കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും പാർവതിയും അടങ്ങിയ താരനിബിഡമായ ക്യാൻവാസ്, ഇറാഖിലെ ഐഎസ് തീവ്രവാദികളുടെ ക്രൂരതകളെ സമാനതകളില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞ കലാസംവിധാന മികവ്, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന പശ്ചാത്തല സംഗീതവും ഛായഗ്രഹണവും, തുടക്കം മുതൽ ഒടുക്കം വരെ ലാഗിംങ് ഇല്ലാത്ത അവതരണ രീതി. ഇതാണ് മഹേഷ് നാരായണൻ എന്ന നവാഗത സംവിധായകന്റെ ടേക്ക് ഓഫിനെക്കുറിച്ച് ആദ്യം വായനക്കാരോട് പറയാനാവുക.

സംവിധായകന്റെ തന്നെ വാക്ക് കടമെടുത്താൽ, 'ഒരു സർവൈവൽ ത്രില്ലർ' എന്ന് ഒറ്റവാക്കിൽ പറയാം. മലയാളിക്ക് വാർത്തകളിലൂടെ മാത്രം പരിചിതമായ ഒരു സംഭവകഥയെ അതിതീവ്രമായ വൈകാരിതയോടെ, ഒട്ടും അതിശയോക്തി തോന്നിപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ ടീം ടേക്ക് ഓഫിന് കഴിഞ്ഞു എന്നത്, മലയാള സിനിമ ഇനി പാഠമാക്കേണ്ടതാണ്. സംവിധായകന്റെ കൃത്യമായ ഗൃഹപാഠമാണ് ഈ സിനിമയെ ഇത്ര റിയലിസ്റ്റിക്ക് ആക്കിയതെന്നാണ്

നിരൂപകന്റെ അഭിപ്രായം.

മറ്റു ഭാഷാ സിനിമകളെ അതേ പടി പകർത്തുന്നതല്ല മലയാള സിനിമയുടെ നിലവാരം ഉയർത്തുന്ന ഘടകം, മറിച്ച് പുതിയ രീതിയിലുള്ള പരീക്ഷണങ്ങളും ആവിഷ്‌കരണത്തിലെ പുതുമകളുമാണ് അതിന് കൂടുതൽ സഹായകമാവുകയെന്ന് മലയാളി ഒരിക്കൽക്കൂടി തെളിയിച്ചുവെന്ന് നിസംശയം പറയാം. രാജേഷ് പിള്ള ബാക്കി വെച്ചു പോയ സ്വപ്നങ്ങൾക്ക് മഹേഷ് നാരായണൻ ചിറക് നൽകി, ടേക്ക് ഓഫ് കൊടുത്തുവെന്ന് മറ്റൊരുതലത്തിൽ പറയാം. 2014 ജൂണിൽ ഇറാഖിലെ തിക്രിതിൽ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിക്കളാക്കിയ പത്തൊൻപത് നഴ്സുമാരെ വിജയകരാമയി ഇന്ത്യയിൽ തിരിച്ചെത്തിച്ച സംഭവത്തെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് പിറവിയെടുക്കുന്നത്.

2016-ൽ പുറത്തിറങ്ങിയ എയർലിഫ്റ്റ് എന്ന അക്ഷയ് കുമാർ ചിത്രം, വലിയൊരു രക്ഷാപ്രവർത്തനം നമുക്കു മുൻപിൽ അവതരിപ്പിച്ചു.. പേർഷ്യൻ ഗൾഫ് യുദ്ധസമയത്ത് 1,7000 ഇന്ത്യക്കാരെ വിജയകരമായി എയർലൈൻ വഴി ഇവാക്വേറ്റ് ചെയ്ത് ഇന്ത്യയിൽ എത്തിച്ച മാത്തുണ്ണി മാത്യൂസ് ( ടൊയോട്ട സണ്ണി), ഹർഭജൻ സിങ് വേദി എന്നിവരായിരുന്നു അന്ന് നായകസ്ഥാനത്ത്..എയർലിഫ്റ്റിൽ ഊറ്റം കൊണ്ട നമ്മൾ മലയാളികൾക്ക് അഭിമാനിക്കാനുള്ള വക നൽകി കൊണ്ടാണ് ടേക്ക് ഓഫ് അവസാനിക്കുന്നത്..

