- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദശാബ്ദക്കാലം നീണ്ട അൽ ഖായിദ വേട്ട; യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നത് അഫ്ഗാനിസ്ഥാന്റെ ഭാവി, ജനത തീരുമാനിക്കുമെന്ന് പറഞ്ഞ്; സേന പിന്മാറ്റത്തോടെ ചുവടുറപ്പിച്ച് താലിബാൻ; രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് ഭീകര സംഘടന
കാബൂൾ: രണ്ട് ദശാബ്ദത്തോളം നീണ്ട, അൽ ഖായിദയെ ഉന്മൂലനം ചെയ്യാനുള്ള യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിടുമ്പോൾ ആ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ലോകം. താലിബാൻ അധികാരത്തിലെത്തിയാൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം വീണ്ടും ഇരുളിലാകുമെന്നാണ് സ്വാതന്ത്ര്യം ശ്വസിച്ചു തുടങ്ങിയ അഫ്ഗാൻ ജനത ഭയപ്പെടുന്നത്.
സേനാപിന്മാറ്റത്തിന്റെ ഗതിവേഗം വർദ്ധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന അവകാശവാദവുമായി ഭീകര സംഘടനയായ താലിബാൻ രംഗത്ത് വന്നുകഴിഞ്ഞു. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിന്മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും മേഖല നിയന്ത്രണത്തിലായതെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. സംഘടനയുടെ ഒരു മുതിർന്ന നേതാവ് മോസ്കോയിൽ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അഫ്ഗാനിസ്ഥാന്റെ 421-ൽ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. താലിബാന്റെ പ്രഖ്യാപനം സംബന്ധിച്ച് അഫ്ഗാൻ സർക്കാരിൽനിന്ന് പ്രതികരണവും പുറത്തുവന്നിട്ടില്ല. എന്നാൽ അഫ്ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂർണമായും പിൻവലിക്കുകയാണെന്ന് ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാൻ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നും ഒരു രാഷ്ട്രം നിർമ്മിച്ചു നൽകുന്ന ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഏറ്റെടുക്കുവാൻ കഴിയുകയില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.
2021 ഓഗസ്റ്റ് 31ന് അഫ്ഗാനിലെ അമേരിക്കൻ സൈനികദൗത്യം അവസാനിപ്പിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. അമേരിക്കൻ സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച ഡ്രൈവർമാർ, ദ്വിഭാഷികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് അമേരിക്ക അഭയം നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. അഫ്ഗാൻ നേതാക്കൾ കഴിവുള്ളവരാണെന്നും താലിബാൻ ഭരണത്തിലെത്തുമെന്നു കരുതുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണ് ബൈഡൻ പിൻവലിക്കുന്നത്. താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പോലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള പലായനം ആരംഭിച്ചതായും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ പോലും താലിബാനിൽ ചേർന്ന സംഭവങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അമേരിക്കയുടെ പിന്മാറ്റത്തോടെ ആഗോള ശക്തികൾ താലിബാനുമായുള്ള ആശയവിനിമയം ആരംഭിച്ചിരുന്നു, അതിനനുസരിച്ച് താലിബാന് കീഴിലുള്ള പ്രദേശങ്ങൾ വികസിക്കുകയും ചെയ്തു. ഇതോടൊപ്പം അഫ്ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യങ്ങൾ വഷളാവുകയും ചെയ്തു. ഇതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് ഉന്നതോദ്യോഗസ്ഥരെയും മറ്റു പൗരന്മാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്തതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ കാബുൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും അവിടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
2001 സെപ്റ്റംബർ 11ന് അൽ ഖായിദ ഭീകരർ വിമാനം ഇടിച്ചുകയറ്റി വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നാലെയാണ് അൽ ഖായിദ വേട്ടയ്ക്കായി യുഎസ് നേതൃത്വത്തിൽ നാറ്റോ സഖ്യസേന അഫ്ഗാന്റെ മണ്ണിലെത്തുന്നത്.
