കാബൂൾ: ശത്രുക്കളുടെ വെടിവയ്പിൽ അഫ്ഗാനിസ്ഥാൻ ഉപ പ്രധാനമന്ത്രിയായ മുല്ല അബ്ദുൽ ഗനി ബറാദർ കൊല്ലപ്പെട്ടെന്ന അഭ്യൂഹം നിലനിൽക്കെ, വാർത്ത വ്യാജമെന്ന് താലിബാൻ. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളർപ്പുള്ളതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതെല്ലാം നുണകളാണെന്നു താലിബാൻ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. തെക്കൻ നഗരമായ കാണ്ഡഹാറിൽ നടന്ന യോഗങ്ങളിൽ ബറാദർ പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടു.

മുല്ലാ ബാറാദാർ കൊല്ലപ്പെട്ടില്ലെന്ന് താലിബാൻ വക്താവ് വിശദീകരിച്ചു. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാൻ പുറത്തുവിട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാൻ വക്താവ് സുലൈൽ ഷഹീൻ ട്വിറ്ററിൽ പറഞ്ഞു. പിന്നാലെയാണ് മുല്ലാ ബറാദാർ കാണ്ഡഹാറിൽ യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

 

പാക്കിസ്ഥാന്റെ അതിർത്തിയോടു ചേർന്ന ഹഖാനി നെറ്റ്‌വർക്കിന്റെ തലവനായ സിറാജുദ്ദീൻ ഹഖാനിയുമായി ബറാദറിന്റെ അനുയായികൾ ഏറ്റുമുട്ടിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. യുഎസുമായി ഒത്തുതീർപ്പിലെത്താനുള്ള നയതന്ത്ര ശ്രമങ്ങൾക്കു നേതൃത്വം വഹിച്ചത് ഹഖാനിയെപോലുള്ള സൈനിക കമാൻഡർമാരും ബറാദറിനെപോലുള്ള നേതാക്കളുമായിരുന്നു. സംഘടനയ്ക്കകത്ത് ആഭ്യന്തര വിഭജനമില്ലെന്ന് താലിബാൻ ആവർത്തിച്ചു.

താലിബാൻ സർക്കാരിന്റെ തലവനായാണ് ബറാദറിനെ തുടക്കത്തിൽ കണ്ടിരുന്നത്. എന്നാൽ കുറച്ചുകാലമായി പൊതുവേദികളിൽ ബറാദർ എത്തിയിരുന്നില്ല. ഞായറാഴ്ച കാബൂളിൽ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയെ കണ്ട മന്ത്രി സംഘത്തിലും ബറാദർ ഉണ്ടായിരുന്നില്ല. അതേസമയം, താലിബാന്റെ പരമോന്നത നേതാവായ മുല്ല ഹൈബത്തുല്ല അഖുൻസാദയെയും പൊതുവേദികളിൽ കാണാറില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം താലിബാൻ പരസ്യപ്രസ്താവന നടത്തുമ്പോഴും മുല്ലയുടെ സാന്നിധ്യം ഇല്ലായിരുന്നു.

എന്നാൽ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല. ഹഖാനി നെറ്റ്‌വർക്ക് തലവൻ സിറാജുദ്ദീൻ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനിൽ ഹഖാനി ഗ്രൂപ്പും ബറാദാർ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. താലിബാൻ സർക്കാറിന്റെ തലവൻ മുല്ലാ ബറാദാർ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായാണ് നിയമിച്ചത്.