എഡിറ്റിങ് രംഗത്തു നിന്നും തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് പ്രവേശിച്ച മഹേഷ് നാരായൺ പ്രതീക്ഷിച്ചതിന്റെ നൂറ് മടങ്ങ് തന്നെയാണ് തിരിച്ച് നൽകിയത്.. ചലച്ചിത്ര മേഖലയിലെ തന്റെ പരിചയ സമ്പത്ത് പൂർണ്ണമായും മഹേഷ് ഇവിടെ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. സനു ജോൺ വർഗ്ഗീസിന്റെ ഛായാഗ്രഹണം ഇറാഖിനെയും ഇസ്ലാമിക് സ്റ്റേറ്റിനെയും അതിന്റെ ഭീകരതയേയും കൺമുൻപിൽ കൊണ്ടു വന്ന് നിർത്തി തന്നു.. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനും ഗോപീസുന്ദറും ചേർന്നാണ്.. ഷാനിന്റെ ഗാനങ്ങൾ കഥയെ വഴി തെറ്റിക്കാതെ ഇണങ്ങിച്ചേർന്നു നിന്നു. കഥയ്ക്ക് ത്രില്ലർ സ്വഭാവം കൈവന്നപ്പോൾ, അതിന് കൂടുതൽ ഇഫക്ട് നൽകി ഗോപീസുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിനോട് നീതി പുലർത്തി..

ചിത്രത്തിന്റെ സാങ്കേതിക വശത്തെ അതിമനോഹരം എന്ന ഒറ്റ വാക്കിൽ നിർവ്വചിക്കാം. കേരളത്തിലും റാമോജി ഫിലീംസിറ്റിയിലുമായി സെറ്റിട്ടതിന്റെ ഒരു സൂചന പോലും തന്നില്ല കലാസംവിധായകൻ. സ്ഫോടനങ്ങളും യുദ്ധാന്തരീക്ഷവും പാകപ്പിഴകൾ ഒന്നും തന്നെയില്ലാതെ
ഒരുക്കിയിരിക്കുന്നു. ക്ലൈമാക്സിൽ ഇന്ത്യൻ പതാക പാറുന്നത് കാണുമ്പോൾ 'എയർലിഫ്റ്റ്' സമ്മാനിച്ച അതേ രോമാഞ്ചവും നിർവൃതിയും ടേക്ക് ഓഫും പകർന്നു തന്നു. എല്ലാം കൊണ്ടും നിരൂപകന്റെ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്ത്തിപ്പെടുത്തിയ ചിത്രമായിരുന്നു ടേക്ക് ഓഫ്.. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആന്റോ ജോസഫിനെയും ഷെബിൻ ബക്കറിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു.. സിനിമ അവസാനിച്ചിട്ടും ഹിസ്റ്ററി അവതരണം കണ്ട് തിയറ്ററിൽ ഉണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ഐസിസ് ഭീകരരുടെ പ്രവർത്തനങ്ങളാൽ കലാപ കലുഷിതമായ മൊസൂളും മലയാളി നഴ്സുമാരുടേയും അവരുടെ കുടുംബങ്ങളുടേയും ആശങ്കയും ചിത്രം ചർച്ചചെയ്യുന്നു. ഭീകരരുടെ പിടിയിലായ നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരും നടത്തിയ ശ്രമങ്ങൾ എത്രമാത്രമാണെന്ന് ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.

കഥയിലേക്ക് വന്നാൽ...

ആദ്യ നാൽപത്തിയഞ്ച് മിനുട്ടിൽ കേരളവും പിന്നീട് ഒടുക്കം വരെ ഇറാഖിലുമാണ് കഥ പുരോഗമിക്കുന്നത്. മീറയെന്ന 31 വയസുള്ള മുസ്ലിം യുവതിയുടെ ജിവിതത്തിലെ നിസ്സാഹയതുടെയും, കുടുംബ ഭാരത്തിന്റേയും ഇടകലർത്തിയ കഥ വ്യക്തമായി പ്രേക്ഷകരെ ധരിപ്പിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സമീറ ചിത്രത്തിന്റെ ഹൃദയവും മറ്റ് താരങ്ങൾ, ഹൃദയത്തിന് ആവശ്യമായ രക്തം എത്തിക്കുന്ന രക്തക്കുഴലുകളുമാണെന്ന് സാരം. ചുമതലകളുടെ ഭാര കെട്ടുകളിൽ നിന്നും മോചിതയാവാൻ വേണ്ടി ഇല്ലാത്ത ആഗ്രഹം ഉണ്ടാക്കിയെടുത്താണ് സമീറ സദ്ദാംഹുസൈന്റെ നാട്ടിലെ മാലാഖമാർക്കിടയിലേക്ക്(നഴ്സുമ്മാർ) അവൾ പറന്നുയരുന്നത്. താൻ പുനർവിവാഹം ചെയ്ത് ഷഹീദെന്ന(കുഞ്ചാക്കോ ബോബൻ) മെയിൽ നഴ്സും ഇവൾക്കൊപ്പം ചിത്രത്തിന്റെ നാൽപ്പതാം മിനുട്ടിൽ യാത്രയ്ക്ക് കൂട്ടാവുന്നു. പക്ഷേ അവരുടെ പ്രതിക്ഷയ്ക്കു വിപരീതമായി മറ്റു പല സംഭവ വികാസങ്ങളാണ് തിക്രത്തിലെ ആശുപത്രിയിൽ സംഭവിക്കുന്നത്.

