- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി സർക്കാർ പറയുന്നത് മാത്രം എഴുതിയാൽ മതി; അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കം; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ 11 നിയമങ്ങളുമായി താലിബാൻ; ചാനലുകളിൽ സർക്കാർ അനുകൂല പരിപാടികളുടെ ഘോഷയാത്ര; ശിക്ഷ വിധിക്കുന്നതിലും കാടത്തം; മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കി ക്രൂരത; മാറാൻ തങ്ങൾക്ക് മനസ്സില്ലെന്ന് ഉറപ്പിച്ച് ഭരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കവുമായി താലിബാൻ ഭരണകൂടം. വാർത്താ സ്ഥാപനങ്ങൾക്കെതിരെ '11 നിയമങ്ങൾ' താലിബാൻ അവതരിപ്പിച്ചു. സർക്കാരിന്റെ മാധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർത്തകൾ എഴുതാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
ഇസ്ലാമിനെക്കുറിച്ച് പരാമർശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാണു നീക്കം. അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം രൂപീകരിച്ച പുതിയ സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതു മുതൽ സ്വകാര്യ ടിവി ചാനലുകളിൽ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റം വന്നിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, വിനോദം, സംഗീത പരിപാടികൾ എന്നിവയ്ക്കു പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്.
കാബൂളിലെ അഫ്ഗാനിസ്ഥാൻ ഗവൺമെന്റ് ഇൻഫർമേഷൻ മീഡിയ സെന്റർ ഡയറക്ടർ ദാവ ഖാൻ മേനാപാൽ ഓഗസ്റ്റ് ആദ്യവാരം കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങൾക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാധ്യമപ്രവർത്തകൻ തൂഫാൻ ഒമറിനെ താലിബാൻ പോരാളികൾ കൊലപ്പെടുത്തി.
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്കു മാറാനും നിർബന്ധിതരായിരുന്നു. മാധ്യമപ്രവർത്തകർ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിർന്ന അംഗം സ്റ്റീവൻ ബട്ട്‌ലർ പറഞ്ഞു. അഫ്ഗാൻ മാധ്യമപ്രവർത്തകരിൽനിന്ന് സഹായം അഭ്യർത്ഥിച്ചു നൂറുകണക്കിന് ഇമെയിലുകൾ സംഘടനയ്ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മാധ്യമ പ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതി (സിപിജെ) താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം കുറ്റവാളികൾ എന്ന് മുദ്രകുത്തി അഫ്ഗാൻ ജനതയെ കടുത്ത ശിക്ഷകൾക്കാണ് താലിബാൻ ഭരണകൂടം വിധേയമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ മൃതദേഹം കെട്ടിത്തൂക്കി ആളുകളെ ഭയപ്പെടുത്തുന്ന കാടത്തവുമായി താലിബാ ഭീകരർ വീണ്ടും രംഗത്തെത്തി. പടിഞ്ഞാറെ അഫ്ഗാനിസ്താനിലെ ഹെറാത് സിറ്റിയിൽ ആണ് ക്രെയിനിൽ മൃതദേഹം കെട്ടിത്തൂക്കിയത് .ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ക്രൂരമായ ഈ സംഭവം റിേേപ്പാർട്ട് ചെയ്തത്.
നാല് മൃതദേഹങ്ങളാണ് നഗരത്തിലേക്ക് കൊണ്ടുവന്നത്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോയി. ഒരു മൃതദേഹം നഗര മധ്യത്തിൽ ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ടാണ് നാലുപേരെയും താലിബാൻ ഭരണകൂടം കൊലചെയ്തത്. താലിബാൻ ഭരണകൂടം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
1996 ൽ അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത താലിബാൻ ഭരണത്തിന്റെ ക്രൂരതകള് ലോകമെമ്പാടും കുപ്രസിദ്ധമായിരുന്നു. താലിബാനിൽ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ പോലും തൂക്കിലേറ്റുകയും കല്ലെറിയുകയും തലവെട്ടുകയും ചെയ്യുന്നത് വലിയ കാര്യമല്ല. അഫ്ഗാനിൽ ആളുകളെ കൈവെട്ടുന്ന പ്രാകൃത ശിക്ഷാ രീതി വീണ്ടും കൊണ്ടുവരുമെന്ന് ജയിൽ മന്ത്രി മുല്ലാ നൂറുദ്ദീൻ തുറാബി മാധ്യമങ്ങളോട് പറഞ്ഞത്. ഇസ്ലാമിക നിയമങ്ങളനുസരിച്ചുള്ള ശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കുക.
എന്നാൽ പൊതു സ്ഥലത്ത് വെച്ച് ആളുകളെ തൂക്കിക്കൊല്ലുന്ന രീതി ആവർത്തിക്കില്ലെന്ന് തുറാബി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ശിക്ഷാ രീതികളെ ലോക രാജ്യങ്ങൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും തുറാബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേ സമയം പൊതുസ്ഥലത്ത് തൂക്കിക്കൊല്ലലുണ്ടാകില്ലെന്നാണ് മുല്ലാ തുറാബി ഒരു ദിവസം മുൻപ് പറഞ്ഞത്. നേരത്ത കുറ്റക്കാരെന്ന് വിധിക്കുന്നവരെ സ്റ്റേഡിയത്തിലോ തെരുവുകളിലോ തൂക്കി കൊല്ലുകയും മൃതദേഹം കവലകളിൽ തൂക്കുകയും ചെയ്തിരുന്നു. ഇത്തവണ സ്റ്റേഡിയത്തിൽ തൂക്കിക്കൊല്ലൽ ഉണ്ടാകില്ലെന്നാണ് തുറാബിയുടെ പ്രസ്താവന.
മന്ത്രിയുടെ പൊതു പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് കാടത്തമായ കൊലപാതക രീതികൾ താലിബാൻ ആവർത്തിക്കുന്നത്. താലിബാൻ പ്രഖ്യാപിച്ച താത്കാലികമന്ത്രിസഭയിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീൻ തുറാബി.