്കിൽ പ്രാഥമികാവശ്യം നിർവഹിച്ച ശേഷം റസ്റ്റോറന്റിലെ ജീവനക്കാർ കൈകൾ സോപ്പിട്ട് കഴുകാതെയായിരിക്കും അടുക്കളയിലെ ജോലികളിലേക്ക് പ്രവേശിച്ചിരിക്കുക. അതിലൂടെ രോഗണുബാധയുണ്ടാകുമെന്നുറപ്പാണല്ലോ. അതുപോലെത്തന്നെ റസ്റ്റോറന്റിൽ ഹാൻഡ്ഡ്രൈയറോ ഡിസ്‌പോസബിൾ ടവ്വലുകളോ ഉണ്ടെന്ന് ഉറപ്പാക്കണം. സാധാരണ ടവ്വൽ രോഗാണുബാധയുണ്ടാക്കുമെന്നുറപ്പാണ്. നിരവധി ആളുകൾ ഒരേ ടവ്വൽ ഉപയോഗിക്കുമ്പോൾ രോഗങ്ങൾ പകരുമെന്നതിൽ സംശയമില്ല. ഇതിന് പുറമെ റസ്റ്റോറന്റിലെ സ്‌കർട്ടിങ് ബോർഡുകൾ, പ്ലഗ് സോക്കറ്റുകൾ തുടങ്ങിയവയും ശുചിത്വമാർന്നവയാണോയെന്ന് പരിശോധിക്കേണ്ടതാണ.#് ഇവയിൽ നിന്നും ഭക്ഷണത്തിലേക്ക് രോഗാണുബാധയുണ്ടായേക്കാം.

ടേബിൾടോപ്പ് പരിശോധിക്കുക

ഭക്ഷണം കഴിക്കാനിരിക്കുന്ന ടേബിളിന്റെ ശുചിത്വം പരമപ്രധാനമാണ്. ഇല്ലെങ്കിൽ ഇതിന് മുകളിൽ നിന്ന് ആഹാരത്തിലേക്ക് അണുബാധയുണ്ടാകാൻ സാധ്യതയേറെയാണ് വൃത്തിയുള്ള മരം കൊണ്ടുള്ള ഉപരിതലത്തോട് കൂടി മേശകളും ഡിസ്‌പോസബിൾ ടേബിൾ ക്ലോത്തുകളും താരതമ്യേന സുരക്ഷിതമാണ.#് കോട്ടൺടേബിൾ ക്ലോത്താണ് ഉപയോഗിക്കുന്നതെങ്കിൽ ഓരോ കസ്റ്റമർ വരുമ്പോഴും അത് നിർബന്ധമായും മാറ്റിയിരിക്കണം. ഒരേ ടേബിൾ ക്ലോത്തുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ആളുകൾ അതിൽ കൈതുടയ്ക്കാനുള്ള സാധ്യത കൂടുതലാണ.#് മിക്കവരും ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകിയിരിക്കില്ല. അതിനാൽ ടേബിൾ ക്ലോത്തുകളിലൂടെ രോഗാണു മറ്റുള്ളവരിലേക്ക് എത്തിച്ചേരും. അതു പോലെത്തന്നെ മേശപ്പുറത്തുള്ള സാൾട്ടും പെപ്പറും സമയാസമയങ്ങളിൽ മാറ്റിയില്ലെങ്കിൽ അവയിലൂടെയും അണുബാധയുണ്ടാകാം.

ആഹാരം വേണ്ട തോതിൽ വേവിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

വേണ്ടവിധം വേവിച്ച് ചൂടോടെ കഴിക്കുന്ന ആഹാരത്തിൽ രോഗാണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽ ഭക്ഷ്യവസ്തുക്കളുടെ വേവ് വേണ്ടത്രയുണ്ടെന്ന് ഉറപ്പ് വരുത്തണം. കഴിയുന്നതും സലാഡുകൾ പോലുള്ള വേവിക്കാത്ത വിഭവങ്ങൾ റസ്റ്റോറന്റുകളിൽ നിന്ന് കഴിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും. മത്സ്യമാസങ്ങൾ വേണ്ടവിധം വേവിച്ചില്ലെങ്കിൽ പലവിധ രോഗാണുക്കൾ നമ്മിലേക്ക് പകരാനിടയുണ്ട്.

ബോർഡുകൾ വേണ്ടെന്ന് വയ്ക്കുക

ബർഗേർസ് പോലുള്ള വിഭവങ്ങൾ മരം കൊണ്ടുള്ള ചോപ്പിങ് ബോർഡുകളിൽ സപ്ലൈ ചെയ്യുകയാണ് പതിവ്. ഇത്തരം ബോർഡുകൾ ഒഴിവാക്കുകയാണ് അഭികാമ്യം. കാരണം ഇവയിൽ രോഗാണുക്കൾ ഉണ്ടാകാനിടയുണ്ട്. കഴുകി വൃത്തിയാക്കി ഇത്തരം ബോർഡുകൾ ഒരു മണിക്കൂർ വേണ്ടവിധം ഉണക്കിയാൽ ഒരു പരിധി വരെ ഇവയിലെ ഫംഗസുകളെയും ബാക്ടീരിയകളെയും ഒഴിവാക്കാനായേക്കും.

പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കുക

റസ്റ്റോറന്റുകളിൽ കൈകാര്യം ചെയ്യുന്ന കറൻസി നോട്ടുകളിൽ നിന്ന് ആഹാരത്തിലേക്ക് രോഗാണുക്കൾ എത്താനുള്ള സാധ്യതയുണ്ട്. ഉദാഹരണായി സാന്റഡ് വിച്ച് ഷോപ്പുകളിലെ ജീവനക്കാർ പണം കൈകാര്യം ചെയ്യുന്ന നിരീക്ഷിക്കുക. ചിലപ്പോൾ പണം വാങ്ങി ഇട്ട കൈ കഴുകാതെയായിരിക്കും അവർ അടുത്ത കസ്റ്റമർക്ക് സാൻഡ്വിച്ച് എടുത്ത് നൽകുന്നത്. അതിലൂടെ രോഗാണുബാധയുണ്ടാകുമെന്നുറപ്പാണ് പണം സാധാരണ തുകൽ കൊണ്ടുള്ള പഴ്‌സുകളിലും മറ്റുമാണ് വയ്ക്കാറുള്ളത്. അത്തരം സങ്കേതങ്ങൾ രോഗാണുക്കളുടെ വളർത്ത് തൊട്ടിലാണ്. ഇവയിൽ നിന്നും കറൻസികളിലൂടെ അണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയാണ് ചെയ്യുന്നത്. ഒരു ടോയ്‌ലറ്റ്‌സീറ്റിലുള്ളതിനേക്കാൾ രോഗാണുക്കൾ ഒരു നാണയത്തിൽ ഉണ്ടെന്നാണ് ഈവർഷമാദ്യം നടത്തിയ ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ക്ലീബ്‌സീല്ല, എന്റർ ബാക്ടർ തുടങ്ങിയ ഇത്തരം കറൻസികളിൽ ഉണ്ടാകും.