ആദ്യ ഭർത്താവായിട്ട് ആസിഫലിയും മൂന്ന് നാല് സീനുകളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയോടടുപ്പിച്ചാണ് ഫഹദ് ഫാസിൽ(മനോജ്) ഇറഖിലെ ഇന്ത്യൻ അംബാസിഡറുടെ വേഷത്തിൽ കഥയ്ക്കൊപ്പം ചേരുന്നത്. തിക്രത്തിലെ ആശുപത്രിയിൽ നിന്ന് മൊസൂളിലേക്ക് എത്തുന്ന ഷഹീദ് ഐഎസ് തീവ്രവാദികളുടെ കയ്യിൽ പെടുന്നതും അവിടെ നിന്ന് നിന്ന് മലയാളിയായ ഐഎസ് പ്രവർത്തകനെ പരിചയപ്പെടുന്നതും സിനിമയെ വാർത്തകളിൽ നാം കണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ് പ്രേക്ഷകനെ എത്തിക്കുന്നത്. ഇന്ത്യൻ
സർക്കാർ നടത്തുന്ന ധീരോജ്ജ്വലമായ രക്ഷാപ്രവർത്തനം ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനേയും ആദ്യപകുതിക്ക് ശേഷം ശരിക്കും ത്രില്ലടിപ്പിക്കും. അതു ചിത്രം കണ്ടുതന്നെ മനസിലാക്കണം. ചിത്രം കണ്ട് ആ ത്രിൽ അനുഭവിച്ചറിയുക..ആരെയും നിരാശപ്പെടുത്തില്ല എന്ന് നിരൂപകൻ കുട്ടി ചേർക്കുന്നു.

കഥാപാത്രങ്ങൾ

പാർവതി: പാർവതി ഒരു മികച്ച അഭിനയത്രി തന്നെയാണ് എന്നു ഒരിക്കൽ കുടി തെളിയിച്ചു. അമ്മയുടെ വേഷവും ഗർഭകാലവും പാർവതി അവിസ്മരണീയമാക്കി. പാർവതിയുടെ കരിയറിലെ മികച്ചചിത്രം തന്നെയാവും ടേക്ക് ഓഫ്. ജൂറി സത്യസന്ധ്യമായി അവർഡ് നിശ്ചയിച്ചാൽ 2017 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് പാർവതിയക്ക് തന്നെ ലഭിക്കും. (ഈ വർഷം ഇതിലും മികച്ച സ്ത്രീ കഥാപാത്രം ഇല്ലെങ്കിൽ)

കുഞ്ചാക്കോ ബോബൻ: വേട്ടയ്ക്ക് ശേഷം മികച്ച ഒരു കഥാപാത്രത്തിലൂടെയെത്തുന്ന ചാക്കോച്ചൻ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഏത് തരം പ്രണയവും തനിക്ക് വഴങ്ങുമെന്ന് ചാക്കോച്ചൻ തെളിയിച്ചു. അപ്രതീക്ഷിതമായ പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബനിൽ (ഷാഹിദ്) നിന്നും ഉണ്ടായത്.. അനിയത്തിപ്രാവ് പുറത്തിറങ്ങിയതിന്റെ ഇരുപതാം വാർഷികത്തിൽ തന്നെ മറ്റൊരു സൂപ്പർ ഹിറ്റുകൂടിയെന്നത് ചാക്കോച്ചന് ഏറെ അഭിമാനിക്കാനുള്ള വകയാണ്.

