രു ചൈനീസ് എയർലൈൻ കമ്പനി തങ്ങളുടെ ഒരു പൈലറ്റിന് മൂന്ന് മില്യൺ യുവാൻ അഥവാ 360,000 പൗണ്ട് സമ്മാനമായി നൽകിയിരിക്കുകയാണ്. ധീരോദാത്തവും സമയോചിതവുമായ പ്രവർത്തനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിച്ചതിനാണിത്. ഹീ ചാവോ എന്ന് പേരുള്ള ഇദ്ദേഹം പറത്തിയിരുന്ന വിമാനം ടേയ്ക്ക് ഓഫിനായി റൺവേയിലൂടെ പോകവേ ലാൻഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുകയായിരുന്നു. കൂട്ടിയിടി ഉറപ്പായ ആ നനിർണായക നിമിഷത്തിൽ ഈ പൈലറ്റ് തന്റെ വിമാനം ജമ്പ് ചെയ്യിപ്പിച്ച് അഞ്ഞുറിനടുത്ത് യാത്രക്കാരുടെ ജീവനുകളെ രക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ഇതിനെ തുടർന്ന് ഈ പൈലറ്റിന് പാരിതോഷികം സമ്മാനിച്ചിരിക്കുന്നത്.

ഇദ്ദേഹം പറത്തിയിരുന്ന എയർബസ് എ 320 ഷാൻഗായ് എയർപോർട്ടിൽ നിന്നും കഴിഞ്ഞ മാസം പറന്നുയരാൻ തുടങ്ങവെയാണ് ഈ അപകടത്തെ മുഖാമുഖം കണ്ടത്.എയർബസ് എ 330 ആയിരുന്നു ഇതുമായി കൂട്ടിയിടിക്കാൻ റൺവേയിലൂടെ വന്നിരുന്നത്. ഇരു വിമാനങ്ങളും വെറും 19 മീറ്റർ അകലത്തെത്തിയപ്പോഴാണ് ഹി ചാവോ തന്റെ വിമാനത്തെ ആക്സിലറേറ്റ് ചെയ്ത് മറ്റേ വിമാനത്തിന് മുകളിലൂടെ ചാടിക്കുന്ന രീതിയിൽ പറത്തി കൂട്ടിയിടി ഒഴിവാക്കിയിരിക്കുന്നത്. ഷാൻഗായ് ഹോംഗ്കിയാവോ ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേ 36 എല്ലിൽ ഒക്ടോബർ 11ന് ഉച്ചയ്ക്ക് 12.04നാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

ഹി ചാവോ പറത്തിയിരുന്ന വിമാനമായ എംയു-5643 എയർ ബസ് എ 320-200 ടേയ്ക്ക് ഓഫ് ചെയ്യാൻ പോകവേ എംയു 5106 എയർബസ് 330-300 മായി റൺവേയിൽ വച്ച് മുഖാമുഖം കാണുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ദി സിവിൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ഓഫ് ചൈന(സിഎഎസി) സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. റൺവേയിയിലൂടെ വേഗത്തിൽ വരുന്ന എ 320 , എ 330നെ മുഖാമുഖം കാണുന്നത് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. ആ സമയത്ത് എ 320 മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലായിരുന്നു പാഞ്ഞ് വന്നിരുന്നത്.തുടർന്ന് തലനാരിഴ വ്യത്യാസത്തിനാണ് ഹീ ചാവോ തന്റെ വിമാനം ജമ്പ് ചെയ്യിച്ച് പറത്തി കൂട്ടിയിടി നാടകീയമായി ഒഴിവാക്കിയിരിക്കുന്നത്.

ഈ സംഭവം ചൈനീസ് മീഡിയക്കിടയിലും ജനങ്ങൾക്കിടയിലും വൻ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. 1977ൽ നടന്ന ടെനെറൈഫ് എയർപോർട്ട് ദുരന്തത്തിന് സമാനമായ അപകടം ഇവിടെയും സംഭവിക്കുമായിരുന്നുവെന്നാണ് പലരും ഓർക്കുന്നത്. അന്ന് അവിടുത്തെ റൺവേയിൽ രണ്ട് ബോയിങ് 747 വിമാനങ്ങൾ കൂട്ടിയിടിച്ച് 583 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.ഇന്നലെ നടന്ന ചടങ്ങിൽ വച്ച് എയർബസ് എ 320ലെ ക്രൂ മെമ്പർമാർക്ക് ആറ് ലക്ഷം യുവാനും സമ്മാനമായി നൽകിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലും കൂടി 413 യാത്രക്കാരും 26 ക്രൂ മെമ്പർമാരുമുണ്ടായിരുന്നുവെന്നാണ് പീപ്പിൾസ് ഡെയിലി റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് വിമാനങ്ങളും ചൈന ഈസ്റ്റേൺ എയർലൈൻസിന്റേതാണ്. ഇതിൽ എ 330 ബീജിംഗിൽ നിന്നും ഷാൻഗായിലേക്ക് എത്തിയതായിരുന്നു. ഇതിൽ266 യാത്രക്കാരായിരുന്നു. എന്നാൽ എ 320 ഷാൻഗായിൽ നിന്നും ടിയാൻജിനിലേക്ക് പോവാനൊരുങ്ങുകയായിരുന്നു. ഇതിൽ 147 പേരായിരുന്നു ഉണ്ടായിരുന്നത്.