രുമിച്ച് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന മുത്തലാഖ് എന്ന പാകൃതമായ രീതിക്കെതിരെ മുസ്ലിം സ്ത്രീകൾ വർഷങ്ങളായി നടത്തിയ നിയമയുദ്ധം വെറുതെയാകുമോ? മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽകുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസ്സായെങ്കിലും രാജ്യസഭയിൽ കീറാമുട്ടിയായിരിക്കുകയാണ്. ലോക്‌സഭയിൽ ബില്ലിലെ അനുകൂലിച്ച കോൺഗ്രസ് രാജ്യസഭയിൽ വ്യക്തമായ നിലപാട് പുറത്തെടുക്കാതെ തട്ടിക്കളിക്കുന്നതാണ് ഈയൊരു സാഹചര്യത്തിനിടയാക്കിയത്. ലോക്‌സഭയിൽ തള്ളിപ്പോയ ഭേദഗതികൾ അംഗീകരിക്കണമെന്ന വാദമാണ് കോൺഗ്രസ് ഇപ്പോഴുയർത്തുന്നത്.

മുത്തലാഖ് ബില്ലിനെച്ചൊല്ലി രാജ്യസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും ബഹളമയമായത് ഈ ബില്ലിന്റെ ഭാവിയിൽത്തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. മുസ്ലിം സ്ത്രീകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന ശ്രദ്ധേയമായ ചുവടുവെയ്‌പ്പാണിതെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്ക് എതിരഭിപ്രായമില്ല. എന്നാൽ, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്നവസാനിക്കാനിരിക്കെ, ബിൽ പാസ്സാകുന്ന ലക്ഷ്ണമൊന്നും കാണുന്നതുമില്ല. അടുത്ത സമ്മേളനത്തിലേക്ക് തീരുമാനം നീണ്ടുപോയാൽ, ശ്രദ്ധേയമായൊരു നിയമ നിർമ്മാണമാകും കാലഹരണപ്പെടുക.

ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്നതാണ് പ്രതിപക്ഷത്തെ ഭൂരിഭാഗം പാർട്ടികളുടെയും ആവശ്യം. എന്നാൽ, ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച കോൺഗ്രസ്സിൽനിന്ന് പിന്തുണ നേടാൻ സർക്കാർ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അനുരഞ്ജനത്തിനായി നിയമമന്ത്രി രവിശങ്കർ പ്രസാദും പാർലമെന്ററി കാര്യമന്ത്രി വിജയ് ഗോയലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചർച്ച നടത്തിയിരരുന്നു.

എന്നാൽ, മുത്തലാഖ് ചൊല്ലുന്നയാൾക്ക് മൂന്നുവർഷം തടവുശിക്ഷ എന്ന വ്യവസ്ഥയിൽ ഇളവുവരുത്തണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഇളവ് വരുത്തുന്നത് മുത്തലാഖിന്റെ നില ഇപ്പോഴത്തേതുപോലെ തുടരാൻ കാരണമാകുമെന്നാണ് സർക്കാരിന്റെ നിലപാട്. സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിട്ടും ഒട്ടേറെ സംഭവങ്ങൾ ആവർത്തിച്ചത് അതിന് തെളിവാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

ജയിൽശിക്ഷയുടെ കാര്യത്തിൽ കോൺഗ്രസ്സിന്റെ നിലപാട് വ്യത്യസ്തമാണ്. മുത്തലാഖ് ചൊല്ലിയെന്ന പേരിൽ കുടുംബനാഥനെ ജയിലിലടയ്ക്കുന്നത് ആ കുടുംബത്തോട് ചെയ്യുന്ന അനീതിയാകുമെന്നും അവരെ പട്ടിണിയിലേക്ക് തള്ളിയിടുന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നുമാണ് ഗുലാം നബി ആസാദിന്റെ അഭിപ്രായം. കുടുംബനാഥൻ ജയിലിൽ കഴിയുന്ന കാലയളവിൽ ഭാര്യയും കുട്ടികളും യാതൊരു തുണയുമില്ലാതെ കഷ്ടപ്പെടേണ്ടിവരുമെന്നും ഗുലാം നബി പറയുന്നു.

മുത്തലാഖിനെ ജാമ്യമില്ലാ കുറ്റമായി മാറ്റുന്ന നിയമ നിർമ്മാണത്തിനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മൂന്നുവർഷംവരെ ദീർഘിക്കാവുന്ന തടവും പിഴയുമാണ് ഇതിന് ശിക്ഷയായി നിർദ്ദേശിച്ചിട്ടുള്ളത്. മുത്തലാഖ് ചൊല്ലി ഒഴിവാക്കപ്പെടുന്ന സ്ത്രീക്ക് ജീവനാംശം നൽകണമെന്നും ഇവരുടെ കുട്ടികളുടെ കാര്യത്തിൽ മജിസ്‌ട്രേറ്റിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

മുത്തലാഖ് ചൊല്ലിയതിന് ജയിലിലടക്കപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവുകയാണമെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന നിർദ്ദേശമാണ് കോൺഗ്രസിന്റേതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറയുന്നു. ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. പുരുഷൻ ജയിൽ മോചിതനാകുന്നതുവരെ കുടുംബത്തിന്റെ ചുമതല ആര് ഏറ്റെടുക്കുമെന്ന വ്യവസ്ഥ ബില്ലിലുൾപ്പെടുത്തണമെന്ന് വ്യാഴാഴ്ചയും ഗുലാം നബി സഭയിൽ ആവർത്തിച്ചിരുന്നു.