- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാൻ ഭീകരതക്ക് ഒരു രാജ്യം മുഴുവൻ ലഭിച്ചതോടെ ഒപിയം കൃഷി വ്യാപിക്കും; അങ്ങോളമിങ്ങോളം ഹെറോയിൽ വാറ്റു ഫാക്ടറികൾ എത്തും; അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചോടെ ലഹരി ഇടപാടിലൂടെ പണമുണ്ടാക്കാൻ താലിബാൻ; ഇന്ത്യയിലേക്കും ലഹരി ഒഴുകും; മെക്സിക്കൻ ഡ്രഗ് കാർട്ടലുകളെയും കടത്തിവെട്ടാൻ താലിബാൻ
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും ശക്തമായ ഡ്രഗ് കാർട്ടൽ മെക്സിക്കൻ ഡ്രഗ് കാർട്ടലാണ്. ഇവരോട് കിടപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിലെ താലബാൻ. തീവ്രവാദ സംഘടനയായിരിക്കവേ വരുമാനമുണ്ടാക്കാനുള്ള അവരുടെ മാർഗ്ഗമായിരുന്നു ലഹരിമുരുന്നു വിപണി. അന്ന് അഫ്ഗാനിൽ അവർ ഭരിച്ചിരുന്ന കേന്ദ്രങ്ങളിലായിരുന്നു ലഹരി മരുന്നു ഉൽപ്പാദനം നടന്നത്. എന്നാൽ, ഇന്ന് ഒരു രാജ്യം മുഴുവൻ അവർക്കുണ്ട്. അതുകൊണ്ടു തന്നെ താലിബാൻ ലഹരിമരുന്നു വിപണിയിൽ അതികായനാകാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാൻ തന്നെയാണ് താലിബാന്റെ തീരുമാനം.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയിലേക്ക് ലഹരിവസ്തുക്കൾ വ്യാപകമായി കയറ്റുമതി ചെയ്യാൻ രാജ്യാന്തര ലഹരി മാഫിയ തലവന്മാരുടെ ശ്രമമെന്നു സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പും പുറത്തുവന്നു. ഗുജറാത്ത് തീരപ്രദേശത്തുനിന്നു കഴിഞ്ഞ ദിവസം വൻ തോതിൽ ഹെറോയിൻ പിടികൂടിയതു സംശയത്തിനു കൂടുതൽ ആധികാരിത നൽകുന്നെന്നു സുരക്ഷാ ഏജൻസി ഓഫിസർമാർ പറഞ്ഞതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന ഹെറോയിൻ ഇന്ത്യയിലേക്കു കടത്താൻ ആസൂത്രിതമായി നീക്കങ്ങൾ നടക്കുന്നുണ്ടെന്നു നാർകോടിക്സ് കൺട്രോൾ ബ്യൂറോ, റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് എന്നീ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലൂടെ കടൽമാർഗം ഇന്ത്യയിൽ ലഹരി വസ്തുക്കൾ എത്തിക്കാനാണു മാഫിയ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
തങ്ങളുടെ പക്കലുള്ള ലഹരിവസ്തുക്കളുടെ ശേഖരം താലിബാൻ പിടിച്ചെടുക്കുമെന്നും അങ്ങനെയെങ്കിൽ ലഹരി വസ്തുക്കളും ഒപ്പം ജീവനും നഷ്ടമാകുമെന്നും മാഫിയ തലവന്മാർ ഭയക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ ലഹരി വസ്തുക്കളുടെ ശേഖരം ഇന്ത്യയിലേക്കു മാറ്റാനാണ് അവർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. '3000 കിലോഗ്രം ഹെറോയിനാണു മുന്ദ്ര തുറമുഖത്തുനിന്നു പിടികൂടിയത്, അന്വേഷണം പുരോഗമിക്കുകയാണെ്,' സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.
'അഫ്ഗാനിസ്ഥാനിൽനിന്നു കള്ളക്കടത്തിലൂടെയാണു ഹെറോയിൻ ഇന്ത്യയിൽ എത്തിച്ചത്. കറുപ്പിന്റെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് അഫ്ഗാനിസ്ഥാൻ. കറുപ്പിൽനിന്നു ഹെറോയിൻ ഉൽപാദിപ്പിക്കാവുന്ന ഒട്ടേറെ ലാബുകൾ അഫ്ഗാനിസ്ഥാനിലുണ്ട്.' അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയിൽപ്പെട്ടവർ ഇത്രയധികം ലഹരി വസ്തുക്കൾ ഒരിക്കലും ഒന്നിച്ചു കയറ്റി അയയ്ക്കില്ല. താലിബാൻ ഇവ പിടിച്ചെടുക്കുമെന്ന ആശങ്ക കാരണമാകാം ഇതു സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു
അഫ്ഗാനിസ്ഥാനിലെ കറുപ്പു കൃഷിയുടെ വിളവെടുപ്പു 2019ൽ 12,000 ആളുകൾക്കു തൊഴിൽ നൽകിയെന്നാണു യുഎൻ പറയുന്നത്. താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനത്തിലധികം തുക ലഹരിവസ്തു ഇടപാടുകളിൽനിന്നു ലഭിക്കുന്നതാണെന്നാണു വിശ്വസിക്കപ്പെടുന്നത്. പുതിയ ഭരണത്തിൽ, തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാൻ പുറമേ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഹെറോയിൻ ശേഖരം താലിബാൻ പിടിച്ചെടുക്കുമെന്നാണ് മയക്കമരുന്ന് മാഫിയ ആശങ്കപ്പെടുന്നത്.
ധനനഷ്ടത്തിന് പുറമേ പിടിയിലായാൽ തങ്ങളെ താലിബാൻ തൂക്കിക്കൊല്ലുമെന്നും അവർക്ക് ഭയമുണ്ട്. ഇതൊക്കെയാണ് അതിവേഗം ഇന്ത്യയിലേക്ക് ചരക്ക് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ കറുപ്പ് ഹെറോയിൻ ആക്കാനുള്ള ലാബുകൾ ഉണ്ട്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പറയുന്നു.
ആന്ധ്രയിലെ വിജയവാഡ കേന്ദ്രമാക്കിയ ഒരു തട്ടിപ്പ് കമ്പനിയാണ് 20,900 കോടിയുടെ അഫ്ഗാൻ ഹെറോയിൻ എത്തിക്കാൻ മറയാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളിൽ ടാൽകം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്.
താലിബാന്റെ മുഖ്യവരുമാനമാർഗ്ഗം
അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കും എന്ന് താലിബാൻ അവകാശപ്പെടുമ്പോഴും, അവരുടെ മുഖ്യവരുമാനമാർഗ്ഗമാണ് കറുപ്പിന്റെ ഉത്പാദനം. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നിൽക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. ഇതിൽനിന്ന് ഹെറോയിൻ ഉണ്ടാക്കുന്നു.
ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തിയിരുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.
മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.
സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്.
മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ മുമ്പ് റിപ്പോർട്ട്ചെയ്തത്.
മറുനാടന് ഡെസ്ക്