ഉദ്ദംസിങ്‌നഗർ: നീതികിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഹുന്ദുമതത്തിലേക്ക് മാറുകയോ മാത്രമാണ് തനിക്ക് മുന്നിലുള്ള പോം വഴിയെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും അഭ്യർത്ഥിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്.

ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. ബുധനാഴ്‌ച്ച മുതൽ പ്രചരിക്കുന്ന വീഡിയോയിൽ ഷമീം ജഹാൻ എന്ന യുവതിയാണ് വീഡിയോയിലൂടെ പ്രധാനമന്ത്രിയുടെയും സുപ്രീം കോടതിയുടെയും സഹായം തേടുന്നത്.

പൊലീസ് സ്റ്റേഷനിൽ വെച്ച് ഷമീമയുടെ ഭർത്താവ് ആസിഫ് മൊഴിചൊല്ലിയെന്നാണ് ഇവർ പറയുന്നത്. 'സ്വന്തം അനുഭവങ്ങളിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മതം മാറുന്നതാണ് നല്ലതെന്ന് ഞാൻ കരുതുകയാണ്. കാരണം ഹിന്ദുമതത്തിൽ ഇത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല. അതല്ലെങ്കിൽ എന്റെ മുന്നിൽ ആത്മഹത്യ മാത്രമാണ് പോംവഴി', വീഡിയോയിൽ അവർ പറയുന്നു.

12 വർഷം മുമ്പാണ് ഷമീം ആസിഫിനെ വിവാഹം ചെയ്യുന്നത്. 4 വർഷത്തിന് ശേഷം ആസിഫ് ബന്ധം വേർപിരിഞ്ഞു. എന്നാൽ മുതിർന്നവരുടെ ഉപദേശം മാനിച്ച് 40 ദിവസത്തെ ഹലാല കാലാവധി പൂർത്തിയാക്കി ഇരുവരും ഒന്നിച്ചു. എന്നാൽ അതിനുശേഷം താൻ നിരന്തരം പീഡനത്തിനിരയാവുകയായിരുന്നുവെന്ന് ഷമീം പറയുന്നു.

താൻ നേരിടുന്ന ഉപദ്രവങ്ങൾ ചൂണ്ടിക്കാണിച്ച് ഗദർപുർ പൊലീസ് സ്റ്റേഷനിൽ ഷമീം പരാതി നൽകി. എന്നാൽ പൊലീസ് സ്റ്റേഷനിൽ എത്തിയ ആസിഫ് പൊലീസുകാർ നോക്കി നിൽക്കെ തന്നെ തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.