2001 ഒക്ടോബർ ഏഴിന് കാബൂൾ, കാണ്ഡഹാർ, ജലാലാബാദ് എന്നിവിടങ്ങളിലെ താലിബാൻ, അൽ ഖായിദ കേന്ദ്രങ്ങൾക്കു നേരേ അതിശക്തമായ ബോംബാക്രമണം അഴിച്ചുവിട്ടായിരുന്നു തുടക്കം. ലാദനെ കൈമാറാൻ താലിബാൻ തയാറാകാതിരുന്നതോടെ താലിബാന്റെ ചെറുവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും സഖ്യസേന തകർത്തു. 2001 നവംബർ 13ന് സഖ്യസേനയുടെ പിന്തുണയോടെ താലിബാൻ വിരുദ്ധ വിമത സഖ്യം കാബൂളിൽ കടന്നു. ഇതോടെ താലിബാൻ സൈന്യം പലായനം ചെയ്തു. തുടർന്നു മറ്റു നഗരങ്ങളും വീണു.
2004 ജനുവരി 26 ന് പുതിയ ഭരണഘടന നിലവിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ വർഷം ഒക്ടോബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും ഡിസംബർ ഏഴിന് ഹമിദ് കർസായി പ്രസിഡന്റായതും. പോപ്പാൽസാലി ദുറാനി ഗോത്രവിഭാഗത്തിന്റെ തലവനായ കർസായി പത്തു വർഷത്തോളം പ്രസിഡന്റായി തുടർന്നു. 2006 മേയിൽ താലിബാൻ ശക്തികേന്ദ്രമായ ഹെൽമന്ദ് പ്രവിശ്യയിൽ ബ്രിട്ടിഷ് സൈന്യത്തെ വിന്യസിച്ചു. പുനർനിർമ്മാണ പ്രക്രിയയെ സഹായിക്കാനെത്തിയ സൈനികർക്കു ശക്തമായ പോരാട്ടം നടത്തേണ്ടിവന്നു. 450 ബ്രിട്ടിഷ് സൈനികരാണ് അഫ്ഗാൻ മണ്ണിൽ മരിച്ചുവീണത്. 2009 ഫെബ്രുവരിയോടെ ഒന്നരലക്ഷത്തോളം യുഎസ് സൈനികരാണ് അഫ്ഗാനിലേക്ക് എത്തിയത്. ജനങ്ങളെ സംരക്ഷിച്ച് ഭീകരരെ കൊന്നൊടുക്കുകയായിരുന്നു ഇവരുടെ ദൗത്യം.
2011 മെയ് രണ്ടിന് അമേരിക്ക ലക്ഷ്യം കണ്ടു. യുഎസ് നേവി സീൽ കമാൻഡോകൾ പാക്കിസ്ഥാനിലെ അബട്ടാബാദിൽ അൽ ഖായിദ നേതാവ് ഒസാമ ബിൻ ലാദനെ വധിച്ചു. ലാദന്റെ ശരീരം കടലിൽ സംസ്കരിക്കുകയായിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ സംഘടന പത്തുവർഷത്തോളം നടത്തിയ വേട്ടയ്ക്കൊടുവിലായിരുന്നു ലാദനെ വകവരുത്തിയത്. 2013 ഏപ്രിൽ 23 ന് താലിബാൻ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമർ മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ഒരാശുപത്രിയിലാണ് ഒമർ മരിച്ചതെന്നാണ് അഫ്ഗാൻ ഇന്റലിജൻസ് റിപ്പോർട്ട്.
രണ്ടു ദശാബ്ദത്തോളം നീണ്ട അൽ ഖായിദ വേട്ട പൂർത്തിയാക്കി കഴിഞ്ഞയാഴ്ച ആരെയുമറിയിക്കാതെ, ആരോടും പറയാതെ രാത്രിയുടെ മറവിലാണ് യുഎസ് സൈന്യം അഫ്ഗാനിലെ ഏറ്റവും വലിയ താവളമായ ബഗ്രാം വ്യോമകേന്ദ്രം ഉപേക്ഷിച്ചു മടങ്ങിയത്. അഫ്ഗാൻ സൈന്യം പോലും പിന്നീടാണു വിവരം അറിഞ്ഞത്. അയ്യായിരത്തോളം താലിബാൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലും താവളത്തിലുണ്ടായിരുന്നു.
