ന്യൂഡൽഹി: ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെ എങ്ങനെയാണ് കാബൂളിൽ നിന്ന് സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കാൻ കഴിഞ്ഞത്? വളരെ ബുദ്ധിമുട്ടേറിയതും, സങ്കീർണവുമായിരുന്നു ഒഴിപ്പിക്കലെന്ന് വിദേശ കാര്യമന്ത്രാലയം തന്നെ വ്യക്തമാക്കി. വിശദാംശങ്ങൾ മന്ത്രാലയം അറിയിച്ചില്ലെങ്കിലും, എന്താണ് നടന്നത് എന്നത് ഏകദേശം പുറത്തുവന്നുകഴിഞ്ഞു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ 36 മണിക്കൂറിലേറെയാണ് താലിബാൻ ബന്ദികളാക്കി വച്ചത്. വിദേശ ഏജൻസികളുടെ ഇടപടലിന്റെ ഫലമായാണ് ഒടുവിൽ ഉദ്യോഗസ്ഥർക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്ര, താലിബാൻ തന്നെ ഒരുക്കിയത്. എല്ലാവരെയും ഒരുമിച്ച് ഒഴിപ്പിക്കാൻ ആയിരുന്നു ആദ്യ പ്ലാൻ. ഓഗസ്റ്റ് 16, തിങ്കളാഴ്ച 45 ഇന്ത്യാക്കാർ അടങ്ങുന്ന വാഹനവ്യൂഹം വിമാനത്താവളത്തിൽ എത്തി. എന്നാൽ, രണ്ട് വാഹന വ്യൂഹങ്ങൾ മടങ്ങി പോകാൻ താലിബാൻ ഉത്തരവിട്ടതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു, ഒരുമുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

രണ്ടാമത്തെ വാഹന വ്യൂഹത്തിൽ 80 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഇവരോടാണ് മടങ്ങി പോകാൻ ആവശ്യപ്പെട്ടത്. ഇന്ത്യാക്കാർക്ക് നേരേ മാത്രമാണ് കർഫ്യു പ്രയോഗിച്ചത്. മറ്റു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോട് ഈ ചിറ്റമ്മ നയം താലിബാൻ കാട്ടിയതുമില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒഴിപ്പിക്കൽ എങ്ങനെ നടപ്പാക്കുമെന്ന് റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ വിദേശ ഏജൻസികളുമായി കേന്ദ്ര സർക്കാർ പിൻവാതിൽ മാർഗ്ഗങ്ങൾ ആലോചിച്ചിരുന്നു. അങ്ങനെ വിദേശ ഏജൻസികൾ അനുനയിപ്പിച്ചതോടെയാണ് താലിബാൻ ഇന്ത്യക്കാരെ വിട്ടയക്കാമെന്ന് സമ്മതിച്ചത്.

ഇതോടെ, വിമാനത്താവളം വരെ അംബാസഡർ അടങ്ങുന്ന സംഘത്തെ താലിബാൻ അനുഗമിച്ചു. വിമാനത്താവളത്തിൽ എത്തിയപ്പോൾ അമേരിക്കയുടെ അടക്കം ഏജൻസികളുടെ സഹായത്തോടെ, വിമാനം പറത്താൻ കഴിഞ്ഞു. കാബൂൾ വിമാനത്താവളം ഇപ്പോൾ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ്. ഏയർ ട്രാഫിക് കൺട്രോളും യുഎസിന്റെ നിയന്ത്രണത്തിലാണ്.

ആദ്യത്തെ സി-17 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത് 45 പേരുമായി തിങ്കളാഴ്ച രാത്രിയാണ്. രണ്ടാമത്തെ ഫ്‌ളൈറ്റ് ഹിൻഡണിൽ ഇന്ന് ഉച്ചതിരിഞ്ഞും. കൂടുതലും മിഷനിലെ ജീവനക്കാരും, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് അംഗങ്ങളും ആയിരുന്നു. ഐടിബിപി അംഗങ്ങളെയും മിഷൻ ഉദ്യോഗസ്ഥരെയും മടക്കി കൊണ്ടുവരാൻ ആയെങ്കിലും, ഇന്ത്യയുടെ നിരവധി കവചിത വാഹനങ്ങളും മറ്റും കാബൂൾ എയർപോർട്ടിലുണ്ട്. അതെങ്ങനെ തിരിച്ച് എത്തിക്കും എന്നതാണ് ആലോചന.

പ്രധാനമന്ത്രി ഇന്ന് സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി യോഗം വിളിച്ചു ചേർത്ത് അഫ്ഗാൻ വിഷയം ചർച്ച ചെയ്തു. എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷിതമായ മടക്കത്തിന് പ്രതിജ്ഞാബദ്ധമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വാണിജ്യ യാത്രകൾക്കായി കാബൂൾ വിമാനത്താവളം തുറക്കുമ്പോൾ കൂടുതൽ പേരെ കൊണ്ടുവരാൻ കഴിയും. ചാർട്ടേഡ് 

ഗനിയേക്കാൾ ഭേദം താലിബാനെന്ന് റഷ്യ

താലിബാനു കീഴിൽ കാബൂളിന്റെ സ്ഥിതി അഷ്റഫ് ഗനി സർക്കാരിന്റെ കാലത്തേതിനേക്കാൾ മെച്ചമെന്ന് റഷ്യ. അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനുമായി റഷ്യ നയതന്ത്ര ബന്ധം തുടങ്ങുമെന്ന സൂചനകൾക്കിടെയാണ്, അഫ്ഗാനിലെ റഷ്യൻ അംബാസഡറുടെ പ്രസ്താവന.

കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ആദ്യ ദിനത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്ന് അംബാസഡർ ദിമിത്രി സിർനോവ് പറഞ്ഞു. മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാൻ അവർക്കായി. ഇപ്പോൾ കാര്യങ്ങൾ അഷ്റഫ് ഗനിയുടെ കാലത്തേതിനേക്കാൾ മെച്ചമാണ്- സിർനോവ് പറഞ്ഞു.

ആയുധമില്ലാതെയാണ് താലിബാൻ കാബൂളിൽ പ്രവേശിച്ചതെന്ന് അംബാസഡർ പറഞ്ഞു. വിദേശ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അവർ ഉറപ്പുനൽകുകയും ചെയ്തതായി സിർനോവ് കൂട്ടിച്ചേർത്തു.

കവർച്ചയും കൊള്ളയും അതുപോലുള്ള സംഭവങ്ങളും കണ്ടാൽ റിപ്പോർട്ട് ചെയ്യുന്നതിന് രാവിലെ തന്നെ താലിബാൻ ജനങ്ങൾക്കായി ഹോട്ട്ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയിരുന്നു. എന്ത് അനിഷ്ട സംഭവം കണ്ടാലും നേരിട്ടു പരാതി പറയാം. അവർ ഉടൻ എത്തി പ്രശ്നപരിഹാരം ഉണ്ടാക്കും എന്നായിരുന്നു വാഗ്ദാനം- സിർനേവ് പറഞ്ഞു. താലിബാന്റെ നിയന്ത്രണത്തിൽ ആയതിനു ശേഷം കാബൂൾ ശാന്തമാണെന്നും സിർനേവ് പറഞ്ഞു.