ഫഹദ് ഫാസിൽ: ചിത്രത്തിലന്റെ ആദ്യപകുതിക്ക് ശേഷം കൈയടക്കിയിരിക്കുന്നത് ഫഹദ് തന്നെയാണ്. വളരെ പക്വതയോടെ ഒട്ടും തന്മയത്വം ചോരാതെയുള്ള അഭിനയം. ഇഗ്ലീഷും ഹിന്ദിയും അറബിയും മലയാളവുമെല്ലാം വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന സ്‌ക്രീൻ പ്രസൻസ്. ഡയലോഗ് പ്രസന്റേഷനിൽ ഉള്ള ഫഹദിന്റെ പ്രാവീണ്യം വേണ്ട രീതിയിൽ തന്നെ മഹേഷ് ഉപയോഗപ്പെടുത്തിയിരിക്കുന്നു. താൻ തിരഞ്ഞെടുക്കുന്ന ഏത് റോളും തന്റെ കൈകളിൽ ഭദ്രമായിരിക്കും എന്ന ഉറപ്പിന് ഫഹദ് ഒന്നു കൂടി ആക്കം കൂട്ടി.. വെറും ഒരു ചിരിയിലൂടെ ഒന്നിലധികം ആശയങ്ങൾ കൈമാറുന്ന ഫഹദ് എന്ന നടനേയോർത്ത് മലയാളികൾക്ക് അഭിമാനിക്കാം.

ആസിഫ് അലി: നല്ല മികച്ച രീതിയിലുള്ള അഭിനയം. മൂന്ന് നാല് രംഗങ്ങളിൽ മാത്രം വന്നു പോയ ആസിഫ് അലിയും നന്നായിരുന്നു..

മറ്റ് താരങ്ങൾ: പോസ്റ്ററിൽ കണ്ട് താരങ്ങളുടെ ഫാൻസിനപ്പുറം, ആർക്കും തന്നെ നിരാശപ്പെടേണ്ട അവസ്ഥ വരില്ലാ എന്നാണ് നിരൂപകന്റെ വിലയിരുത്തൽ. അലൻസിയർ ലെ ലോപ്പസ്, പ്രേം പ്രകാശ്, അഞ്ജലി അനീഷ് ഉപാസന, ദിവ്യ പ്രഭ, ശ്രീജ ദാസ് തുടങ്ങിയ മറ്റു താരങ്ങളും വളരെ ഭംഗിയായി തന്നെ തങ്ങളുടെ ജോലി നിർവ്വഹിച്ചു.

മഹേഷ് നാരായണൻ (സംവിധായൻ): മഹേഷിന്റെ പേര് മലയാളികൾക്ക് സംവിധായകന്റെ വേഷപകർച്ചയിൽ ആദ്യമാണെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളിലേറെയായി എഡിറ്ററുടെ റോളിൽ ഇദ്ദേഹം സജീവമായിരുന്നു. ടേക്ക് ഓഫിന്റെ സംവിധാനം മാത്രമല്ല മഹേഷ് കൈകാര്യം ചെയ്തിരിക്കുന്നത്. സജി കുമാറിന് ഒപ്പം തിരക്കഥയിലും അഭിലാഷ് ബാലചന്ദ്രനൊപ്പം എഡിറ്റിംഗിലും മഹേഷ് ഉണ്ടാരുന്നു. അതുകൊണ്ട് തന്നെ നമ്മുക്ക് ഉറപ്പിക്കാം ഇദേഹം മലയാള സിനിമക്കു ഒരു മുതൽക്കൂട്ടായി മാറിക്കഴിഞ്ഞു. ട്രാഫിക്, വിശ്വരൂപം, മുബൈ പൊലീസ് തുടങ്ങി നിരവധി സിനിമകളുടെ അണിയറയിൽ ചിത്രസംയോജകന്റെ വേഷമണിഞ്ഞിട്ടുണ്ട് മഹേഷ്.

പറയാതെ വയ്യ....

എയർലിഫ്റ്റിന്റെ കോപ്പിയാണ് എന്ന് പറഞ്ഞു കേട്ടതു കൊണ്ട് കാണാതിരിക്കാൻ ഉദ്ധേശിക്കുന്നവരോട്.. ഈ എയർലിഫ്റ്റ് എന്ന ചിത്രത്തെക്കാൾ ഉപരി ടേക്ക് ഓഫ് എന്ന ഈ ചിത്രം നിങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കും... കുടുംബമായോ കൂട്ടുകാർക്കൊപ്പമോ ടിക്കറ്റെടുക്കാം. ഏതൊരു മലയാളി പ്രേക്ഷനും തൃപ്തനാകും