ആയിരക്കണക്കിനു കുപ്പികളിൽ വെള്ളം, എനർജി ഡ്രിങ്കുകൾ, സൈനികർക്കായി തയാറാക്കിയ ഭക്ഷണം, നിരവധി സൈനിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ എന്നിവയെല്ലാം ഉപേക്ഷിച്ചായിരുന്നു യുഎസ് സൈന്യത്തിന്റെ മടക്കം. കുറച്ചു ചെറിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും മാത്രം അഫ്ഗാൻ സൈന്യത്തിനായി നീക്കിവച്ച് ബാക്കി പ്രധാനപ്പെട്ട ആയുധങ്ങളെല്ലാം സൈന്യം കൊണ്ടുപോയി. യുഎസ് സൈന്യം പിൻവാങ്ങി 20 മിനിറ്റിനുള്ളിൽ വ്യോമകേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പൂർണമായും ഇരുട്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെ നാട്ടുകാർ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം എടുത്തുകൊണ്ടുപോയെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇനി അഫ്ഗാൻ സൈന്യത്തിനുള്ള വ്യോമപിന്തുണയും ഓവർഹെഡ് നിരീക്ഷണവും രാജ്യത്തിനു പുറത്തുനിന്നോ ഖത്തറിലെയോ യുഎഇയിലേയോ താവളങ്ങളിൽനിന്നോ അറബിക്കടലിലുള്ള പടക്കപ്പലുകളിൽനിന്നോ ആവും അമേരിക്ക നൽകുക. കാബൂളിലെ യുഎസ് എംബസി സംരക്ഷിക്കാൻ 650 സൈനികർ മാത്രമാകും അഫ്ഗാനിൽ തുടരുകയെന്നാണു റിപ്പോർട്ട്.
ഇരുപതു വർഷത്തെ പോരാട്ടത്തിൽ 2,300 അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇരുപതിനായിരത്തിലധികം പേർക്ക് പരുക്കേറ്റു. അരലക്ഷത്തിനടുത്തു സാധാരണക്കാരും കൊല്ലപ്പെട്ടു. അമേരിക്ക യുദ്ധത്തിനായി രണ്ടു ലക്ഷം കോടി ഡോളർ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ വൻതുക ചെലവിട്ട് മറ്റൊരു രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടോ എന്ന, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടു തന്നെ പുതിയ പ്രസിഡന്റ് ജോ ബൈഡനും സ്വീകരിച്ചതോടെയാണ് ഉപാധികളില്ലാത്ത സൈനികപിന്മാറ്റം ത്വരിതഗതിയിലായത്.
അമേരിക്ക പടിയിറങ്ങുന്ന ഓരോ ഇഞ്ചിലേക്കും താലിബാൻ സൈന്യം കടന്നുകയറുന്ന സാഹചര്യത്തിലാണ് അഫ്ഗാന്റെ ഭാവി സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാകുന്നത്. അഫ്ഗാൻ വീണ്ടും താലിബാൻ ഭരണത്തിൻ കീഴിലാകുമെന്നാണു കരുതപ്പെടുന്നത്. നിലവിൽ സ്വാതന്ത്ര്യം ശ്വസിച്ചു തുടങ്ങിയ അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം വീണ്ടും ഇരുട്ടിലാകും. താലിബാൻ ഭരണത്തിലെത്തിയാൽ മുൻപത്തെപ്പോലെ ജോലി ചെയ്യാനോ പഠിക്കാനോ കഴിയാത്ത സ്ഥിതിയാവും സ്ത്രീകൾക്ക്.
ന്യൂസ് ഡെസ്ക്