കോഴിക്കോട്: നന്ദികേടിന്റെ മേഖലയായാണ് പൊതുവെ സിനിമ അറിയപ്പെടുന്നത്.എന്നാൽ പൊതുവേ സമത്വത്തിനുവേണ്ടിയും ചൂഷണത്തിനെതിരെയും വാദിക്കുന്ന പുതിയ തലമുറ സിനിമാക്കാരെങ്കിലും ഭേദമാണെന്ന് കരുതിയാൽ തെറ്റി.

സിനിമയിലെ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്ന നടിയാണ് പാർവ്വതി.മമ്മൂട്ടിയുടെ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പാർവതി വിമർശിച്ചതും അതിനു മറുപടിയായി മമ്മൂട്ടി ഫാൻസുകാർ ഉണ്ടാക്കിയ കോലാഹലങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല.ഉയർത്തിയ ടേക്ക് ഓഫ് എന്ന സിനിമയിൽ നഴ്‌സായി വേഷമിട്ട പാർവതി പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടിയും ശബ്ദമുയർത്തിയിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച പാർവ്വതി നായികയായ ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ തിളക്കത്തിലാണിപ്പോൾ. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാർവ്വതിയെയും തേടിയത്തെി.

ഈ തിളക്കങ്ങൾക്കിടയിൽ ഒരു പാവപ്പെട്ട പെണ്ണിന്റെ കണ്ണീരുണ്ട്. നടിമാരുടെ വേദനയെക്കുറിച്ച് സംസാരിക്കുന്ന പാർവ്വതിപോലും പക്ഷെ ആ കണ്ണീർ കണ്ടില്‌ളെന്ന് നടിക്കുന്നു. സ്വന്തം കഥപറയുന്ന ടേക്ക് ഓഫ് എന്ന ചിത്രം അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരാൽ വഞ്ചിക്കപ്പെട്ടതിന്റെ നിരാശയിലാണ് മെറീന. ഇറാഖ് യുദ്ധസമയത്ത് കോട്ടയം സ്വദേശിയായ മെറീനയും 45 മലയാളി നഴ്‌സുമാരും ഒരു തമിഴ് നഴ്‌സും രക്ഷപ്പെട്ട് കേരളത്തിൽ എത്തിയ സംഭവമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമക്ക് പ്രമേയമായത്.

സിനിമ വൻ വിജയമായി തീർന്നിട്ടും ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്ന മെറീനക്ക് യാതൊരു സഹായവും നൽകാൻ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ തയ്യറായില്ല. സിനിമയുടെ ചർച്ച നടക്കുമ്പോഴും ചിത്രീകരണ സമയത്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും മെറീനയെ തേടി സിനിമാ അണിയറപ്രവർത്തകർക്കിടയിൽ നിന്ന് യാതൊരു സഹായവും എത്തിയില്ല. നാട്ടിൽ തിരിച്ചത്തെി മൂന്ന് വർഷമായി ജോലിയില്ലാത്ത മെറീന പള്ളിക്കത്തോടുള്ള ബേക്കറിയിൽ താൽക്കാലിക ജീവനക്കാരിയാണ് ഇപ്പോൾ.
സിനിമയുടെ റിലീസ് സമയത്ത് പ്രമോഷന് വേണ്ടി പല ചാനലുകളിലും സിനിമാ പ്രവർത്തകരോടൊപ്പം മെറീനയേയും കൊണ്ടുപോയിട്ടുണ്ട്. ബേക്കറിയിലെ ജോലി മുടക്കിയായിരുന്നു ഈ യാത്രകളെല്ലാം. എന്നാൽ അപ്പോഴെല്ലാം യാത്രാക്കൂലിയല്ലാതെ മറ്റൊരു സാമ്പത്തിക സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. ആദ്യമൊക്കെ പണം തരാമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്ന് മെറീന മറുനാടൻ മലയാളിയോട് പറഞ്ഞു.

നിങ്ങളെവെച്ച് ഡോക്യമെന്റെറി ചെയ്യന്നു എന്ന് പറഞ്ഞുകൊണ്ടാണ് മഹേഷ് നാരായണൻ മെറീനയെ ബന്ധപ്പെടുന്നത്. പിന്നീട് ഡോക്യുമെന്ററി എന്നത് മാറി സിനിമയാക്കി അണിയറ പ്രവർത്തകർ മാറ്റുകയായിരുന്നു. ഇറാഖ് ആശുപത്രിയിൽ വെച്ച് മെറീനയുടെ ഫോണിൽ പതിഞ്ഞ ചിത്രങ്ങളെല്ലാം മഹേഷ് നാരായണന് നൽകി. ഈ ചിത്രങ്ങളും മെറീനക്കും കുടുംബത്തിനുമൊപ്പം പാർവതി നിൽക്കുന്ന ചിത്രങ്ങളും സിനിമയുടെ അവസാനം കാണിക്കുന്നുമുണ്ട്. സിനിമയുടെ ഓരോ ഘട്ടത്തിലും മെറീനയുടെ സഹായമുണ്ടായിരുന്നു. നടി പാർവതിക്കും വേണ്ട നിർദ്ദശേങ്ങൾ മെറീന നൽകുകയുണ്ടായി. എന്നാൽ കുറെ സമയം നഷ്ടപ്പെട്ടതല്ലാതെ യാതൊരു നേട്ടവും അവർക്കുണ്ടായില്ല. സംവിധാകന്റെ അണിയറപ്രവർത്തകരുടേയും വഞ്ചനയക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള തയ്യറെടുപ്പിലാണ് മെറീനയെന്നാണ് ഇപ്പോൾ അറിയുന്നത്.

സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുകയും സിനിമയിൽ ഉൾപ്പെടെ സ്ത്രീകൾക്കും പുരുഷനും തുല്യത വേണമെന്നും വാദമുയർത്തുന്ന നടി പാർവ്വതി പോലും തന്റെ കാര്യത്തിൽ ഇടപെട്ടില്ല എന്നതാണ് മെറീനയെ വേദനിപ്പിക്കുന്നത്. പാർവ്വതി വീട്ടിലത്തെി മെറീനക്കോപ്പം നിൽക്കുന്ന ഫോട്ടോ പോലും അവരുടെ കൈവശമുണ്ട്. ചങ്കൂറ്റമുള്ള നടി എന്ന നിലയിൽ പാർവ്വതി തന്റെ കാര്യത്തിൽ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടമായി. താനും പാവപ്പെട്ട ഒരു സ്ത്രീയാണെന്നും നിങ്ങൾക്ക് സിനിമയൊരുക്കാൻ വേണ്ടി എല്ലാ സഹായവും നൽകിയ തന്നെ ഇതുപോലെ വഞ്ചിക്കരുതായിരുന്നുവെന്നും മെറീന വേദനയോടെ പാർവ്വതിയോടും സംവിധായകനോടും പറയുന്നു.

ഇറാഖിൽനിന്ന് രക്ഷപ്പെട്ട് നഴ്‌സുമാർ കേരളത്തിൽ എത്തിയതോടെ വ്യവസായികൾ അടങ്ങുന്ന വലിയൊരു വിഭാഗവും ജോലിയടക്കമുള്ളകാര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഇതൊന്നും തങ്ങൾക്ക് കിട്ടിയില്‌ളെന്നും മെറീന പറയുന്നു.